'ആ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നില്ല... പക്ഷെ ഞങ്ങളുടെ അനുഗ്രഹം സെയ്ഫിനും കുടുംബത്തിനുമുണ്ട്'; ശർമിള ടാഗോർ!
പ്രണയം ശക്തമായപ്പോൾ വലിയ കൊട്ടിഘോഷമില്ലാതെ പെട്ടന്നായിരുന്നു നടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും വിവാഹം. ഒരു സീക്രട്ട് വെഡ്ഡിങായിരുന്നു താരജോഡിയുടേത്. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ വിവാഹമെന്ന ചടങ്ങ് നടന്നപ്പോൾ സെയ്ഫ് അലി ഖാൻ മാതാപിതാക്കളായ ശർമിള ടാഗോറിനെയോ ടൈഗർ പട്ടൗഡിയെയോ ക്ഷണിച്ചിട്ടില്ലെന്നത് പലർക്കും അറിയില്ല. പിന്നീട് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശർമിള തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആ സമയത്ത് താൻ ബോംബെയിൽ ആയിരുന്നുെവെന്നും സെയ്ഫ് വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശർമിള വെളിപ്പെടുത്തി. 1991ലായിരുന്നു സെയ്ഫ്-അമൃത വിവാഹം നടന്നത്. താരങ്ങൾ വിവാഹ ചടങ്ങുകൾ രഹസ്യമായി നടത്തിയതിനാൽ മാധ്യമങ്ങൾക്ക് എത്തിച്ചേരാൻ സാധിച്ചില്ല. പിന്നീട് ഇത്തരത്തിൽ വിവാഹം നടന്നുവെന്ന് സൂചന ലഭിച്ചപ്പോൾ സെയ്ഫിന്റെ മാതാപിതാക്കളുടെ അടുത്തെത്തി കേട്ടത് സത്യമാണോയെന്ന് ഉറപ്പിക്കുകയാണ് സിനിമാ മാധ്യമങ്ങൾ ആദ്യം ചെയ്തത്.

ഇരുവരും വിവാഹിതരായെന്ന് സെയ്ഫിന്റെ അമ്മ ശർമിളയാണ് സ്ഥിരീകരിച്ചത്. 'അതെ... ഇരുവരും വിവാഹിതരായി. പക്ഷെ ഞങ്ങൾ പങ്കെടുത്തില്ല. എന്റെ ഫ്ലാറ്റുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ഞാൻ ബോംബെയിൽ ആയിരുന്നു. കല്യാണത്തിന് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. സെയ്ഫിന്റെ തീരുമാനം ആവേശത്തിൽ നിന്നും ഉണ്ടായതാണ്.'
'എന്റെയും ഭർത്താവിന്റെയും അനുഗ്രഹം മകനും മരുമകൾക്കും ഉണ്ടാകും. വിവാഹത്തിന് തൊട്ടുപിന്നാലെ ആരാധന എന്ന സൂപ്പർഹിറ്റ് ചിത്രം ചെയ്തതിനാൽ കല്യാണം സെയ്ഫിന്റെ കരിയറിനെ ബാധിക്കില്ലെന്നും', ശർമിള അന്ന് മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹിതരാകുന്ന സമയത്ത് അമൃതയ്ക്ക് സെയ്ഫിനെക്കാൾ പന്ത്രണ്ട് വയസ് കൂടുതലായിരുന്നു. പത്ത് വർഷത്തോളം ഇരുവരും ഒരുമിച്ച് ജീവിച്ചു. ശേഷം 2004ൽ ഇരുവരും വിവാഹമോചിതരായി. 2000ത്തിന്റെ തുടക്കത്തിലാണ് സെയ്ഫിന്റെയും അമൃതയുടെയും കുടുംബജീവിതം അവസാനിച്ചെന്ന അഭ്യൂഹങ്ങൾ പരന്ന് തുടങ്ങിയത്. 2004ൽ അവർ വിവാഹമോചനം പ്രഖ്യാപിച്ചു.
ബന്ധം വേർപ്പെടുത്തിയ ശേഷം അമൃത തന്റെ വ്യക്തിജീവിതത്തെ കുറിച്ച് കുറേക്കാലത്തേക്ക് തുറന്ന് സംസാരിച്ചിരുന്നില്ല. എന്നാൽ നിരന്തരമായ വഴക്കുകളും ബഹളങ്ങളും കാരണം താൻ മടുത്തുവെന്ന് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തി സെയ്ഫ് പറഞ്ഞു. സെയ്ഫ് അലി ഖാൻ അമൃത സിങിന് അഞ്ച് കോടി രൂപ ജീവനാംശമായി നൽകിയെന്നാണ് റിപ്പോർട്ടുകൾ.

ചില കാര്യങ്ങള്‍ നമ്മളുടെ പരിധിയില്‍ നില്‍ക്കില്ലെന്നാണ് സെയ്ഫ് അടുത്തിടെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. 'എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശമായ കാര്യമാണത്. അത് മനസില്‍ നിന്ന് ഒരിക്കലും പോകുമെന്ന് തോന്നുന്നില്ല. ചില കാര്യങ്ങള്‍ നമ്മളുടെ പരിധിയില്‍ നില്‍ക്കില്ല.'
'എനിക്കന്ന് ഇരുപത് വയസല്ലേ ഉണ്ടായിരുന്നുള്ളൂവെന്നും തീരെ ചെറുപ്പമായിരുന്നില്ലേയെന്നും കരുതി ഞാന്‍ ആശ്വസിക്കുന്നു. കേള്‍ക്കുമ്പോള്‍ വളരെ മോശമായി തോന്നാം. പക്ഷെ അത് തീര്‍ത്തും വിചിത്രമായൊരു കാര്യമാണ്. ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രം. മാതാപിതാക്കള്‍ എന്ന് ഒന്നിച്ച് പറയുമെങ്കിലും അവര്‍ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ തന്നെയാണെന്നും', സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications