'അന്ന് പ്രണയാഭ്യര്‍ത്ഥന നടത്തിയത് തമാശയായി കരുതി'; രണ്ടാം വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് കനിക കപൂര്‍
പ്രശസ്ത ബോളിവുഡ് ഗായിക കനിക കപൂറിന്റെ രണ്ടാം വിവാഹം അടുത്തിടെയായിരുന്നു. ബിസിനസുകാരനും പ്രവാസി വ്യവസായിയുമായ ഗൗതമാണ് കനികയുടെ ഭര്‍ത്താവ്. വലിയ ആര്‍ഭാടത്തോടെ ലണ്ടനില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
വിവാഹത്തിനു ശേഷം കനിക കപൂര്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവുമായുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും തങ്ങളുടെ പ്രണയകഥയെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. താന്‍ രണ്ടാമത് വിവാഹം ചെയ്യുന്നു എന്നറിഞ്ഞപ്പോഴുള്ള മക്കളുടെ പ്രതികരണത്തെക്കുറിച്ചും ഗായിക വെളിപ്പെടുത്തി. വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ എല്ലാ ചടങ്ങുകളും കുട്ടികള്‍ ആഘോഷിക്കുകയായിരുന്നു. ലണ്ടനില്‍ വെച്ചായിരുന്നു വിവാഹമെങ്കിലും സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ക്കായുള്ള റിസപ്ഷന്‍ മുംബൈയില്‍ വെച്ച് നടത്തുമെന്ന് ഗായിക അറിയിച്ചു. ഒപ്പം ഭര്‍ത്താവുമൊത്തുള്ള ഹണിമൂണ്‍ യാത്രകള്‍ക്കും തയ്യാറെടുക്കുകയാണ് കനിക കപൂര്‍.

ഭര്‍ത്താവ് ഗൗതമിനെക്കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചും സംസാരിക്കുകയാണ് കനിക കപൂര്‍. 'ഞാനും ഗൗതമും ഏകദേശം 15 വര്‍ഷമായി സുഹൃത്തുക്കളാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും ഞങ്ങള്‍ പരസ്പരം പിന്തുണച്ചിരുന്നു. വര്‍ഷങ്ങളായി അത് തുടരുകയാണ്. ഇപ്പോള്‍ അതിന്റെ പ്രാധാന്യം തിരിച്ചറിയുക കൂടി ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തോട് ഒന്നല്ല, രണ്ടു തവണ ഞാന്‍ വിവാഹം കഴിയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ല്‍ ബേബി ഡോള്‍ പുറത്തിറങ്ങിയതിന് ശേഷമാണ് ഞാന്‍ ആദ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അന്ന് ഞാന്‍ തമാശ പറയുകയാണെന്ന് കരുതി അദ്ദേഹം എന്നെ കണ്ണുരുട്ടി കാണിക്കുകയായിരുന്നു. പിന്നീട് 2020-ല്‍ ഞാന്‍ വീണ്ടും ചോദിച്ചു, അപ്പോഴാണ് ഞാന്‍ അതേക്കുറിച്ച് വളരെ ഗൗരവകരമായി ചിന്തിക്കുന്നുണ്ടെന്ന് ഗൗതമിന് മനസ്സിലായത്. പിന്നീട് ഞങ്ങള്‍ പരസ്പരം പ്രണയിച്ചു തുടങ്ങി.

'ഇന്നത്തെ കാലത്ത് നമ്മെ അംഗീകരിക്കുന്ന ഒരാളെ കണ്ടെത്തുക ഏറെ പ്രയാസമാണെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ എന്താണ്, ആരാണ് എന്നൊക്കെ തിരിച്ചറിഞ്ഞ ശേഷമാണ് ഗൗതം എന്നെ സ്വീകരിക്കുന്നത്. ഞാന്‍ ഒരു അമ്മയും കലാകാരിയും മകളും സുഹൃത്തുമൊക്കെയാണ്.
ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞങ്ങള്‍ വിവാഹം കഴിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ അന്ന് അക്കാര്യം പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. പക്ഷെ, അത് എന്റെ മാത്രം ചിന്തയായിരുന്നു. മൂന്നു കുട്ടികളുള്ള ഞാന്‍ വിവാഹമോചിതയായതിനാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഏകാന്തതയിലായിരുന്നു. ഇപ്പോള്‍ വിവാഹിതയായതില്‍ ഏറെ സന്തുഷ്ടനാണ്.' കനിക പറയുന്നു.

വിവാഹം കഴിയ്ക്കുന്ന കാര്യത്തില്‍ കുട്ടികളുടെ പ്രതികരണത്തെക്കുറിച്ചും ഗായിക മറുപടി പറഞ്ഞു. 'അവര്‍ക്കിതില്‍ ആശങ്കയില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കള്ളമായിരിക്കും. അവര്‍ക്ക് ആകുലതകള്‍ ഉണ്ടായിരുന്നു. പക്ഷെ, വിവാഹദിനം അടുത്തപ്പോഴേക്കും അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചു.
എനിക്ക് വലിയ പിന്തുണയാണ് മക്കളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. വിവാഹച്ചടങ്ങിലെ ഓരോ നിമിഷവും അവര്‍ ആസ്വദിക്കുകയായിരുന്നു. എല്ലാവരും എന്നെയോര്‍ത്ത് വളരെ സന്തുഷ്ടരായിരുന്നുവെന്ന് ആ കണ്ണുകളില്‍ എനിക്ക് കാണാനാകുമായിരുന്നു. കനിക വ്യക്തമാക്കുന്നു.

നടി സണ്ണി ലിയോണി നായികയായി തകര്‍ത്താടിയ രാഗിണി എംഎംഎസിലെ ബേബി ഡോള്‍ ഗാനം ആലപിച്ച് സംഗീതപ്രേമികളുടെ മനസ്സില്‍ കയറിക്കൂടിയ ഗായികയാണ് കനിക കപൂര്‍. ലോകമെമ്പാടും വലിയ തോതില്‍ ആരാധകരുള്ള താരമാണ് കനിക കപൂര്‍.
പതിനെട്ടാം വയസിലായിരുന്നു കനിക കപൂറിന്റെ ആദ്യ വിവാഹം. പ്രവാസി ബിസിനസുകാരനായിരുന്നു ആയ രാജ് ചന്ദോക്കായിരുന്നു കനികയുടെ ആദ്യ ഭര്‍ത്താവ്. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ കനികയ്ക്ക് അയന,സമര, യുവരാജ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. 1997-ല്‍ വിവാഹിതരായ കനികയും രാജ് ചന്ദോക്കും 2012-ലാണ് വിവാഹമോചിതരായത്.

ലഖ്‌നൗവില്‍ ജനിച്ചു വളര്‍ന്ന കനിക രാജ് ചന്ദോക്കിനെ വിവാഹം ചെയ്ത് ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു. വിവാഹമോചനത്തിന് ശേഷം 2012-ല്‍ മുംബൈയിലെക്ക് മടങ്ങിയെത്തിയ കനിക സംഗീതലോകത്ത് സജീവമാവുകയും ചെയ്തിരുന്നു. ചിട്ടിയാന്‍ കലൈയാന്‍, ടുകൂര്‍ ടുകൂര്‍, ഗെന്‍ഡ ഫൂല്‍, ഓ ബൊലേഗാ യാ ഊ ഈ ബൊലേഗാ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ കനിക ആലപിച്ചിട്ടുള്ളവയാണ്.


Click it and Unblock the Notifications











