'മുട്ടുകളിൽ അല്ല കുഞ്ഞുങ്ങളുടെ കാലുകളിൽ തൊടൂ...'; കന്യകാ പൂജ നടത്തിയ ശിൽപ ഷെട്ടിക്കും ഭർത്താവിനും വിമർശനം!
നവരാത്രി ആഘോഷങ്ങൾ ഇന്നലെയാണ് സമാപിച്ചത്. ബോളിവുഡ് താരങ്ങൾ ഏറ്റവും കൂടുതൽ ഭക്തിയോടും വിശ്വാസത്തോടും എല്ലാ വർഷവും മുടങ്ങാതെ വിവിധ പ്രാർത്ഥനകളും പൂജയകളും നടത്താറുമുണ്ട്. ബോളിവുഡ് നടി ശിൽപ ഷെട്ടിയും ആചാരങ്ങളും ചടങ്ങുകളും ആഘോഷിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല. പതിവുപോലെ ഇത്തവണയും നവരാത്രി ആഘോഷ ചടങ്ങുകളുടെ ഭാഗമായി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും വീട്ടിൽ കന്യകാ പൂജ നടത്തി.
നവരാത്രിക്കാലത്ത് കന്യകാ പൂജ ചെയ്യുന്നത് വളരെ നല്ലതാണെന്നാണ് ഹിന്ദുക്കൾക്കിടയിലുള്ള പൊതുവായ വിശ്വാസം. ഇതുവഴി പൂജയ്ക്ക് പന്ത്രണ്ട് ഇരട്ടി ഫലസിദ്ധി ഉണ്ടാവും എന്നാണ് വിശ്വാസം. ഒമ്പത് വയസിൽ കുറവ് പ്രായമുള്ള പെണ്‍കുട്ടിയെ പുതുവസ്ത്രം അണിയിച്ച് ആടയാഭരണങ്ങള്‍ ചാര്‍ത്തി ദേവിയായി സങ്കല്‍പ്പിച്ച് പൂജ നടത്തുകയാണ് ചെയ്യുന്നത്.

നവരാത്രിക്കാലത്തെ ഓരോ ദിവസവും കന്യകമാരെ ദേവിയുടെ ഓരോ ഭാവമായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തേണ്ടത്. അതായത് കന്യകാ പൂജയ്ക്കായി ഒമ്പത് കൊച്ചു പെണ്‍കുട്ടികള്‍ കണ്ടെത്തേണ്ടതുണ്ട്. ചില ക്ഷേത്രങ്ങളില്‍ പോലും കന്യകാ പൂജ നവരാത്രി കാലത്ത് നടത്തപ്പെടാറുണ്ട്. ദേവീ സങ്കല്‍പ്പം ഏറ്റെടുക്കുന്ന പൂജയില്‍ പങ്കുകൊള്ളുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാ വിജയവും ഭാവിയില്‍ ദാമ്പത്യ വിജയവും ഉണ്ടാവുമെന്നാണ് വിശ്വാസം.
ഈ പൂജ ചെയ്യുന്നത് മുജ്ജന്മത്തിലെ ദോഷങ്ങള്‍ മാറാനും കന്യാ ശാപവും സ്ത്രീ ശാപവും മാറിക്കിട്ടാനും നല്ലതാണത്രെ. കന്യകാ പൂജയുടെ ഭാഗമായി തിരഞ്ഞെടുത്ത കുറച്ച് പെൺകുഞ്ഞുങ്ങൾക്കായി ശിൽപയും കുടുംബവും വിരുന്നൊരുക്കി. അഷ്ടമി നവമി ആശംസകൾ നേർന്ന് ശിൽപ തന്നെയാണ് കന്യകാ പൂജയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കിട്ടത്.
പൂജയിൽ പങ്കെടുക്കാനെത്തിയ പെൺകുഞ്ഞുങ്ങൾക്ക് ശിൽപയും ഭർത്താവും ആദ്യം സമ്മാനങ്ങൾ നൽകി. ശേഷം കുഞ്ഞുങ്ങളുടെ കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങി. ശേഷം താരങ്ങൾ അവരുടെ മകളായ സമീഷയ്ക്കൊപ്പം അതിഥികളായി എത്തിയ കുഞ്ഞുങ്ങളേയും ഇരുത്തി വിരുന്ന് നൽകി. ശിൽപ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ഭക്ഷണം വിളമ്പിയതും വാരിയൂട്ടതും.
നടിയുടെ വീഡിയോ വൈറലായതോടെ അഭിനന്ദനങ്ങളെക്കാൾ കൂടുതൽ വിമർശനമാണ് ശിൽപ്പയ്ക്കും ഭർത്താവിനും ലഭിച്ചത്. കന്യകാ പൂജയ്ക്കെത്തിയ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ കൈമാറിയശേഷം കാലിൽ തൊട്ടതിനാണ് സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നത്. കുഞ്ഞുങ്ങളുടെ കാൽപാദങ്ങളിൽ തൊടുന്നതിന് പകരം ശിൽപയും ഭർത്താവും കാൽമുട്ടുകളിലാണ് തൊട്ടതെന്നാണ് വിമർശിച്ച് ആരാധകർ കുറിച്ചത്.

