'അമൃത എത്ര മനോഹരമായാണ് സാറയെയും ഇബ്രാഹിമിനെയും വളർത്തിയതെന്ന് ഈ ചിത്രങ്ങൾ പറയും'; ആരാധകരുടെ കമന്റ്!
നടൻ സെയ്ഫ് അലി ഖാൻ തന്റെ 53ആം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. ബോളിവുഡിലെ ഏറെ ആരാധക വൃന്ദം സ്വന്തമായുള്ള നടനാണ് പട്ടൗഡിയുടെ സുൽത്താൻ സെയ്ഫ് അലി ഖാൻ.
തന്റെ വൈവിധ്യമാർന്ന പ്രകടനത്തിലൂടെ ആരാധകരെയും നിരൂപകരെയും അദ്ദേഹം തൃപ്തിപ്പെടുത്തുന്നുണ്ട്. മെയിൻ ഖിലാഡി തൂ അനാരി, ദിൽ ചാഹ്താ ഹേ, ഹം തും, സലാം നമസ്തേ, തഷാൻ എന്നിവ അദ്ദേഹത്തിന്റെ ജനപ്രിയ സിനിമകളിൽ ചിലതാണ്. വളരെ മനോഹരമായ പ്രണയം നിറഞ്ഞൊരു കുറിപ്പാണ് പിറന്നാൾ ദിനത്തിൽ സെയ്ഫിനായി ഭാര്യ കരീന പങ്കുവെച്ചത്.
സർപ്രൈസ് കേക്കും സമ്മാനങ്ങളുമായാണ് മക്കളായ സാറ അലിഖാനും ഇബ്രാഹിമും എത്തിയത്. വെളുത്ത നിറത്തിലുള്ള ചിക്കൻകാരി സ്യൂട്ടാണ്സാറ ധരിച്ചിരുന്നത്. അതേസമയം ഇബ്രാഹിം കാഷ്വൽസിൽ സുന്ദരനായാണ് പിതാവിന്റെ പിറന്നാൾ ആഘോഷിക്കാൻ കരീനയുടെയും സെയ്ഫിന്റെയും വസതിയിൽ എത്തിയത്. തൈമൂറിനെയും ജെഹാംഗീറിനെയും ചേർത്ത് നിർത്തി കേക്ക് ഒരുക്കുന്ന സാറയുടെയും ഇബ്രാഹിമിന്റെയും ചിത്രങ്ങളും വൈറലാണ്.

സെയ്ഫ് അലി ഖാന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ സോഷ്യൽമീഡിയ പുകഴ്ത്തുന്നത് സെയ്ഫിന്റെ ആദ്യ ഭാര്യ അമൃതയെയാണ്. സാറായേയും ഇബ്രാഹിമിനെയും അച്ഛനിൽ നിന്നും അകറ്റാതെ പിതാവിന്റെ സ്നേഹവും മക്കൾക്ക് ലഭിക്കുന്ന തരത്തിലാണ് അമൃത മക്കളെ വളർത്തിയിരിക്കുന്നത് എന്നത് പ്രശംസ അർഹിക്കുന്ന ഒന്നാണ് എന്നാണ് ഭൂരിഭാഗം കമന്റുകളും.
കരീനയിൽ സെയ്ഫിന് പിറന്ന മക്കളായ തൈമൂറും ജെഹാംഗീറുമായും സാറയ്ക്കും ഇബ്രാഹിമിനും നല്ല ബന്ധമുണ്ട്. പൊതുവെ അച്ഛന്റെ രണ്ടാം ഭാര്യയുമായി ബന്ധം പുലർത്താൻ പല സ്ത്രീകളും മക്കളും അനുവദിക്കാറില്ല.
എന്നാൽ അച്ഛൻ എന്ന രീതിയിൽ സെയ്ഫുമായുള്ള ബന്ധം തുടരുന്നതിന് അമൃത ഒരിക്കലും തടസം നിന്നിട്ടില്ല. സെയ്ഫ് അലി ഖാനും അമൃത സിങ്ങുമായുള്ള വിവാഹം എപ്പോഴും സിനിമാ ലോകത്തും ഗോസിപ് കോളങ്ങളിലും ചർച്ചാവിഷയമായിരുന്നു. അവരുടെ പ്രണയത്തിന്റെയും പ്രായവ്യത്യാസങ്ങളുടെയും കഥകൾ എപ്പോഴും വാർത്തകൾ സൃഷ്‌ടിക്കുന്നതിൽ മുന്നിലായിരുന്നു.
ഇരുപതുകൾ തുടങ്ങിയപ്പോൾ തന്നെ തന്നേക്കാൾ പന്ത്രണ്ട് വയസിന് മുതിർന്ന അമൃതയുമായി സെയ്ഫ് പ്രണയത്തിലാവുകയും വൈകാതെ വിവാഹിതരാവുകയും ചെയ്തു. അമൃതയുടെ സൗന്ദര്യത്തിൽ ആകൃഷ്‌ടനായി പ്രണയത്തിലാകുമ്പോൾ സെയ്ഫിന് 20 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. രാഹുൽ റുവൈലിന്റെ സിനിമയുടെ സെറ്റിൽ വെച്ചാണ് അദ്ദേഹം അമൃതയെ ആദ്യം കണ്ടത്.

സെയ്ഫ് അലി ഖാന്റെ മാതാപിതാക്കളായ ഷർമിള ടാഗോറും മൻസൂർ അലി ഖാൻ പട്ടൗഡിയും ഇരുവരും തമ്മിലെ പ്രായവ്യത്യാസം കാരണം വിവാഹത്തോട് തങ്ങളുടെ വിയോജിപ്പ് ശക്തമായി തുടക്കത്തിൽ തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ എല്ലാ അഭിപ്രായവ്യത്യാസങ്ങളും തകർത്തെറിഞ്ഞ് 1991 ഒക്ടോബറിൽ സെയ്ഫ് അമൃതയെ രഹസ്യമായി വിവാഹം ചെയ്‌തു. പിന്നീട് ഏറെ വിവാദങ്ങൾക്ക് ശേഷം 2004ൽ സെയ്ഫ് അലി ഖാൻ അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തി.
വിവാഹമോചനത്തിന് ശേഷം സെയ്ഫ് അലി ഖാൻ വലിയൊരു തുക അമൃതയ്ക്ക് ജീവനാംശമായി നൽകി. ഇതിന് ശേഷം സെയ്ഫ് അലി ഖാൻ ഏറെ കാലം അവിവാഹിതനായിരുന്നു. കരീന കപൂറുമായി സൗഹൃദം സ്ഥാപിക്കുന്നത് വരെ ആ ഏകാന്തവാസം സെയ്ഫ് തുടർന്നു. റിപ്പോർട്ടുകൾ പ്രകാരം ഇരുവരും 2008ലെ തഷന്റെ സെറ്റിൽ വെച്ച് പ്രണയത്തിലാവുകയും 2012 ഒക്ടോബർ 16 ന് വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.


Click it and Unblock the Notifications











