സോനാക്ഷിയുടെ കാമുകൻ സഹീർ തന്നെ, സോഷ്യൽമീഡിയ വഴി പ്രണയം പരസ്യമാക്കി ബോളിവുഡ് താരം!
താരപുത്രി സോനാക്ഷി സിൻഹയ്ക്ക് ബോളിവുഡിൽ ചുരുങ്ങിയ കാലയളവിൽ തന്റേതായൊരു ഇടം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സൽമാൻ ഖാന്റെ അടക്കം നായികയായിട്ടുള്ള സോനാക്ഷി അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വിട്ടത്.
കയ്യിൽ വജ്രമോതിരവുമായി നിറചിരിയോടെ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് സോനാക്ഷി അറിയിച്ചത്. എന്നാൽ വരനാരെന്ന് താരം വെളിപ്പെടുത്തിയില്ല.

'എനിക്ക് വലിയ ദിവസമായിരുന്നു. എന്റെ വലിയൊരു സ്വപ്‌നങ്ങളിലൊന്ന് യാഥാർത്ഥ്യമാകുന്നു. നിങ്ങളോട് അത് പങ്കുവയ്ക്കാനായി കാത്തിരിക്കുകയാണ്. ഇത് ഇത്ര എളുപ്പമായിരുന്നെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല' എന്നാണ് സോനാക്ഷി വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.
ഒരു പുരുഷന്റെ തോളിൽ ചാഞ്ഞും കൈ പിടിച്ചും നിൽക്കുന്ന സോനാക്ഷിയെയാണ് ചിത്രങ്ങളിൽ ഉണ്ടായിരുന്നത്. താരത്തിന്റെ വരനാരണ് എന്ന് പാപ്പരാസികളും ആരാധകരും ഒന്നടങ്കം അന്വേഷിക്കുന്നുണ്ട്.
സോനാക്ഷിയുടെ പേരിനൊപ്പം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള സഹീർ ഇഖ്ബാലാണ് താരത്തിന്റെ വരനെന്നും ഗോസിപ്പുകളുണ്ടായിരുന്നു. ആ ഗോസിപ്പ് ശരിവെക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ സഹീർ ഇഖ്ബാൽ.
സോഷ്യൽമീഡിയയിൽ സോനാക്ഷിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നാണ് സഹീർ കുറിച്ചത്. 'ഹാപ്പി ബർത്ത്‌ഡേ സോൺസ്. എന്നെ കൊല്ലാത്തതിന് നന്ദി. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇവിടെ കൂടുതൽ ഭക്ഷണവും ഫ്ലൈറ്റുകളും സ്നേഹവും ചിരിയുമുണ്ട്' എന്നാണ് വീഡിയോ പങ്കുവെച്ച് സഹീർ കുറിച്ചത്. സോനാക്ഷിയുടെ പിറന്നാളായിരുന്നു ഇന്ന്.

സിങ്കപ്പൂരിലാണ് സോനാക്ഷി ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. 1987 ജൂൺ 2 ന് ബിഹാറിലെ പട്നയിലാണ് സോനാക്ഷി സിൻഹ ജനിച്ചത്. ലവ് സിൻഹ, കുഷ് സിൻഹ എന്നി രണ്ട് സഹോദരങ്ങളും താരത്തിനുണ്ട്. 2010ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രം ദബാംഗിലൂടെയാണ് സോനാക്ഷി വെള്ളിത്തിരയിലെത്തിയത്.
ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയർ അവാർഡും താരം സ്വന്തമാക്കിയിരുന്നു. അഭിനേതാവായി മാറുന്നതിന് മുമ്പ് സോനാക്ഷി സിൻഹ വസ്ത്രാലങ്കാര രംഗത്ത് പ്രവർത്തിച്ചിരുന്നു. റൗഡി റാത്തോർ, സൺ ഓഫ് സർദാർ, ദബാംഗ് 2, ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി തുടങ്ങിയ സിനിമകളിലും സോനാക്ഷി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications