'ആരാണീ ആലിയ? സമാന്തയുടെ റേഞ്ച് എന്താണെന്ന് അറിയുമോ?'; കരണിന്റെ ചോദ്യത്തിനെതിരെ ആരാധകർ
ബോളിവുഡിലെ ഹിറ്റ് ടോക് ഷോയായ കോഫി വിത്ത് കരണിന്റെ പുതിയ സീസൺ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അക്ഷയ് കുമാറും സമാന്തയും ഒരുമിച്ചെത്തിയ മൂന്നാമത്തെ എപ്പിസോഡാണ് ഇപ്പോൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നത്. വളരെ ആവേശകരമായ എപ്പിസോഡായിരുന്നു ഇതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സമാന്തയും അക്ഷയും ഒരു പോലെ എനർജറ്റിക് ആയി പങ്കെടുത്ത ഷോ രസകരമായ പല നിമിഷങ്ങൾക്കും സാക്ഷിയായി. റാപിഡ് ഫയർ റൗണ്ടുകളും മറ്റ് ഗെയ്മുകളും ഇരു താരങ്ങളും രസകരമാക്കി. തന്റെ വിവാഹ മോചനമുൾപ്പെടെയുള്ള കാര്യങ്ങൾ ഷോയിൽ വിഷയമായപ്പോൾ സമാന്ത കൂളായി ഇത് കൈകാര്യം ചെയ്തു.

പുറത്തിറങ്ങിയ മൂന്ന് എപ്പിസോഡുകളിൽ മികച്ചത് ഈ എപ്പിസോഡാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
രൺബീർ കപൂറും ആലിയ ഭട്ടുമായിരുന്നു ആദ്യ എപ്പിസോഡിൽ അതിഥികളായി എത്തിയത്. രണ്ടാമത്തെ എപ്പിസോഡിൽ സാറ അലിഖാനും ജാൻവി കപൂറുമായിരുന്നു എത്തിയത്. എല്ലാ എപ്പിസോഡുകളും വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

ഇപ്പോൾ ഷോയിൽ കരൺ ജോഹർ സമാന്തയോട് ചോദിച്ച ഒരു ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. ഓർമാക്സ് പുറത്തു വിട്ട പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും പ്രശസ്തയായ നായിക നടിയാണ് സമാന്ത. ആലിയ ഭട്ടിനെ പിന്തള്ളി ഈ സ്ഥാനത്തെത്തിയതിനെ എങ്ങനെ കാണുന്നു എന്നായിരുന്നു കരണിന്റെ ചോദ്യം. ചിരിച്ചു കൊണ്ട് നോ കമന്റ്സ് എന്ന് മാത്രമാണ് സമാന്ത പറഞ്ഞത്. കരണിന്റെ ഈ ചോദ്യമാണ് സമാന്ത ആരാധകരെ രോഷം കൊള്ളിച്ചിരിക്കുന്നത്.
ആലിയ ഭട്ടിനെ പിന്തള്ളുന്നത് ഇത്ര വലിയ കാര്യമാണോ എന്നാണ് സമാന്ത ആരാധകർ ചോദിക്കുന്നത്. 10 വർഷത്തിലേറെയായി സിനിമാ ഇൻഡസ്ട്രിയിലുള്ള നടിയാണ് സമാന്ത. ഹിറ്റുകളുടെ വൻ നിര നടിക്ക് അവകാശപ്പെടാനുമുണ്ട്. ഇത്രയും നേട്ടങ്ങളുള്ള സമാന്തയ്ക്ക് ആലിയ ഭട്ടിനെ പിന്തള്ളുന്നതാണോ ബുദ്ധിമുട്ട് എന്നാണ് ആരാധകർ ചോദിക്കുന്നത്.

കരൺ ജോഹറിന് ആലിയ ഭട്ടിനോടുള്ള പ്രത്യേക മമതയും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി. കരണിനെ സംബന്ധിച്ച് ഇന്ത്യയിലെ ഏക കഴിവുള്ള നടി ആലിയയായിരിക്കും. പക്ഷെ തെന്നിന്ത്യൻ സൂപ്പർ താരമായ സമാന്തയെ ചെറുതായി കാണരുതെന്നും ആരാധകർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിരവധി ട്വീറ്റുകളാണ് വന്നിരിക്കുന്നത്.
സിനിമാ കുടുംബത്തിൽ പിറന്ന ആലിയക്ക് കരിയറിൽ ലഭിച്ച നേട്ടവും മോഡലിങിൽ നിന്നും തെന്നിന്ത്യൻ സൂപ്പർ താരമായിക്കൊണ്ട് സമാന്ത കൈവരിച്ച നേട്ടവും തമ്മിൽ താരതമ്യം ചെയ്യാൻ പോലും പറ്റില്ലെന്നും ആരാധകർ പറയുന്നു.
ഒരു ബോളിവുഡ് സിനിമ പോലും ചെയ്യാതെ ബോളിവുഡ് ടോക് ഷോയിൽ വരണമെങ്കിൽ സമാന്തയുടെ റേഞ്ച് അത്രയുണ്ടെന്ന് കരൺ മനസ്സിലാക്കണമെന്നും ഇവർ പറയുന്നു.
Recommended Video

കരൺ ആലിയ ഭട്ടിന് സിനിമാ മേഖലയിൽ പ്രത്യേക പരിഗണനകൾ നൽകുന്നുണ്ടെന്നും നടിയുടെ കരിയറിന്റെ വളർച്ചയ്ക്ക് ഇതും ഒരു കാരണമാണെന്ന് നേരത്തെ അഭിപ്രായമുണ്ടായിരുന്നു.
ബോളിവുഡിൽ നെപ്പോട്ടിസം വിവാദം കത്തി നിന്ന സമയത്തായിരുന്നു ഈ ആരോപണം ശക്തമായിരുന്നത്. കരണിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയായിരുന്നു ആലിയ ഭട്ട് അരങ്ങേറ്റം കുറിച്ചത്.


Click it and Unblock the Notifications