മുട്ടുകളിൽ അല്ല കുഞ്ഞുങ്ങളുടെ കാലുകളിൽ തൊടൂ... അതാണ് ശരിയായ ആചാര രീതി, ശിൽപ ദയവായി ചെറിയ പെൺകുട്ടികളുടെ പാദങ്ങളിൽ തൊടൂ... കാൽമുട്ടുകളിൽ അല്ല തൊടേണ്ടത്. അല്ലാത്ത പക്ഷം നിങ്ങൾ ചെയ്ത കാര്യങ്ങളെല്ലാം വളരെ മാതൃകാപരമാണ്, ഉയര കൂടുതൽ കാരണം ഇനിയും കുനിഞ്ഞാൽ നടുവേദനയെടുക്കുമെന്നതുകൊണ്ടാകും ശിൽപ പാദങ്ങളിൽ തൊടാതെ മുട്ടിൽ തൊട്ട് അവസാനിപ്പിച്ചത് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
ചിലർ സ്വന്തം മകളേയും മറ്റുള്ള കുഞ്ഞുങ്ങൾക്കൊപ്പം ഇരുത്തി വിരുന്ന് നൽകിയതിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജകളൊന്ന് പോലും ശിൽപയും കുടുംബവും മുടക്കാറില്ല. സമീഷ ശിൽപയുടെ രണ്ടാമത്തെ കുഞ്ഞാണ്. ശിൽപയ്ക്കും രാജ്കുന്ദ്രയ്ക്കും വിയാൻ എന്നൊരു മകൻ കൂടിയുണ്ട്.
നവരാത്രിക്ക് പുറമെ ദീപാവലി, ഗണേശ ചതുർത്ഥി എന്നിങ്ങനെ എല്ലാ ഉത്സവങ്ങളും ആഘോഷിക്കാൻ ശിൽപ ഷെട്ടി ഇഷ്ടപ്പെടുന്നു. കഴിഞ്ഞ മാസം നടി ഗണേശ ചതുർത്ഥി ഗംഭീരമായി ആഘോഷിച്ചിരുന്നു. അതേസമയം സുഖീ, ഇന്ത്യൻ പോലീസ് ഫോഴ്‌സ് എന്നിവയിലാണ് ശിൽപ അവസാനമായി അഭിനയിച്ചത്. സുഖീയിൽ വീട്ടമ്മയുടെ വേഷത്തിലാണ് ശിൽപ എത്തിയത്. രോഹിത് ഷെട്ടിയുടെ ആദ്യ വെബ് സീരീസായ ഐപിഎഫ് ൽ പോലീസ് ഓഫീസറായാണ് താരം അഭിനയിച്ചത്.


Click it and Unblock the Notifications











