15000 രൂപയുമായി മുംബൈയിൽ, പരാജയങ്ങളിൽ നിന്ന് പഠിച്ച് മുന്നേറി, കോടികൾ മൂല്യമുള്ള കിങ് ഖാന്റെ സാമ്രാജ്യം!
മൂന്ന് പതിറ്റാണ്ടിലേറെയായി ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡിന്റെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ അഭിനയ മികവിലൂടെ മാത്രമല്ല മികച്ച സാമ്പത്തിക ആസൂത്രണത്തിലൂടെയും വമ്പൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ്. ഏകദേശം 7300 കോടി രൂപ മൂല്യമുള്ള സാമ്രാജ്യത്തിന് ഉടമയായ ഷാരൂഖ്. സിനിമ, നിർമാണം, കായികം, റിയൽ എസ്റ്റേറ്റ് തുടങ്ങി നിരവധി മേഖലകളിലേക്ക് തന്റെ സാന്നിധ്യം വ്യാപിപ്പിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളിൽ ഒരാളായി മാറി കഴിഞ്ഞു താരം.
ഡൽഹിയിൽ വലിയ സ്വപ്നങ്ങളുമായി ജീവിച്ചിരുന്ന ഒരു സാധാരണ യുവാവായാണ് ഷാരൂഖ് ഖാന്റെ തുടക്കം. മാതാപിതാക്കളെ നഷ്ടപ്പെട്ടതിന് ശേഷം വെറും 15000 രൂപയുമായി അദ്ദേഹം മുംബൈയിലെത്തി. പരിചയക്കാരില്ല, താമസിക്കാൻ ഇടമില്ല. അവസരങ്ങൾ ലഭിക്കാതെ നിരവധി തവണ തിരസ്കരിക്കപ്പെട്ടു. എന്നാൽ ഒരുനാൾ താൻ പ്രശസ്തനാകുമെന്ന വിശ്വാസം മുറുകെപ്പിടിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്.

ടെലിവിഷൻ പരമ്പരയായ ഫൗജിയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധ നേടിയത്. പിന്നീട് കൂടുതൽ സീരിയലുകളിൽ അവസരങ്ങൾ ലഭിച്ച ഷാരൂഖിന് 1992ൽ പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറാൻ സാധിച്ചത്. ചിത്രം വൻ വിജയമായി. തുടർന്ന് ബാസിഗർ, ഡർ തുടങ്ങിയ ചിത്രങ്ങളിൽ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് വില്ലൻ കഥാപാത്രങ്ങൾ ചെയ്താൽ നായകനാകാൻ കഴിയില്ലെന്ന പതിവ് ധാരണയെ അദ്ദേഹം തകർത്തു.
1995ൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയ ലേ ജയേംഗെ ഷാരൂഖിനെ റൊമാൻസിന്റെ രാജാവ് എന്ന വിശേഷണത്തിലേക്ക് ഉയർത്തുകയും രാജ്യത്തുടനീളം ജനപ്രിയനാക്കുകയും ചെയ്തു. അഭിനയത്തിൽ വൻ വിജയം നേടിയെങ്കിലും താരപദവി ശാശ്വതമല്ലെന്ന് ഷാരൂഖിന് ബോധ്യമുണ്ടായിരുന്നു. നിരവധി താരങ്ങൾ കാലക്രമേണ മാഞ്ഞുപോകുന്നത് കണ്ട അദ്ദേഹം ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനാണ് ബിസിനസിലേക്ക് കടക്കാൻ തീരുമാനിച്ചത്.
1999ൽ അദ്ദേഹം ആദ്യ നിർമാണ കമ്പനിയായ ഡ്രീംസ് അൺലിമിറ്റഡ് സ്ഥാപിച്ചു. ഈ ബാനറിൽ നിർമ്മിച്ച ആദ്യ രണ്ട് ചിത്രങ്ങളായ ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനിയും അശോകയും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായി. മൂന്നാമത്തെ ചിത്രമായ ചൽതേ ചൽതേ ശരാശരി വിജയം നേടിയെങ്കിലും മുൻ നഷ്ടങ്ങൾ നികത്താൻ കഴിഞ്ഞില്ല. തുടർന്ന് പങ്കാളികൾ കമ്പനിയിൽ നിന്ന് പിന്മാറി. അത് ഷാരൂഖിന് ജീവിതത്തിലെ വലിയ പാഠമായി. 2003ൽ നിർമാണ കമ്പനിയെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്ന പേരിൽ പുനരാരംഭിച്ചു. ഈ ബാനറിലെ ആദ്യ ചിത്രമായ മൈ ഹൂൻ നാ വൻ വിജയമായി മാറി. അതിന് പിന്നാലെ 2007ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം 150 കോടിയിലധികം രൂപ കലക്ഷൻ നേടി.
റെഡ് ചില്ലീസിനെ ബോളിവുഡിലെ പ്രമുഖ നിർമാണ സ്ഥാപനങ്ങളിലൊന്നായി ഉയർത്തി. പിന്നീട് റെഡ് ചില്ലീസ് വിഎഫ്എക്‌സ് വിഭാഗവും ആരംഭിച്ചു. ഇന്ന് ഇന്ത്യയിലെ മികച്ച വിഷ്വൽ ഇഫക്റ്റ്സ് കമ്പനികളിലൊന്നായി മാറിയ ഈ സ്ഥാപനം കൃഷ് 3, ഭൂൽ ഭുലയ്യ 2 അടക്കമുള്ള വൻ ചിത്രങ്ങൾക്ക് വിഎഫ്എക്‌സ് ഒരുക്കിയിട്ടുണ്ട്. റാ.വൺ, സീറോ തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാതെ വന്നതോടെ കമ്പനി പരസ്യരംഗം, വെബ് സീരീസ്, ഡിജിറ്റൽ എന്റർടെയ്ൻമെന്റ് എന്നിവയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.

