കുഞ്ഞ് പിറന്ന ശേഷം പഴയത് പോലെ ആകുമെന്ന് കരുതി; ഭർത്താവുമായുള്ള ബന്ധത്തിൽ പോലും മാറ്റം; സോനം കപൂർ
ബോളിവുഡിലെ ഫാഷൻ ഐക്കണാണ് സോനം കപൂർ. നടൻ അനിൽ കപൂറിന്റെ മകളായ സോനം 'സാവരിയ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. താരപുത്രിയായതിനാൽ സിനിമാ രംഗത്ത് വളരെ പെട്ടെന്ന് സോനത്തിന് സ്ഥാനം ലഭിച്ചു. അതേസമയം ഇതിന്റെ പേരിൽ വ്യാപക സൈബർ ആക്രമണവും സോനത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സൂപ്പർതാര ചിത്രങ്ങളിൽ നായികയായ സോനം കരിയറിന്റെ ഒരു ഘട്ടത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്തു.
2018 ലാണ് സോനം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ബിസിനസുകാരനായ ആനന്ദ് അഹുജയാണ് സോനത്തിന്റെ ഭർത്താവ്. വിവാഹ ശേഷം സോനം ഭർത്താവിനൊപ്പം ലണ്ടനിലേക്ക് മാറി. സിനിമകളിലെ തിരക്ക് കുറച്ച് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനും സോനം തയ്യാറായി. 2022 ൽ ദമ്പതികൾ മകൻ ജനിച്ചു. വായു കപൂർ അഹുജ എന്നാണ് കുഞ്ഞിന്റെ പേര്. സിനിമാ രംഗത്ത് വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സോനം കപൂർ. കുഞ്ഞ് പിറന്ന ശേഷം വണ്ണം വെച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സോനം കപൂറിപ്പോൾ.

അമ്മയായ ശേഷം വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ആദ്യം തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് സോനം കപൂർ തുറന്ന് പറഞ്ഞു. ഞാൻ 32 കിലോ കൂടി. ഞാൻ ആഘാതത്തിലായിരുന്നു. ഇതേക്കുറിച്ച് ആളുകൾ പറഞ്ഞ് തന്നെങ്കിലും കുഞ്ഞ് പിറന്ന ശേഷം പഴയ ശരീരത്തിലേക്ക് മാറുമെന്നാണ് കരുതിയത്. എല്ലാം ശരിയാകുമെന്ന് ചിന്തിക്കും. മാത്രവുമല്ല, നമ്മൾ കുഞ്ഞിനോടുള്ള അഭിനിവേശത്തിലായിരിക്കും.
വർക്ക് ഔട്ട് ചെയ്യുന്നതിനെക്കുറിച്ചോ ഭക്ഷണ ക്രമത്തെക്കുറിച്ചോ ചിന്തിക്കില്ല. കാരണം മുലയൂട്ടുന്ന ഘട്ടമാണത്. അമ്മയായ ശേഷമുള്ള മാറ്റത്തോടും ജീവിതത്തോടും പൊരുത്തപ്പെടാൻ ഒന്നര വർഷം തനിക്ക് വേണ്ടി വന്നെന്ന് സോനം പറയുന്നു. ഒന്നര വർഷം ഞാനെടുത്തു. പതിയെയാണ് മനസിലാക്കിയത്. കാരണം നിങ്ങളിലെ പുതിയ ആളുമായും ജീവിതത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്.

നിങ്ങൾക്ക് നിങ്ങളുമായുള്ള ബന്ധത്തിൽ മാറ്റം വരും. മാതാപിതാക്കളുമായും ഭർത്താവുമായുള്ള ബന്ധത്തിൽ മാറ്റം വരും. ഒരിക്കലും പഴയത് പോലെ നിങ്ങളുടെ ശരീരത്തെക്കുറിച്ച് തോന്നില്ലെന്നും സോനം കപൂർ തുറന്ന് പറഞ്ഞു. ഈ മാറ്റങ്ങളെ താൻ ഉൾക്കൊള്ളുന്നെന്നും സോനം കപൂർ വ്യക്തമാക്കി. എപ്പോഴും താൻ സ്വയം അംഗീകരിച്ചിട്ടുണ്ട്. പതിനാറ് വയസിലോ ഇരുപത്തിയഞ്ച് വയസിലോ ഉള്ളത് പോലെയായിരിക്കില്ല ഇനിയൊരിക്കലും എന്നെ കാണാൻ.
എനിക്കിപ്പോൾ 38 വയസാണ്. എനിക്കൊരു കുഞ്ഞുണ്ട്. ഈ ശരീരത്തിൽ നിന്നാണ് കുഞ്ഞുണ്ടായത്. അത് അവിശ്വസനീയമാണ്. അത് അംഗീകരിക്കണം. ഉൾക്കൊള്ളാൻ സമയമെടുക്കുമെന്നും സോനം കപൂർ ചൂണ്ടിക്കാട്ടി. അമ്മയായ ശേഷവും സോനത്തിന്റെ ഫാഷൻ സെൻസ് ബോളിവുഡിൽ ചർച്ചയാകാറുണ്ട്. ബോളിവുഡിൽ സോനത്തെ പോലെ ഫാഷൻ പരീക്ഷണങ്ങൾ നടത്തിയ മറ്റൊരു നടിയില്ലെന്ന് ആരാധകർ പറയുന്നു. 'ബ്ലെെൻഡ്' ആണ് സോനത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











