വർഷങ്ങളായുള്ള ബന്ധം, കാമുകിക്കൊപ്പം സൽമാൻ ഖാൻ; വിവാഹം എന്തുകൊണ്ടില്ലെന്ന് ആരാധകർ
ബോളിവുഡിൽ അന്നും ഇന്നും ബാഡ് ബോയ് ഇമേജാണ് നടൻ സൽമാൻ ഖാന്. ബി ടൗണിലെ പ്രബലനായ സൽമാൻ ഒട്ടനവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ആരാധകരോളം ഹേറ്റേഴ്സും നടനുണ്ട്. മുൻ കാമുകിമാർ സൽമാനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ചെറുതല്ല. സൽമാനിൽ നിന്നുണ്ടായ ഉപദ്രവത്തെക്കുറിച്ച് ഐശ്വര്യ റായ്, സൊമി അലി തുടങ്ങിയവരെല്ലാം സംസാരിച്ചിട്ടുണ്ട്. 59 കാരനായ സൽമാൻ ഖാൻ ഇന്നും അവിവാഹിതനാണ്. തന്റെ വിവാഹ പ്രായം കഴിഞ്ഞെന്ന് ഒരിക്കൽ നടൻ പറയുകയുണ്ടായി.
ബന്ധം മുന്നോട്ട് പോകില്ല എന്നുറപ്പുള്ളത് കൊണ്ടാണ് സൽമാൻ വിവാഹ ജീവിതത്തിലേക്ക് കടക്കാത്തതെന്നാണ് ബോളിവുഡിലെ സംസാരം. ടോക്സിക് സ്വഭാവമെന്ന ആരോപണം ഇതിന് പ്രധാന കാരണമാണ്. അതേസമയം പങ്കാളിയെക്കുറിച്ച് വളരെ യാഥാസ്ഥിതികമായ കാഴ്ചപാടുകളാണ് സൽമാനുള്ളത്. തന്റെ കുടുംബത്തെ നോക്കുന്നയാളായിരിക്കണം പങ്കാളി എന്നാണ് സൽമാൻ ആഗ്രഹിക്കുന്നത്. ഇതേക്കുറിച്ച് നേരത്തെ സൽമാന്റെ പിതാവ് സലിം ഖാൻ സംസാരിച്ചിട്ടുണ്ട്.

അതേസമയം വിവാഹമില്ലെങ്കിലും സൽമാന്റെ ജീവിതത്തിൽ പ്രണയമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം റൊമാനിയക്കാരിയായ ഇ്യൂലിയ വന്റൂറുമായി പ്രണയത്തിലാണ് സൽമാൻ ഖാൻ. ഗായികയും ടെലിവിഷൻ ഹോസ്റ്റുമായ ഇ്യൂലിയ കഴിഞ്ഞ ദിവസം സൽമാനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തന്റെ പിതാവിന്റെ ജന്മ ദിനത്തിന് സൽമാനെത്തിയപ്പോഴുള്ള ഫോട്ടോകളാണ് ഇ്യൂലിയ പങ്കുവെച്ചത്.
ലൂലിയക്കും പിതാവിനുമൊപ്പം നിൽക്കുന്ന സൽമാനെയാണ് ഫോട്ടോയിൽ കാണുന്നത്. സൽമാനും ഇ്യൂലിയയയും പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. നിരവധി ഇവന്റുകളിൽ ഇവരെ ഒരുമിച്ച് കണ്ടിട്ടുണ്ട്. സൽമാനോ ഇ്യൂലിയയോ ഗോസിപ്പുകൾ ഇതുവരെ നിഷേധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സൽമാൻ ദുബായിൽ പങ്കെടുത്ത ദ-ബാംഗ് റി ലോഡഡ് 2024 എന്ന ഷോയിൽ സൽമാനൊപ്പം ഇ്യൂലിയ എത്തിയിരുന്നു.
ലൂലിയ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകൾ വരുന്നുണ്ട്. പ്രണയത്തിലാണെന്ന് തുറന്ന് പറയാത്തതെന്താണ്, എന്താണ് വിവാഹം ചെയ്യാത്തത് എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ. സൽമാന്റെ കുടുംബത്തെയും ഇ്യൂലിയക്ക് അടുത്തറിയാം. നിലവിൽ ബിഗ് ബോസ് 18ാം സീസണിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സൽമാൻ ഖാൻ. കിസി കാ ഭായ് കിസി കാ ജാൻ, ടെെഗർ ത്രീ എന്നിവയാണ് സൽമാന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.


Click it and Unblock the Notifications