ഒരു വീട്ടിൽ രണ്ട് ജീവിതം ജീവിക്കുകയാണെന്ന് തോന്നി; ഇന്ന് ഞങ്ങൾക്ക് വന്ന മാറ്റം; ഭർത്താവിനെക്കുറിച്ച് ഷെഫാലി
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞ നടിയാണ് ഷെഫാലി ഷാ. ഈയടുത്ത വർഷങ്ങളിലാണ് ഷെഫാലിയുടെ കരിയറിൽ വലിയ ചലനങ്ങളുണ്ടായത്. ഡൽഹി ക്രെെം എന്ന സീരീസിന് ശേഷം നിരവധി മികച്ച അവസരങ്ങൾ ഷെഫാലിയെ തേടി വന്നു. സംവിധായകനും നിർമാതാവുമായ വിപുൽ ഷായാണ് ഷെഫാലി ഷായുടെ ഭർത്താവ്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ഷെഫാലി വിപുൽ ഷായെ വിവാഹം ചെയ്തത്. വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഷെഫാലി ഷായിപ്പോൾ.
വിവാഹ ജീവിതത്തിൽ രണ്ട് പേരിൽ അഡ്ജസ്റ്റ് ചെയ്യുന്നയാൾ എപ്പോഴും അഡ്ജസ്റ്റ് ചെയ്യും. ഒരു ബന്ധത്തിൽ ഒരാൾ മറ്റൊരേക്കാൾ കൂടുതൽ സ്നേഹിക്കുന്നെന്ന് ഞാൻ വിശ്വസിക്കുന്നു. അതൊരിക്കലും തുല്യമല്ല. ഞാനാണ് ബന്ധങ്ങളിൽ എപ്പോഴും കൂടുതൽ സ്നേഹം കൊടുത്തയാൾ. സ്നേഹം ലഭിക്കുന്ന ആളാകണമെന്നാണ് മക്കളോട് ഞാൻ പറയാറ്. കാരണം എനിക്കെപ്പോഴും താഴെയാണെന്ന് തോന്നും.

തന്റെ ഭർത്താവ് അധികം വൈകാരികത പ്രകടിപ്പിക്കാത്ത ആളാണെന്നും ഷെഫാലി പറയുന്നു. വിവാഹ ജീവിതത്തിൽ സ്ട്രഗിൾ ഉണ്ടായിട്ടുണ്ട്. അതില്ലാത്ത ബന്ധങ്ങൾ വിവാഹ ബന്ധമാണോ. ഞാൻ വളരെയധികം പ്രകടിപ്പിക്കുന്ന ആളാണ്. സംസാരിക്കണം, എല്ലാം വലിയ കാര്യമാക്കും. കാൽ വിരലിന് മുറിവ് പറ്റിയെന്ന് പറഞ്ഞാൽ ആശുപത്രിയിലായ ശ്രദ്ധ ഞാൻ കൊടുക്കും.
അങ്ങനെയാണ് ഞാൻ. പക്ഷെ വിപുൽ നേരെ മറിച്ചാണ്. അതെപ്പോഴും ഞങ്ങൾക്കിടയിൽ ഒരു വിഷയമായി. നിങ്ങൾ എനിക്കൊപ്പം സമയം ചെലവഴിക്കുന്നില്ല, ഒന്നും നിങ്ങളെ ബാധിക്കുന്നില്ലെന്ന് ഞാൻ പറയും. വർക്ക് കഴിഞ്ഞ് വന്ന് അദ്ദേഹം ടിവി കാണും. എനിക്ക് സംസാരിക്കണമെന്ന് ഞാൻ പറയും. രണ്ട് പേരും ഒരു വീട്ടിൽ രണ്ട് ലോകത്ത് ജീവിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്.

ഇത് നമ്മൾ ഏത് പ്രായത്തിലാണെന്ന് അനുസരിച്ചിരിക്കും. ഇന്ന് ഞാൻ എന്റെ റൂമിലിരിക്കുകയും അദ്ദേഹം ടിവി കാണുകയും ചെയ്തു. ഞങ്ങൾക്കത് കുഴപ്പമില്ല. എപ്പോഴും ഒരുമിച്ചായിരിക്കണം എന്നില്ല. പക്ഷെ മുമ്പ് അത് തന്നെ സംബന്ധിച്ച് വലിയ വിഷയമായിരുന്നെന്നും ഷെഫാലി ഷാ തുറന്ന് പറഞ്ഞു.
ചെറുപ്രായത്തിലേ വിവാഹം ചെയ്യരുതെന്നും ഷെഫാലി പറയുന്നു. പ്രണയത്തിലായി ആദ്യ രണ്ട് വർഷം റൊമാൻസിന്റെ തീക്ഷണതതയിലായിരിക്കും. വിവാഹം കഴിക്കാൻ ഏറ്റവും മോശം സമയമാണത്. എത്ര നാൾ വേണമെങ്കിലും ഡേറ്റ് ചെയ്യാം. ലിവിംഗ് ടുഗെദറിൽ കഴിഞ്ഞ് വിവാഹം ചെയ്താൽ എന്തായിരിക്കുമെന്ന് മനസിലാക്കാം. കാരണം വിവാഹ ജീവിതം കാണുന്നത് പോലെ അത്ര റൊമാന്റിക്കല്ല. ഒരുപാട് അഡ്ജസ്റ്റ്മെന്റുണ്ട്. വിവാഹത്തിൽ മാത്രമല്ലത്.
ഇന്ന് ഞാൻ എന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞാൽ അത് വളരെ ബുദ്ധിമുട്ടായിരിക്കും. അടുത്ത സുഹൃത്തിനൊപ്പം പത്ത് ദിവസം കഴിയാം. അത് കഴിഞ്ഞാൽ പിന്നെ ഹോളിഡേയല്ല. എത്ര കാലം ഡേറ്റ് ചെയ്യുന്നു എന്നതിനപ്പുറം എത്ര പ്രായമായി എന്നാണ് വിവാഹം ചെയ്യുമ്പോൾ നോക്കേണ്ടത്. ഇരുപതുകളുടെ തുടക്കത്തിൽ വിവാഹം ചെയ്യരുതെന്നും ഷെഫാലി ഷാ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications