ലിപ് ഫില്ലേഴ്സ് ഉപയോഗിച്ച് സൗന്ദര്യം കൂട്ടി; പക്ഷെ പറയുന്നത് സൗന്ദര്യത്തിൽ കാര്യമില്ലെന്നും; നടിക്ക് വിമർശനം
കൈ നിറയെ അവസരങ്ങളുമായി കരിയറിലെ മികച്ച സമയത്താണ് ഇന്ന് ശോഭിത ധുലിപാല. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ശോഭിത ആമസോൺ പ്രെെമിലെ മേഡ് ഇൻ ഹെവൻ എന്ന സീരീസിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. താര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശോഭിത മികച്ച പ്രകടനം കാഴ്ച വെച്ചു. അനുരാഗ് കശ്യപിന്റെ രമൺ രാഘവ് 2.0 എന്ന സിനിമയിലൂടെയാണ് തുടക്കമെങ്കിലും കരിയറിൽ വഴിത്തിരിവുണ്ടാകുന്നത് മേഡ് ഇൻ ഹെവന് ശേഷമാണ്.
മലയാളത്തിൽ കുറുപ്പ്, മൂത്തോൻ, തമിഴിൽ പൊന്നിയിൻ സെൽവൻ എന്നീ സിനിമകളിൽ ശോഭിത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയ്ക്കപ്പുറം ശോഭിതയുടെ നിലപാടുകളും കാഴ്ചപ്പാടുകളും സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ശോഭിത. നിഷ്കളങ്കയായി നടിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് മുമ്പൊരിക്കൽ ശോഭിത വ്യക്തമാക്കിയിട്ടുമുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്ന ആളല്ലെന്നും ശോഭിത പറഞ്ഞിട്ടുണ്ട്.

നടിയുടെ പഴയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 2013 ൽ മിസ് ഇന്ത്യ മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ജഡ്ജായി വന്ന നടി അസിന്റെ ചോദ്യങ്ങൾക്ക് ശോഭിത മറുപടി നൽകുന്നതും കാണാം. എന്നാൽ ഇതൊന്നുമല്ല സോഷ്യൽ മീഡിയ ശ്രദ്ധിച്ചത്. ശോഭിതയുടെ മുഖമാണ്. ഇന്നത്തെ ശോഭിതയിൽ നിന്നും വലിയ മാറ്റം നടിയുടെ പഴയ മുഖത്തിനുണ്ട്. ചുണ്ടുകളുടെയും പല്ലുകളുടെയും വ്യത്യാസം പ്രകടമാണ്.
ദൃശ്യങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകളാണ് വരുന്നത്. പഴയ വീഡിയോ കണ്ട് ശോഭിതയാണെന്ന് മനസിലായില്ലെന്നും ശബ്ദം കേട്ടാണ് തിരിച്ചറിഞ്ഞതെന്നും ചിലർ കമന്റ് ചെയ്തു. ലിപ് ഫില്ലേർസ് ഉപയോഗിക്കുന്നതാണ് നടിയുടെ മുഖത്തിന്റെ ഭംഗിയുടെ പ്രധാന കാരണമെന്നും കമന്റുകൾ വന്നു. അതേസമയം താൻ സ്വാഭാവിക ഭംഗിയിൽ വിശ്വസിക്കുന്ന ആളാണെന്നാണ് അഭിമുഖങ്ങളിൽ ശോഭിത പറയാറ്.

അടുത്തിടെ ട്വീക്ക് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ശോഭിത പറഞ്ഞ കാര്യങ്ങളും ഇതിനിടെ ചർച്ചയായി. കൗമാരക്കാലത്ത് എനിക്ക് മുഖക്കുരുകൾ വന്നപ്പോൾ അച്ഛൻ പറഞ്ഞത് നിന്റെ മുഖം ഇപ്പോൾ കാണാൻ കൊള്ളാമെന്നാണ്. ഞാൻ ഇംപെർഫെക്ട് ആണെന്ന് ഒരിക്കലും മാതാപിതാക്കൾ തോന്നിച്ചിട്ടില്ല. ബ്യൂട്ടിയും സ്കിൻ കെയറും എന്നെ സംബന്ധിച്ച് മുൻഗണനയുള്ള കാര്യമല്ല.
ഒരു കാര്യം ചെയ്താൽ സൗന്ദര്യമുണ്ടാകും, വിജയം കൈവരിക്കും, പണക്കാരിയാക്കും എന്നൊന്നും താൻ വിശ്വസിക്കുന്നില്ലെന്നും ശോഭിത അഭിമുഖത്തിൽ പറഞ്ഞു. ഇത്രയും നിലപാടുകളുള്ള വ്യക്തിയാണോ കോസ്മെറ്റിക് സർജറികൾ ചെയ്ത് സൗന്ദര്യം കൂട്ടിയതെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം വരുന്നുണ്ട്. അതേസമയം നടിയെ പിന്തുണയ്ക്കുന്നവരും ഉണ്ട്. കോസ്മെറ്റിക് സർജറി ചെയ്യണോ വേണ്ടയോ എന്നത് വ്യക്തിപരമായ ഇഷ്ടാനിഷടങ്ങളാണ്. അതിൽ അഭിപ്രായം പറയുന്നത് എന്തിനാണെന്നാണ് ഇവരുടെ ചോദ്യം.
നൈറ്റ് മാനേജർ, മേഡ് ഇൻ ഹെവൻ സീസൺ 2 എന്നിവയാണ് ശോഭിതയുടെ പുതിയ സീരീസുകൾ. പ്രെജക്ടുകൾ തെരഞ്ഞെടുക്കുന്നതിൽ ശോഭിത ശ്രദ്ധാലുവാണ്. കരിയറിൽ കുറച്ച് സിനിമകൾ മാത്രമേ നടി ഇതുവരെ ചെയ്തിട്ടുള്ളൂ. ശോഭിതയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നടൻ നാഗ ചൈതന്യയുമായി ശോഭിത പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്.
എന്നാൽ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും കുറച്ച് നാൾ മുമ്പ് പുറത്ത് വന്നിരുന്നു. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പൊതുവെ ശോഭിത പൊതുവിടങ്ങളിൽ സംസാരിക്കാറില്ല.


Click it and Unblock the Notifications











