എന്നെ വെള്ള പൂശാന്‍ 40 കോടി മുടക്കേണ്ട കാര്യമില്ല! തുറന്നു പറഞ്ഞ് നടന്‍ സഞ്ജയ് ദത്ത്
ബോളിവുഡില്‍ ശ്രദ്ധേയ ചിത്രങ്ങളിലൂടെ സൂപ്പര്‍താരമായ നടനാണ് സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ബോളിവുഡ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. റോക്കി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്‍ തുടര്‍ന്നു നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചിരുന്നു. സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് സഞ്ജു.
രണ്‍ബീര്‍ കപൂര്‍ സഞ്ജുവായി എത്തിയ ചിത്രം ജൂണ്‍ 29നായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യ ദിനം മുതല്‍ക്കുതന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജു വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം സഞ്ജയ് ദത്തിനെ വെള്ള പൂശി കാണിക്കാനായി ഒരുക്കിയതാണെന്നായിരുന്നു നേരത്തെ ആരോപണങ്ങള്‍ വന്നിരുന്നത്. എന്നാല്‍ ഇതിനെല്ലാം തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത്.

സഞ്ജയ് ദത്തിന്റെ ജീവിത കഥ
ബോളിവുഡില്‍ സൂപ്പര്‍താരമായ സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിത കഥയാണ് ചിത്രം പറയുന്നത്. വിവിധ കാലഘട്ടങ്ങളിലായുളള നടന്റെ ജീവിതമാണ് സംവിധായകന്‍ വെള്ളിത്തിരിയിലേക്ക് എത്തിച്ചിരിക്കുന്നത്. സിനിമയില്‍ തിളങ്ങുമ്പോഴും പോലീസ് കേസില്‍പ്പെട്ട് നടന് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. ഈ സംഭവമടക്കം സഞ്ജയ് ദത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സിനിമയില്‍ കാണിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

രണ്‍ബീറിന്റെ പ്രകടനം
ചിത്രത്തില്‍ സഞ്ജുവായി അസാധ്യപ്രകടനമാണ് രണ്‍ബീര്‍ നടത്തിയതെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. രണ്‍ബീറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നും പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിലും ടീസറിലുമെല്ലാം തന്നെ അതിശയിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു രണ്‍ബീര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലായുളള ലുക്കുകള്‍ മികവുറ്റ രീതിയിലാണ് രണ്‍ബീര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന് ലഭിച്ച സ്വീകരണം
ജൂണ്‍ 29ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം മുതല്‍ക്കു തന്നെ മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. ആദ്യ ദിനം 34.75 കോടിക്കടുത്തായിരുന്നു ചിത്രത്തിന് കളക്ഷന്‍ ലഭിച്ചിരുന്നത്. കൂടാതെ റിലീസ് ചെയ്ത് മൂന്നാഴ്ചയിലേക്ക് എത്തുമ്പോള്‍ ചിത്രം 300 കോടി ക്ലബില്‍ ഇടംപിടിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ബോളിവുഡിലെ കളക്ഷന്‍ റെക്കോര്‍ഡുകളെയെല്ലാം തിരുത്തിയെഴുതികൊണ്ടാണ് സഞ്ജു ബോക്‌സ് ഓഫീസില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

വിമര്‍ശനങ്ങള്‍
തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിനെതിരെ നേരത്തെ നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സഞ്ജയ് ദത്തിനെ മഹത്വവല്‍ക്കരിച്ചുകൊണ്ടാണ് സഞ്ജു ഒരുക്കിയിരിക്കുന്നതെന്നാണ് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്. സഞ്ജയ് ദത്തിന് ക്രിമിനല്‍ പശ്ചാത്തലവും മുംബൈ അധോലോകവുമായി ബന്ധം ഉണ്ടെന്നും ആര്‍എസ് എസ് പോലുളള സംഘടനകള്‍ ആരോപിച്ചിരുന്നു.കൂടാതെ സഞ്ജയ് ദത്തിനെ നല്ലവനായി കാണിക്കാനാണ് സംവിധായകനായ രാജ്കുമാര്‍ ഹിരാനിയുടെ ശ്രമമെന്നും നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സഞ്ജയ് ദത്തിന്റെ മറുപടി
ചിത്രത്തിനെതിരെയുളള ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി ഒടുവില്‍ സ്ഞ്ജയ് ദത്തുതന്നെ രംഗത്തുവന്നിരുന്നു. തന്നെ വെള്ള പൂശാനായി 40 കോടി മുടക്കേണ്ട കാര്യമില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു. ഞാന്‍ ഒരു സത്യം പറഞ്ഞു. ആ സത്യം ഇന്ത്യ അംഗീകരിച്ചതാണ്. അതാണ് ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ കാണിക്കുന്നത്. സാധാരണ കൗമാരക്കാരെ പോലെ തന്നെയായിരുന്നു എന്റെ സ്വഭാവവും. സുനില്‍ ദത്തിന്റെ മകന് അതില്‍ കവിഞ്ഞൊരു പ്രത്യേകതയും ഉണ്ടായിരുന്നില്ല. എല്ലാവരും തെറ്റുകള്‍ ചെയ്യുന്നു. കുറച്ചധികം തെറ്റുകള്‍ താനും ചെയ്തു. അതില്‍ കുറ്റബോധമില്ല,സഞ്ജയ് ദത്ത് പറഞ്ഞു.


Click it and Unblock the Notifications