സിനിമയ്ക്കും നിർമാണത്തിനും പുറമെ 2008ൽ നടി ജൂഹി ചൗള, വ്യവസായി ജയ് മേത്ത എന്നിവർക്കൊപ്പം ഏകദേശം 100 കോടി രൂപ മുടക്കി ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസി സ്വന്തമാക്കി. ആദ്യ മൂന്ന് സീസണുകളിലെ മോശം പ്രകടനങ്ങൾക്ക് ശേഷം 2011ൽ ഗൗതം ഗംഭീറിനെ ടീമിന്റെ നായകനാക്കിയതോടെയാണ് ടീമിന്റെ തലവര മാറിയത്. 2012, 2014 വർഷങ്ങളിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ കെകെആർ പിന്നീട് ലോകപ്രശസ്ത ബ്രാൻഡായി വളർന്നു. സിനിമയും ക്രിക്കറ്റും കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയിലും ഷാരൂഖ് വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്ത് 200 കോടിയിലധികം രൂപ വിലമതിക്കുന്നതാണ്. ലണ്ടനിലെ പാർക്ക് ലെയിനിൽ 100 കോടിയിലധികം രൂപ വിലവരുന്ന ആഡംബര ഫ്ലാറ്റും ദുബായിലെ പാം ജുമൈറയിൽ ഡെവലപ്പറായ നഖീൽ സമ്മാനിച്ച സീ ഷോർ വില്ലയും അദ്ദേഹത്തിനുണ്ട്. ഷാരൂഖിന്റെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ ആകെ മൂല്യം 3000 കോടി രൂപയിലേറെയാണെന്നാണ് വിലയിരുത്തൽ. സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
പ്രതിഫലം വാങ്ങുന്ന രീതിക്ക് പകരം സിനിമകളിൽ ലാഭവിഹിതം അടിസ്ഥാനമാക്കിയുള്ള കരാറുകളാണ് ഷാരൂഖ് ഇപ്പോൾ സ്വീകരിക്കുന്നത്. ബൈജൂസ്, ബിഗ് ബാസ്കറ്റ്, ദുബായ് ടൂറിസം, ഡെൻവർ, കാസ്ട്രോൾ ഇന്ത്യ, റുങ്ട സ്റ്റീൽ തുടങ്ങി 40ലധികം ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡറാണ് അദ്ദേഹം. ഓരോ ബ്രാൻഡ് എൻഡോഴ്സ്മെന്റിനും 10 മുതൽ 30 കോടി രൂപ വരെ ഷാരൂഖ് പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി അദ്ദേഹം മാറി. തന്ത്രപരമായ നിക്ഷേപങ്ങൾ, പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുള്ള മുന്നേറ്റം, വിവിധ മേഖലകളിലേക്കുള്ള വ്യാപനം എന്നിവയിലൂടെയാണ് 7300 കോടി രൂപ മൂല്യമുള്ള ബിസിനസ് സാമ്രാജ്യം ഷാരൂഖ് ഖാൻ കെട്ടിപ്പടുത്തത്. അതേസമയം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയം സ്വന്തമാക്കുക എന്ന ഷാരൂഖിന്റെ ദീർഘകാല സ്വപ്നവും അടുത്തിടെ യാഥാർഥ്യമായി.


Click it and Unblock the Notifications


