'ഗൗരിക്കൊപ്പം ഞാനുണ്ടായിരുന്നു, രക്തം നോക്കേണ്ടെന്ന് അവൾ പറഞ്ഞെങ്കിലും ആ നിമിഷം ഞാൻ ആസ്വദിച്ചു'; ഷാരൂഖ് ഖാൻ
ബോളിവുഡിന്റെ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഒന്നിച്ചുള്ള പ്രണയ ജീവിതം മുപ്പത്തിരണ്ട് വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. ഒരുപാട് പ്രണയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുള്ള നടനാണ് ഷാരൂഖ്.
എന്നാൽ ആ പ്രണയ സിനിമകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതും മനോഹരമാണ് യഥാർത്ഥ ജീവിതത്തിലെ ഷാരൂഖ്-ഗൗരി പ്രണയം. ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. ബോളിവുഡിലെ മാതൃകാദമ്പതികളാരെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും പറയുക ഷാരൂഖിനെയും ഗൗരിയേയുമാകും.
ഷാരൂഖ് ഒന്നുമല്ലാതിരുന്ന കാലം മുതൽ ഗൗരി ഒപ്പമുണ്ട്. രണ്ട് തവണ ഷാരൂഖിനോട് നോ പറഞ്ഞ ഗൗരി ഒടുവിൽ വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന് അറിയിച്ചത്. 1991 ഒക്ടോബർ 25നാണ് ഷാരൂഖ് ഗൗരിയെ വിവാഹം ചെയ്തത്. സംസ്കാരത്തിന്റെയും മതത്തിന്റെയും എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത ഷാരൂഖും ഗൗരിയും ഒന്നായിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്നു.

ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ഇരുവരുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കുഞ്ഞായി ആര്യനെത്തിയത് 1997ലാണ്. ആര്യനെ ഗൗരി പ്രസവിക്കുമ്പോൾ ഷാരൂഖും ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ ആര്യനെ ഗൗരി പ്രസവിച്ചപ്പോഴുണ്ടായ സംഭവങ്ങളെ കുറിച്ച് ഷാരൂഖ് വിവരിക്കുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
കുഞ്ഞ് പുറത്തേക്ക് വരുന്നതും കയ്യിൽ കിട്ടിയപ്പോൾ അതിരില്ലാതെ ആഹ്ലാദിച്ചതിനെ കുറിച്ചുമെല്ലാം വീഡിയോയിൽ ഷാരൂഖ് പറയുന്നുണ്ട്. സിമി അഗർവാളുമായി നടത്തിയ പഴയൊരു ചാറ്റ് ഷോയിലാണ് ആര്യന്റെ ജനനത്തെ കുറിച്ച് ഷാരൂഖ് വാചാലനായത്.
'ഒരു സ്ത്രീ പ്രസവിക്കാനായി പോകുമ്പോൾ മുതൽ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയങ്ങളിൽ ഭർത്താവ് ഭാര്യയ്ക്കൊപ്പം നിന്ന് ശ്വസിക്കണമെന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഗൗരി ശ്വസിക്കുകയായിരുന്നില്ല അവൾ വളരെ വിചിത്രമായ രീതിയിൽ നിലവിളിക്കുകയായിരുന്നു. സിനിമകളിൽ കാണിക്കുന്നത് പോലെയല്ലെന്നും', ഷാരൂഖ് പറഞ്ഞു.
തനിക്ക് സിസേറിയനായിരുന്നുവെന്നാണ് പിന്നീട് ഗൗരി പറഞ്ഞത്. ആര്യനെ പ്രസവിക്കുന്ന സമയത്ത് ഷാരൂഖ് പൂർണമായും ആ പ്രക്രിയയിലായിരുന്നുവെന്നും ചിത്രങ്ങൾ ക്ലിക്ക് ചെയ്തുവെന്നും ഗൗരി പറഞ്ഞു. കുഞ്ഞിനെ പുറത്തെടുക്കുന്നതിൽ തന്റെ ഭർത്താവിനും ഡോക്ടർമാർക്കൊപ്പം ഒരു പ്രധാന പങ്കുണ്ടെന്നും തങ്ങളുടെ ജോലി ചെയ്യാൻ അനുവദിക്കാൻ ഡോക്ടർമാർ ഷാരൂഖിനോട് ആവശ്യപ്പെട്ടതായും ഗൗരി പറയുന്നു.

'ഷാരൂഖ് കുഞ്ഞിനെ പുറത്തെടുക്കുന്നുണ്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഞങ്ങളെ ഞങ്ങളുടെ ജോലി ചെയ്യാൻ സമ്മതിക്കൂവെന്ന മട്ടിലായിരുന്നു ഡോക്ടർമാരെന്നും ഗൗരി പറയുന്നു. ഞാൻ മുഖംമൂടിയും എല്ലാം ധരിച്ചാണ് അകത്തേക്ക് പോയത്.'
'കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ നോക്കേണ്ടെന്ന് ഗൗരി പറഞ്ഞെങ്കിലും ഞാൻ മുറിവും എല്ലാം കണ്ടു. ആ നിമിഷം ഞാൻ ശരിക്കും ആസ്വദിച്ചു. ഞാൻ അസുഖകരമോ ഭയത്തോടെയോ ശബ്ദിച്ചില്ല. രക്തത്തിന്റെ ചുവപ്പ് അല്ലെങ്കിൽ നീല ഭാഗങ്ങൾ അല്ലെങ്കിൽ മഞ്ഞ കൊഴുപ്പ് എന്നിവയൊന്നും ഒട്ടും ഭയാനകമല്ല. ജീവിതത്തിൽ ഇത്തരം നിറങ്ങൾ ഇനി ഒരിക്കലും കാണില്ല.'
'ആര്യന്റെ തലയാണ് ആദ്യം പുറത്തുവന്നത്. അത് അൽപ്പം ഗ്രേ കളറായിരുന്നു. മുഴുവനായും പുറത്തുവരുന്നതിന് മുമ്പ് തന്നെ അവൻ കരയാൻ തുടങ്ങി. ഓപ്പറേഷൻ തിയേറ്ററിൽ ഈ സമയം ആഘോഷമായിരുന്നു. ആൺകുട്ടിയാണെന്ന് പറഞ്ഞ് എല്ലാവരും ആഹ്ലാദിക്കുകയായിരുന്നു. ഗൗരി ഓക്കെയാണോ എന്നാണ് ഞാൻ ആദ്യം നോക്കിയത്.'
'ആ സമയത്ത് ഞാൻ കുഞ്ഞിനോട് അത്ര അടുപ്പം കാണിച്ചില്ല. എനിക്ക് ഗൗരിയുടെ അവസ്ഥയായിരുന്നു അറിയേണ്ടിയിരുന്നത്', എന്നാണ് ആര്യനെ ആദ്യമായി കയ്യിൽ കിട്ടിയപ്പോഴുള്ള അനുഭവം പങ്കിട്ട് ഷാരൂഖ് ഖാൻ പറഞ്ഞത്. ഏറ്റവും ഇളയമകൻ അബ്രാമിന് സറോഗസിയിലൂടെയാണ് ഷാരൂഖും ഗൗരിയും ജന്മം നൽകിയത്.


Click it and Unblock the Notifications