'ആലിയയുടെ കാര്യം വിശ്വസിക്കാനാവുന്നില്ല'; ഭാര്യ അമ്മയായ പ്രായം ഓർത്ത് നോക്കെന്ന് സോഷ്യൽ മീഡിയ
നിരവധി ഹിറ്റ് സിനിമകൾ ബോളിവുഡിന് സമ്മാനിച്ച നടനാണ് ഷാഹിദ് കപൂർ. 42 കാരനായ ഷാഹിദ് ഇന്നും യുവത്വത്തിന്റെ ആഘോഷമാണ്. 2019 ൽ പുറത്തിറങ്ങിയ കബീർ സിംഗാണ് ഇക്കഴിഞ്ഞ വർഷങ്ങളിലെ ഷാഹിദിന്റെ ഏറ്റവും വലിയ ഹിറ്റ്. തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കായിരുന്നു കബീർ സിംഗ്. കഴിഞ്ഞ കുറേ വർഷങ്ങളായി കരിയറിനും കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകി ഗോസിപ്പുകളിൽ നിന്നും പരമാവധി അകന്ന് നിൽക്കുകയാണ് ഷാഹിദ്.
എന്നാൽ ബി ടൗണിലെ നടന്റെ യുവത്വ കാലം ഇങ്ങനെയായിരുന്നില്ല. ചോക്ലേറ്റ് ബോയ് ഇമേജിൽ അറിയപ്പെട്ട ഷാഹിദ് മുൻനിര നായിക നടിമാരുമായി പ്രണയത്തിലായിരുന്നു. കരീന കപൂർ, പ്രിയങ്ക ചോപ്ര, വിദ്യ ബാലൻ തുടങ്ങിയവരെല്ലാം ഷാഹിദിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചവരാണ്.

ഇതിൽ കരീന കപൂറുമായുള്ള പ്രണയമാണ് ബോളിവുഡിൽ ഏറെ വാർത്താ പ്രാധാന്യം നേടിയത്. ഇരുവരും പ്രണയകാലത്ത് ഒരുമിച്ചഭിനയിച്ച ഫിദ, ജബ് വി മെറ്റ് എന്നീ സിനിമകൾ വൻ ഹിറ്റായിരുന്നു. ഓൺസ്ക്രീനിലെ നായകനും നായികയും ഓഫ് സ്ക്രീനിലും പ്രണയത്തിലായപ്പോൾ ആരാധകരും ആഘോഷമാക്കി. എന്നാൽ ഈ പ്രണയ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. ഷാഹിദുമായി അകന്ന കരീന നടൻ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും ഇവർ വിവാഹിതരാവുകയും ചെയ്തു.
സിനിമാ രംഗവുമായി ബന്ധമില്ലാത്ത മിര രാജ്പുതിനെയാണ് ഷാഹിദ് വിവാഹം ചെയ്തത്. 34ാം വയസ്സിലാണ് ഷാഹിദ് വിവാഹിതനാവുന്നത്. അന്ന് മിര രാജ്പുതിന്റെ പ്രായം 20 ഉം. ഇവരുടെ പ്രായ വ്യത്യാസം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഷാഹിദ് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ഇതിന് കാരണമായത്.

നടി ആലിയ ഭട്ട് അമ്മയായതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷാഹിദ്. ഷാന്താർ, ഉഡ്താ പഞ്ചാബ് എന്നീ സിനിമകളിൽ ഷാഹിദും ആലിയയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആലിയക്കൊപ്പം ആദ്യ സിനിമ ഷാന്താർ ചെയ്യുമ്പോൾ അവൾക്ക് പ്രായം 21 ആണ്. ഇപ്പോൾ അവളൊരു അമ്മയായി. തനിക്കത് വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് ഷാഹിദ് പറഞ്ഞത്. പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നു.
'ആലിയ 29ാം വയസ്സിലാണ് അമ്മയായത്. അതിൽ അത്ഭുതപ്പെടാനെന്താണ്, താങ്കളുടെ ഭാര്യ 22ാം വയസ്സിൽ അമ്മയായല്ലോ' എന്ന കമന്റുകൾ വന്നു. നേരത്തെയും ഭാര്യയുമായുള്ള പ്രായവ്യത്യാസത്തിന്റെ പേരിൽ ഷാഹിദ് പരിഹസിക്കപ്പെട്ടിട്ടുണ്ട്.
അടുത്തിടെ വിവാഹത്തെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളും വിമർശിക്കപ്പെട്ടു. വിവാഹം കൊണ്ട് അർത്ഥമാക്കുന്നത് അലസനായ പുരുഷന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന പെൺകുട്ടി അവന്റെ ജീവിതം നേരെയാക്കലാണെന്ന് ഷാഹിദ് അഭിപ്രായപ്പെട്ടു. പിന്നാലെ നടനെതിരെ വിമർശനങ്ങൾ ഉയർന്നു. പുരുഷന്റെ ജീവിതം നേരെയാക്കലാണോ സ്ത്രീയുടെ ജോലിയെന്ന ചോദ്യം ഷാഹിദിന് നേരിടേണ്ടി വന്നു. മിഷ, സെയ്ൻ എന്നീ രണ്ട് മക്കളാണ് ഷാഹിദിനും മിര രാജ്പുതിനും പിറന്നത്. ഭാര്യക്കും മക്കൾക്കുമൊപ്പമുളള ഷാഹിദിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
പഴയ പ്രണയ ഗോസിപ്പുകളെക്കുറിച്ച് ഷാഹിദിന് ഇപ്പോഴും ചോദ്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. മുൻ കാമുകി കരീനയുമായി ഷാഹിദിന് ഇപ്പോഴും സൗഹൃദമുണ്ട്. ബ്രേക്കപ്പിന് ശേഷം വർഷങ്ങൾക്കിപ്പുറം ഉഡ്താ പഞ്ചാബ് എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.
പ്രണയകാലത്ത് പുറത്ത് വന്ന ഒരു ഫോട്ടോയാണ് കരീന-ഷാഹിദ് പ്രണയം ഇത്രമാത്രം ചർച്ചയാവാൻ കാരണമായത്. ഇരുവരും ചുംബിക്കുന്ന ഫോട്ടോയായിരുന്നു ഇത്. എന്നാൽ ഇവ എഡിറ്റ് ചെയ്തതാണെന്നാണ് താരങ്ങൾ അന്ന് പറഞ്ഞത്. എന്നാൽ ഫോട്ടോ പുറത്ത് വിട്ട പത്രം ഈ വാദം നിഷേധിച്ചു.


Click it and Unblock the Notifications