നിങ്ങള്‍ എങ്ങനെയുള്ള അമ്മയായിരിക്കും? അനുഷ്‌കയുടെ ചോദ്യത്തിന് സോനം കപൂര്‍ നല്‍കിയ മറുപടി
അപ്രതീക്ഷിതമായിട്ടായിരുന്നു നടി സോനം കപൂര്‍ താന്‍ ഒരു അമ്മയാകാന്‍ പോകുന്ന വിശേഷം പുറംലോകത്തെ അറിയിച്ചത്. ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ചും ചില സൂചനകള്‍ ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചും വളരെ നാടകീയമായിട്ടായിരുന്നു ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചത്.
ജൂനിയര്‍ അഹൂജയെ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം തന്നെ. പക്ഷെ, അതിനുമുമ്പ് താന്‍ എങ്ങനെയുള്ള ഒരമ്മയായിരിക്കും എന്നതിനെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ സോനം. അതെക്കുറിച്ചറിയാന്‍ ആരാധകര്‍ക്കും താത്പര്യമുണ്ടാകും.

തന്റെ വരാനിരിക്കുന്ന പ്രോജക്റ്റില്‍ നിന്നുള്ള ഒരു വീഡിയോ ബിടിഎസ് മ്യൂസിക്കിനൊപ്പം ചേര്‍ത്ത് കഴിഞ്ഞ ദിവസം നടി അനുഷ്‌ക ശര്‍മ്മ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഇട്ടിരുന്നു. അതിനു താഴെയായി അനുഷ്‌ക വളരെ രസകരമായി ഇങ്ങനെ കൂടി എഴുതിയിട്ടുണ്ടായിരുന്നു; 'ഒരു ദിവസം എത്ര തവണ നിങ്ങള്‍ മാതാപിതാക്കള്‍ ഇല്ല എന്ന് പറയും? സ്‌ക്രീന്‍ ടൈം, കുട്ടികള്‍ക്കുള്ള ഭക്ഷണവിഭവങ്ങള്‍, കളിപ്പാട്ടങ്ങളിലെ രാസവസ്തുക്കള്‍ എന്നു തുടങ്ങി... പട്ടിക അനന്തമാണ്. ഞാന്‍ അതേക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഒരു രക്ഷിതാവാണെങ്കില്‍ അതെ എന്നാണോ അല്ല എന്നാണോ പറയുക?'
ഈ സ്റ്റോറി പങ്കുവെച്ചുകൊണ്ട് സോനം കപൂര്‍ നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്. അതെ എന്നു പറയാന്‍ ആഗ്രഹിക്കുന്ന ഒരു രക്ഷിതാവായിക്കൊണ്ടിരിക്കുകയാണ് താനെന്നായിരുന്നു സോനത്തിന്റെ മറുപടി.

ഇന്നലെയായിരുന്നു അനുഷ്‌കയുടെ 34-ാം പിറന്നാള്‍. ഭര്‍ത്താവ് വിരാട് കൊഹ്‌ലിക്കും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷം. തനിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും താരസുന്ദരി ഇന്‍സ്റ്റഗ്രാമിലൂടെ നന്ദിയും അറിയിച്ചിരുന്നു.
അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് വിരാട് കൊഹ്‌ലി പോസ്റ്റ് ചെയ്ത ആശംസാവചനം ഏറെ ഹൃദ്യമായിരുന്നു. ' നീ ജനിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു, നീയില്ലാതെ ഞാന്‍ എന്തുചെയ്യുമെന്ന് എനിക്കറിയില്ല, നീ എല്ലാ അര്‍ത്ഥത്തിലും സുന്ദരിയാണ്, ചുറ്റുമുള്ള നല്ല ആളുകളുമായി ഒരു മികച്ച സായാഹ്നം ആസ്വദിച്ചു.' ഇങ്ങനെയായിരുന്നു വിരാടിന്റെ കുറിപ്പ്.
അതേസമയം, ഒരിടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ് അനുഷ്‌ക ശര്‍മ്മ. ചക്‌ദേ എക്‌സ്പ്രസാണ് അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ വേഷത്തിലാണ് അനുഷ്‌ക ഈ ചിത്രത്തില്‍ എത്തുന്നത്. പ്രോസിത് റോയ് ആണ് സംവിധാനം. 2018-ല്‍ ഷാരൂഖ് ഖാന്‍ നായകനായെത്തിയ സീറോ എന്ന ചിത്രത്തിലായിരുന്നു അനുഷ്‌ക ഒടുവില്‍ അഭിനയിച്ചത്.

ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് സോനം കപൂറം ആനന്ദ് അഹൂജയും തമ്മില്‍ 2018ല്‍ വിവാഹിതരാകുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ലണ്ടനിലാണെങ്കിലും സോനം അഭിനയം വിട്ടിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോനം കപൂര്‍ പുറംലോകത്തെ അറിയിക്കുന്നത്.
അഭിനയത്തില്‍ നിന്ന് താത്കാലിക ഇടവേളയെടുത്തെങ്കിലും അഭിമുഖങ്ങള്‍ക്കായും ഫോട്ടോ ഷൂട്ടുകള്‍ക്കായും സോനം ഇപ്പോഴും സമയം കണ്ടെത്തുന്നു. വിവിധ മെറ്റേണിറ്റി ഔട്ട്ഫിറ്റുകളിലുള്ള സോനത്തിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു.
രണ്‍ബീര്‍ കപൂര്‍ നായകനായ സാവരിയ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സോനം കപൂര്‍ ഡല്‍ഹി 6, ഐ ഹേറ്റ് ലവ് സ്‌റ്റോറീസ്, ഐഷ, താങ്ക്യു, മൗസം, ഭാഗ് മില്‍ഖ ഭാഗ്, ഖൂബ്‌സൂരത്ത്, പ്രേം രത്തന്‍ ധന്‍ പായോ, നീര്‍ജ, പാഡ് മാന്‍, വീരേ ദി വെഡ്ഡിങ്, സഞ്ജു തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി. സോയ ഫാക്ടറാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബ്ലൈന്‍ഡാണ് സോനത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.


Click it and Unblock the Notifications