മുംബൈയില്‍ നിന്നുളള 173 കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ച് സോനു സൂദ്
കൊറോണ വൈറസ് വ്യാപനത്തിനിടെയുളള ലോക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് സഹായവുമായി എത്തിയ താരമാണ് സോനു സൂദ്. അന്യ നാടുകളില്‍ കുടുങ്ങിപ്പോയ കുടിയേറ്റക്കാരെ രക്ഷപ്പെടുത്താനുളള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് നടന്‍. കഴിഞ്ഞ ദിവസം ഇരുനൂറോളം ഇഡ്ഡലി വില്പനക്കാരെ മുംബൈയില്‍ നിന്നും അവരുടെ ജന്മദേശമായ തമിഴ്‌നാട്ടിലേക്ക് അയച്ചിരുന്നു താരം.

പ്രത്യേക ബസ്സുകളിലാണ് അവര്‍ നാട്ടിലേക്ക് പോയത്. ഇപ്പോഴിതാ 173 കുടിയേറ്റ തൊഴിലാളികളെ കൂടി നടന്‍ നാട്ടിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഏയര്‍ എഷ്യയുടെ വിമാനത്തിലാണ് തൊഴിലാളികള്‍ ഡെറാഡൂണിലേക്ക് പോയത്. വെളളിയാഴ്ച ഉച്ചയ്ക്ക് 1.57ന് മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനം വൈകുന്നരം 4.41ന് ഡെറാഡൂണില്‍ എത്തി.
"ഇന്ന് മറ്റൊരു ചാര്‍ട്ടര്‍ ഫ്‌ളെെറ്റ് കൂടി പറക്കുമ്പോള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായി. അവരില്‍ ഭൂരിഭാഗം പേര്‍ക്കും മുന്‍പ് വിമാന യാത്ര അനുഭവിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല, ഇപ്പോള്‍ എയര്‍ ഏഷ്യ വിമാനത്തില്‍ അവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ അവരുടെ മുഖത്തെ പുഞ്ചിരി എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു. സമീപ ഭാവിയില്‍ ഇത്തരം കൂടുതല്‍ വിമാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നു. പിടിഐയോട് സോനു സൂദ് പറഞ്ഞു.
നേരത്തെ അവസാന കുടിയേറ്റക്കാരനും നാടെത്തിയെന്നുറപ്പു വരുത്തിയിട്ടേ താന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയുളളൂവെന്ന് സോനു സൂദ് വ്യക്തമാക്കിയിരുന്നു. ലോക് ഡൗണില്‍ ഏറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെ കഴിഞ്ഞ ആഴ്ച സോനു സൂദിന്റെ നേതൃത്വത്തില് അവരുടെ സ്വദേശമായ ഭുവനേശ്വറിലെത്തിച്ചിരുന്നു.
ഒഡീഷയില്‍ നിന്നുളള പെണ്‍കുട്ടികള്‍ കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ തുന്നല്‍ ജോലിയ്ക്ക് എത്തിയതായിരുന്നു. ലോക്ഡൗണില്‍ ഫാക്ടറി അടച്ചുപൂട്ടിയപ്പോഴാണ് ജന്മനാട്ടിലേക്ക് മടങ്ങാനായി ഇവരെ സോനു സൂദ് സഹായിച്ചത്. നേരത്തെ മഹാരാഷ്ട്രയില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാനും നടന്‍ ബസ് ഏര്‍പ്പാടാക്കിയിരുന്നു. കര്‍ണാടകയില്‍ നിന്നുളള 350 പേരെയും സോനു സൂദ് കയറ്റിവിട്ടു. കൂടാതെ നിരവധി പാവപ്പെട്ടവര്‍ക്ക് ദിവസേന ഭക്ഷണവും നല്‍കുന്നുണ്ട് താരം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നേരത്തെ ആറ് നിലയുളള തന്റെ ഹോട്ടലും വിട്ടുകൊടുത്തിരുന്നു താരം.


Click it and Unblock the Notifications











