റിലീസിന് പിന്നാലെ 'സഞ്ജു' ഓണ്‍ലൈനില്‍ ചോര്‍ന്നു; പിന്നില്‍ സല്‍മാന്‍ ഖാന്‍ ആരാധകര്‍?
ദില്ലി: ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സഞ്ജു ഓണ്‍ലൈനില്‍ ചോര്‍ന്നു. സഞ്ജുവിന്റെ ടൊറന്റ് ഡൗണ്‍ലോഡ് ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റും പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ ഇടംപിടിച്ചത് ബിസിനസ്സിനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറക്കാര്‍.
ചോര്‍ന്നതായുള്ള വിവരം വൈറലായതോടെ പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്‍ബീര്‍ ആരാധകര്‍ രംഗത്തെത്തി. ചിത്രം തീയേറ്ററുകളില്‍ തന്നെ കാണണമെന്നാണ് ഇവരുടെ അപേക്ഷ. സഞ്ജുവിന്റെ ടൊറന്റ് ലിങ്കുകള്‍ പങ്കുവെയ്ക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം ചിത്രം ചോര്‍ന്നതായി പ്രചരിപ്പിക്കുന്നത് സല്‍മാന്‍ ഖാന്‍ ആരാധകരാണെന്നും ആരോപണമുണ്ട്.

ഈ മാസം ആദ്യം രജനികാന്ത് ചിത്രമായ കാലായ്ക്കും ഈ വിധി നേരിട്ടിരുന്നു. റിലീസ് ദിനത്തില്‍ തന്നെ ഇത് ഓണ്‍ലൈനില്‍ എത്തിച്ച് ഞെട്ടിച്ചത് തമിഴ്‌റോക്കേഴ്‌സാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് രജനി ആരാധകരുടെ സന്തോഷം നശിപ്പിക്കുന്നതാണ് ഈ അവസ്ഥയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു ചോര്‍ന്നത്.
വ്യാജന്‍ ഓണ്‍ലൈനില്‍ എത്തിയെങ്കിലും ആദ്യ ദിനം മുതല്‍ ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നതെന്നാണ് മേഖലയില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ. രണ്‍ബീറിന് പുറമെ സോനം കപൂര്‍, പരേഷ് റാവല്‍, മനീഷ കൊയ്‌രാള, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ്മ, ദിയ മിര്‍സ എന്നിവര്‍ അഭിനയിച്ച ചിത്രം 5000 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്.


Click it and Unblock the Notifications