രണ്ടിലൊന്ന് തീരുമാനിക്ക്, അല്ലെങ്കിൽ ബന്ധം പിരിയാം; ശിൽപ്പയോട് തീർത്ത് പറഞ്ഞ് രാജ് കുന്ദ്ര; അന്ന് നടന്നത്
ബോളിവുഡിൽ ഇന്നും സജീവ സാന്നിധ്യമാണ് ശിൽപ്പ ഷെട്ടി. റിയാലിറ്റി ഷോകളിലൂടെയാണ് ശിൽപ്പ ഇന്ന് ലൈം ലൈറ്റിൽ തിളങ്ങുന്നത്. ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്ന ശിൽപ്പ ഷെട്ടി വിവാഹ ശേഷം സിനിമകൾ കുറച്ചെങ്കിലും കരിയർ പൂർണമായും വിട്ടിട്ടില്ല. ബോളിവുഡിലെ ഫാഷൻ, ഫിറ്റ്നെസ് ഐക്കൺ കൂടിയാണ് ശിൽപ്പ. 49 കാരിയായ ശിൽപ്പ ഇന്നും തന്റെ ഫിറ്റ്നെസ് നിലനിർത്തുന്നു. യോഗയും ഡയറ്റിംഗും വർക്കൗട്ടുമാണ് നടിയെ ഇതിന് സഹായിക്കുന്നത്.
ബിസിനസുകാരനായ രാജ് കുന്ദ്രയാണ് ശിൽപ്പയുടെ ഭർത്താവ്. 2009 ലാണ് ഇരുവരും വിവാഹിതരായത്. രാജ് കുന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ കവിതയുമായി വേർപിരിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര ശിൽപ്പ ഷെട്ടിയെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹം അന്ന് ബോളിവുഡിൽ ഏറെ ചർച്ചയായി. വിവാഹത്തെക്കുറിച്ച് ശിൽപ്പ ഷെട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കരിയറിലെ തിരക്കേറിയ സമയത്താണ് ശിൽപ്പ ഷെട്ടി വിവാഹിതയാകുന്നത്. സണ്ണി ഡിയോളിന്റെ ദ മാൻ എന്ന സിനിമയ്ക്ക് കമ്മിറ്റ് ചെയ്ത ശേഷം ശിൽപ്പയ്ക്കും രാജ് കുന്ദ്രയ്ക്കും ഇടയിൽ അസ്വാരസ്യങ്ങളുണ്ടായി. ശിൽപ്പ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായത് രാജ് കുന്ദ്രയെ അസ്വസ്ഥനാക്കി. ഒന്നുകിൽ വിവാഹം ചെയ്യുക, അല്ലെങ്കിൽ ഈ ബന്ധം വേണ്ടെന്ന് വെക്കാമെന്ന് രാജ് കുന്ദ്ര തീർത്ത് പറഞ്ഞു. ഇതോടെ സിനിമ വിട്ട് രാജ് കുന്ദ്രയെ വിവാഹം ചെയ്യാൻ ശിൽപ്പ ഷെട്ടി തയ്യാറായി.

താൻ ജീവിതത്തിലെടുത്ത മികച്ച തീരുമാനമാണ് അതെന്ന് ശിൽപ്പ ഷെട്ടി ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. സണ്ണി ഡിയോളിന്റെ ഈ സിനിമ പിന്നീട് മുടങ്ങിപ്പോയതും നടി അന്ന് ചൂണ്ടിക്കാട്ടി. ചില സമയത്ത് തീരുമാനം ആ നിമിഷം എടുക്കണം. ഭാവിയെക്കുറിച്ചോ കഴിഞ്ഞ കാലത്തെക്കുറിച്ചോ അധികം ചിന്തിക്കാതെ ജീവിതം പൂർണമായും ജീവിക്കാനാണ് തനിക്കിഷ്ടമെന്നും അന്ന് ശിൽപ്പ ഷെട്ടി വ്യക്തമാക്കി.
ആ സമയത്ത് തനിക്ക് ഈസ്റ്റ് എൻഡേർസ് എന്ന ബ്രിട്ടീഷ് സീരീസിൽ നിന്ന് അവസരം വന്നിരുന്നു. എന്നാൽ ഇത് വേണ്ടെന്ന് വെച്ച് ജീവിതത്തിലെ പുതിയ ഘട്ടം ആസ്വദിക്കാൻ താൻ തീരുമാനിച്ചെന്നും അന്ന് ശിൽപ്പ ഷെട്ടി വ്യക്തമാക്കി.


Click it and Unblock the Notifications











