'ആ സിനിമയ്ക്ക് ശേഷം ചിന്തിച്ചത് ഇനിയെങ്ങനെ അഭിനയിക്കും എന്നാണ്', അമ്മ സഹായിച്ചതിനെ കുറിച്ച് സാറ!
ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മക്കളെല്ലാം സിനിമയിലേക്ക് എത്തുന്നത് പതിവാണ്. അത്തരത്തിൽ നായികയായി ബോളിവുഡിലേക്ക് എത്തിയ താരമാണ് നടി സാറാ അലി ഖാൻ. സെയ്ഫ് അലി ഖാൻ-അമൃത സിങ് ദമ്പതികളുടെ മകളായ സാറയ്ക്ക് ബോളിവുഡിലേക്ക് ചുവടുവെക്കാനുള്ള പിടിവള്ളി അച്ഛന്റേയും അമ്മയുടേയും സിനിമാ പാരമ്പര്യം മാത്രമായിരുന്നു. 26 കാരിയായ സാറാ 2018ൽ ആണ് സിനിമ അഭിനയം ആരംഭിച്ചത്. സാറയുടെ സിനിമാ പ്രവേശനം നാളുകളായി ആരാധകർ കാത്തിരുന്ന ഒന്ന് തന്നെയായിരുന്നു.
ഇതുവരെ നാല് സിനിമകളാണ് സാറാ അലി ഖാന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്. ആദ്യത്തെ സിനിമ അന്തരിച്ച താരം സുശാന്ത് സിങ് രാജ്പുത്തിനൊപ്പമായിരുന്നു. കേദാർ നാഥ് ആയിരുന്നു സിനിമ. മന്ദാകിനി എന്നായിരുന്നു സാറ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് രൺവീർ സിങിനൊപ്പം സിംബ എന്ന സിനിമ ചെയ്തു. ഈ രണ്ട് സിനിമയും വിജയമായിരുന്നുവെങ്കിലും മൂന്നാമതിറങ്ങിയ ലവ് ആജ് കല്ലും കൂലി നമ്പർ വണ്ണും പരാജയമായിരുന്നു.

ഈ സിനിമകളുടെ പരാജയ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് പിന്നീട് സിനിമകൾ ചെയ്യാൻ ഭയന്നതിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് താരപുത്രി സാറാ അലി ഖാൻ. സാറയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ അത്രംഗിരേ ആണ്. ധനുഷ് അക്ഷയ് കുമാർ എന്നിവർക്കൊപ്പമാണ് ചിത്രത്തിൽ സാറ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് സാറ ഇപ്പോൾ. അക്ഷയ് കുമാർ, സാറാ അലി ഖാൻ, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ്.എൽ.റായ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അത്‌രംഗി രേ ഡിസംബർ 24 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.

ഒരു മ്യൂസിക്കൽ റൊമാന്റിക് ചിത്രമായാണ് അത്‌രംഗി രേ ആരാധകർക്ക് മുന്നിലെത്തുക. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് 2021 ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി ചിത്രത്തിന്റെ നിർമാണത്തെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെയും ബാധിച്ചതിനാൽ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. ഗലാട്ട കല്യാണം എന്ന പേരിൽ ചിത്രത്തിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങുന്നുണ്ട്. ഇംതിയാസ് അലി സംവിധാനം ചെയ്ത ലവ് ആജ് കൽ പരാജയപ്പെട്ടത് അത്രംഗി രേയുടെ ഷൂട്ടിങ്ങിനിടെ തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെ സാറാ അലി ഖാൻ പറഞ്ഞത്. 'ലവ് ആജ് കൽ പരാജയപ്പെട്ടപ്പോൾ സിനിമകളിൽ അഭിനയിക്കാനുള്ള കോൺഫിഡൻസ് പോയി. പിന്നീട് എനിക്ക് അനുഭവപ്പെട്ടത് ഭയമായിരുന്നു. അത്രംഗിരേ ഷൂട്ടിങ് സമയത്ത് ആനന്ദ് സാർ എന്നോട് പറഞ്ഞു... പരാജയങ്ങൾ ഉണ്ടാകും. അത് നിന്നെ തളർത്തിയിട്ടുണ്ടെന്നും അറിയാം. പക്ഷെ നമ്മുടെ കാലുകളിൽ നാം മുന്നോട്ട് സഞ്ചരിക്കണമെന്ന്. വിജയങ്ങളിൽ ഞാൻ അഹങ്കരിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. ലവ് ആജ് കലിന്റെ സെറ്റിൽ എന്റെ പെരുമാറ്റത്തിൽ അഹങ്കാരമുണ്ടോയെന്ന് അമ്മ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ഉയർന്ന വിജയത്തേക്കാൾ പരാജയം മറക്കാൻ പ്രയാസമാണ്... പക്ഷേ അത് നമ്മെ കൂടുതൽ ശക്തരാക്കുമെന്ന് ഞാൻ മനസിലാക്കി' സാറാ അലി ഖാൻ പറഞ്ഞു.
Recommended Video

അക്ഷയ്കുമാറിനൊപ്പമാണ് സിനിമ ചെയ്യാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ പിതാവ് സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകളെ കുറിച്ചും സാറ വിവരിച്ചു. തൊണ്ണൂറുകളിൽ ഒട്ടനവധി ഹിന്ദി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും. താനും അക്ഷയ് കുമാറും അത്രംഗി രേയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നറിഞ്ഞതിന് ശേഷം അച്ഛൻ അക്ഷയ് കുമാറിനെ പ്രശംസിച്ചുവെന്നും സാറ അലി ഖാൻ വെളിപ്പെടുത്തി. അക്ഷയ്മി കുമാർ മികച്ച വ്യക്തിയാണെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് വളരെ അധികം ഗുണം ചെയ്യുമെന്നുമാണ് അച്ഛൻ സെയ്ഫ് അലി ഖാൻ പറഞ്ഞതെന്നും സാറ പറഞ്ഞു. ഒരു സൂപ്പർസ്റ്റാറാണെന്ന ചിന്തയൊന്നും ഇല്ലാതെയാണ് അദ്ദേഹം സെറ്റിൽ പെരുമാറിയത്. വളരെ വിനയമുള്ള വ്യക്തിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിനൊപ്പം പ്രവർത്തിക്കുന്നതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും വളരെ നന്നായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും സാറാ അലി ഖാൻ വ്യക്തമാക്കി.


Click it and Unblock the Notifications