കാലൊടിഞ്ഞാലും യോഗ മുഖ്യം; യോഗാഭ്യാസത്തിന്റെ വീഡിയോയുമായി ശിൽപ്പ ഷെട്ടി
ബോളിവുഡിലെ സെലിബ്രറ്റികളിൽ പ്രധാനിയാണ് ശിൽപ്പ ഷെട്ടി. അഭിനേത്രി എന്നതിനപ്പുറം ഇപ്പോൾ ഒരു ഫാഷൻ, ഫിറ്റ്നസ് ഐക്കൺ ആയാണ് ആരാധകർ ശിൽപ്പയെ കാണുന്നത്. നിരവധി റിയാലിറ്റി ഷോകളിലും ശിൽപ്പ ഷെട്ടി അതിഥി ആയി എത്തുന്നുണ്ട്.
അടുത്തിടെ ചെറിയൊരു അപകടം പറ്റി കാല് വയ്യാതിരിക്കുകയാണ് ശിൽപ്പ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്ലാസ്റ്ററിട്ട കാലുമായി ഇരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഇരുന്ന് കൊണ്ട് യോഗ ചെയ്യുകയാണ് നടി വീഡിയോയിൽ. പത്ത് ദിവസം വെറുതെ ഇരുന്നപ്പോഴേക്കും തനിക്ക് മതിയായെന്ന് താരം പറയുന്നു.
'10 ദിവസത്തെ വിശ്രമത്തിന് ശേഷം ഒരു കാരണവും വെറുതെ ഇരിക്കാൻ പര്യാപ്തമല്ലെന്ന് എനിക്ക് മനസ്സിലായി. പരിക്ക് കാരണം കുറച്ച് ആഴ്ചകൾ എനിക്ക് ആശ്വാസം പകരാൻ ആവശ്യമാണെങ്കിലും നിഷ്ക്രിയത്വം നിങ്ങളെ തുരുമ്പിപ്പിച്ചേക്കും. അതിനാൽ ഞാൻ പർവതാസനം ചെയ്യുന്ന പതിവ് വീണ്ടും ആരംഭിച്ചു,' ശിൽപ്പ ഷെട്ടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ. മറ്റ് ചില യോഗാഭ്യാസങ്ങളും ശിൽപ്പ ഷെട്ടി വീഡിയോയിൽ പരിചയപ്പെടുത്തി. താരത്തിന്റെ ഊർജസ്വലതയെ നിരവധി പേരാണ് ഇപ്പോൾ അഭിനന്ദിക്കുന്നത്.

1993 ൽ ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് ശിൽപ്പ അഭിനയത്തിൽ തുടക്കം കുറിച്ചത്. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സിനിമകളിൽ അധികം ശിൽപ്പ ഷെട്ടി തിളങ്ങിയില്ല. 2007 ലെ യുകെയിലെ സെലിബ്രറ്റി ബിഗ് ബ്രദർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് ശിൽപ്പ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ശിൽപ്പയ്ക്കെതിരെ ഷോയിൽ വംശീയ പരാമർശം ഉണ്ടായത് വലിയ വിവാദമായിരുന്നു. ഷോയിൽ ശിൽപ്പ വിജയി ആവുകയും ചെയ്തു.
രാജ് കുന്ദ്ര എന്ന ബിസിനസ്കാരനാണ് ശിൽപ്പയുടെ ഭർത്താവ്. നീലച്ചിത്ര നിർമാണത്തിന്റെ പേരിലുയർന്ന പരാതിയിൽ അടുത്തിടെ ഇയാൾ അറസ്റ്റിലായിരുന്നു. പിന്നീട് ജയിൽ മോചിതനായ രാജ് കുന്ദ്ര മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുകയാണ്. ഭർത്താവിനെ സംബന്ധിച്ചുള്ള വിവാദം ശിൽപ്പ ഷെട്ടിയെയും ബാധിച്ചിരുന്നു.
താരത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ട്രോളുകളും വന്നിരുന്നു, എന്നാൽ ഇവ അവഗണിച്ച ശിൽപ്പ തന്റെ ടെലിവിഷൻ ഷോകളുമായി മുന്നോട്ട് പോയി. 47 കാരിയായ ശിൽപ്പയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമാണുള്ളത്.


Click it and Unblock the Notifications