ഗൗരിയെ വിവാഹം ചെയ്യരുത്, ഷാരൂഖിന് നിർമാതാക്കളുടെ മുന്നറിയിപ്പ്; പിറന്നാൾ ദിനത്തിൽ ചർച്ചയായി വിവാഹം
കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ബോളിവുഡ്. പ്രിയ താരത്തിന് 59 വയസ് പൂർത്തിയായിരിക്കുകയാണ് ഇന്ന്. ഇന്ത്യൻ സിനിമാ രംഗത്തെ അവസാനത്തെ സൂപ്പർസ്റ്റാറായാണ് ഷാരൂഖിനെ ആരാധകർ കാണുന്നത്. ഇദ്ദേഹത്തിന് ശേഷം ഇത്ര മാത്രം ആഘോഷിക്കപ്പെട്ട മറ്റൊരു താരവും ഉണ്ടായിട്ടില്ല. പല മികച്ച നടൻമാരും വന്നെങ്കിലും ഇവർക്ക് ഷാരൂഖിനെ പിന്നിലാക്കാനായില്ല. സിനിമകളുടെ വിജയപരാജയത്തിനപ്പുറമാണ് ഷാരൂഖിന്റെ താരത്തിളക്കം.
ആരാധകർക്ക് നടൻ കൊടുക്കുന്ന പരിഗണനയും ഇതിലൊരു ഘടകമാണ്. നാല് വർഷം സിനിമാ ലോകത്ത് നിന്നും മാറി നിന്ന ഷാരൂഖ് പഠാൻ എന്ന സിനിമയിലൂടെ തിരിച്ചെത്തിയപ്പോൾ ലഭിച്ച സ്വീകാര്യത സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. കരിയറിനൊപ്പം തന്റെ കുടുംബ ജീവിതത്തിനും ഷാരൂഖ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം എന്നിവർക്കൊപ്പം സമയം ചെലവഴിക്കാൻ നടൻ ശ്രദ്ധിക്കുന്നു.

1991 ലാണ് ഷാരൂഖും ഗൗരിയും വിവാഹിതരായത്. രണ്ട് മതസ്ഥരാണ് ഇവർ. എന്നാൽ പ്രണയത്തെയും വിവാഹ ജീവിതത്തെയും ഇതൊന്നും ബാധിച്ചില്ല. ഗൗരിയെ ഒന്നിലേറെ തവണ താൻ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. അതേസമയം ഷാരൂഖിന്റെ വിവാഹത്തെ പ്രൊഡ്യൂസർമാർ എതിർത്തിരുന്നു. അന്ന് വളർന്ന് വരുന്ന താരമാണ് ഷാരൂഖ്. ഈ സമയത്ത് വിവാഹം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് നിർമാതാക്കൾ ഉപദേശിച്ചു.
ബാച്ചിലറായ ഹീറോയ്ക്ക് ഒരുപാട് ആരാധകരുണ്ടാകുമെന്നും നിർമാതാക്കൾ പറഞ്ഞു. എന്നാൽ വിവാഹത്തിൽ നിന്നും ഷാരൂഖ് പിന്മാറിയില്ല. ഷാരൂഖിന് ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് പ്രൊഡ്യൂസർ വിവേക് വശ്വനി മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. ഓക്സിജനില്ലാതെ ഷാരൂഖ് കഴിഞ്ഞേക്കും.

എന്നാൽ ഗൗരിയില്ലാതെ നടന് പറ്റില്ലെന്ന് ഈ നിർമാതാവ് പറഞ്ഞു. അവർ വഴക്കിടാറില്ല. ഗൗരി ശബ്ദമുയർത്തുമ്പോൾ ഷാരൂഖ് കേൾക്കും. ഷാരൂഖിന് ഗൗരിയോട് കടുത്ത സ്നേഹമാണെന്നും ഇദ്ദേഹം അന്ന് വ്യക്തമാക്കി. 59ം പിറന്നാളിനോട് അനുബന്ധിച്ച് ഷാരൂഖിന്റെ വീടായ മന്നത്തിൽ വലിയ പാർട്ടി ഒരുങ്ങുന്നുണ്ട്.
250 ലേറെ പേരെ പിറന്നാൾ ദിന ആഘോഷത്തിന് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. രൺവീർ സിംഗ്, സെയ്ഫ് അലി ഖാൻ, കരീന കപൂർ, അറ്റ്ലി, കരിഷ്മ കപൂർ, ശന്യ കപൂർ, കരൺ ജോഹർ, ആലിയ ഭട്ട്, ഷഹീൻ ഭട്ട് തുടങ്ങിയവർ പാർട്ടിക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ കുടുംബത്തിനൊപ്പം മാത്രം ഷാരൂഖിന് ഒരു ഡിന്നറുമുണ്ടെന്നാണ് വിവരം.
സിനിമാ രംഗത്ത് ഷാരൂഖ് ഇപ്പോൾ സജീവമാണ്. പഠാൻ, ജവാൻ എന്നിവയാണ് നടന് അടുത്ത കാലത്ത് ലഭിച്ച ഏറ്റവും വലിയ ഹിറ്റുകൾ. ഷാരൂഖിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 59 ലും കരിയറിന് നടൻ വലിയ പ്രാധാന്യം നൽകുന്നു. നടന്റെ സിനിമകൾ റിലീസ് ദിവസം തന്നെ വൻ കലക്ഷനാണ് നേടുന്നത്.


Click it and Unblock the Notifications











