നീ സമരം ചെയ്യ്, ഞങ്ങൾ തന്തൂരി ചിക്കൻ കഴിക്കട്ടെ; നിരാഹാരമിരുന്ന ഷബാന അസ്മിയോട് ഭർത്താവ് ജാവേദ് അക്തർ
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ജാവേദ് അക്തറും ഷബാന അസ്മിയും. ഇവർ ജീവിതത്തിലെടുത്ത പല തീരുമാനങ്ങളും ബോളിവുഡിൽ ഒരു കാലത്ത് ചർച്ചയായിട്ടുണ്ട്. ഒരു കാലത്ത് പാരലൽ സിനിമകളിലൂടെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ നടിയാണ് ഷബാന അസ്മി. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ഷബാനയ്ക്ക് ലഭിച്ചു. വ്യത്യസ്തമായ സിനിമകളുടെ ഭാഗമായ നടി മുഖ്യധാര സിനിമകളോട് പലപ്പോഴും താൽപര്യം കാണിച്ചില്ല. ഇന്നും ബഹുമാന്യ സ്ഥാനം ഷബാനയ്ക്ക് ഇന്ത്യൻ സിനിമാ ലോകത്തുണ്ട്.
തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ 1984 ലാണ് വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ എൺപതുകളിലെ തന്റെ നിരാഹാര സമരത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷബാന. ചേരി നിവാസികളുടെ വീട് സർക്കാർ തകർത്തതിൽ പ്രതിഷേധിച്ചാണ് ഷബാന നിരാഹാരമിരുന്നത്. ഞാനും സമരത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചു. എന്റെ അമ്മ വല്ലാതെ പേടിച്ചു.

അച്ഛൻ അന്ന് പാട്നയിലാണുള്ളത്. നിങ്ങളുടെ മകൾ ഇങ്ങനെ ചെയ്യുന്നു, അവളെ പറഞ്ഞ് മനസിലാക്കെന്ന് അമ്മ അച്ഛന് സന്ദേശമയച്ചു. എന്നാൽ ബെസ്റ്റ് ഓഫ് ലക്ക് സഖാവേ എന്നാണ് അച്ഛൻ തനിക്കയച്ച ടെലഗ്രാം. അതേസമയം തന്നെ കാണാൻ വരുന്ന അമ്മയും ഇൻക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുമായിരുന്നെന്ന് ഷബാന അസ്മി വ്യക്തമാക്കി.
ഭർത്താവ് ജാവേദ് അക്തറും ഭർത്താവിന്റെ സഹോദരി തൻവിയും തന്നെ കാണാൻ വരുമായിരുന്നു. ജാവേദ് എന്നെ പിന്തുണച്ചു. അതേസമയം തനിക്കൊപ്പം ഇരുന്ന് പോകുമ്പോൾ, നിങ്ങൾ സമരം ചെയ്യൂ ഗാന്ധിജീ, ഞങ്ങൾ പോയി തന്തൂരി ചിക്കൻ കഴിക്കട്ടെയെന്ന് അവർ പറയും. പക്ഷെ തന്റെ സത്യാഗ്രഹത്തെ അവർ പിന്തുണച്ചെന്നും ഷബാന അസ്മി വ്യക്തമാക്കി.

ഷബാന ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുമ്പ് ജാവേദ് അക്തർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഹണി ഇറാനി എന്നാണ് ജാവേദിന്റെ ആദ്യ ഭാര്യയുടെ പേര്. ഫർഹാൻ അക്തർ, സോയ അക്തർ എന്നിവരാണ് ഇവർക്ക് പിറന്ന മക്കൾ. ജാവേദിന്റെ രണ്ട് മക്കളും തന്നോട് അടുക്കാൻ കാരണം ഹണി ഇറാനിയാണെന്ന് നേരത്തെ ഷബാന അസ്മി തുറന്ന് പറഞ്ഞിട്ടുണ്ട്. അവരുടെ ജീവിതത്തിലെ ദുഷ്ടയായ രണ്ടാനമ്മയല്ല താനെന്ന് ഹണി ഇറാനി അവരെ മനസിലാക്കി കൊടുത്തെന്നും ഷബാന അസ്മി വ്യക്തമാക്കി.
തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഷബാന സംസാരിക്കുകയുണ്ടായി. ജാവേദും താനും തമ്മിൽ വലിയ വഴക്കുകൾ ഉണ്ടാവാറുണ്ട്. പരസ്പരം കൊല്ലാൻ തോന്നും. പക്ഷെ അത്യന്തികമായി അപ്പുറത്തയാളെ ബഹുമാനിക്കേണ്ടത് പ്രധാനമാണ്. ഷബാന തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് ജാവേദ് സ്നേഹത്തോടെ പറയാറുണ്ട്. ഈ സൗഹൃദം ശക്തമാണ്. വിവാഹത്തിന് പോലും അത് നശിപ്പിക്കാൻ പറ്റില്ലെന്ന് ഷബാന അസ്മി വ്യക്തമാക്കി.


Click it and Unblock the Notifications











