ദീപികയുമായി വേര്‍പിരിയുന്നു? ഉത്തരം രണ്‍വീര്‍ തന്നെ കാണിച്ചു; 'ഏറ്റവും പ്രിയപ്പെട്ട ഒന്ന് ഇത്'
അടുത്ത കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ദീപിക പദുകോണും രണ്‍വീര്‍ സിംഗുമാണ്. ബോളിവുഡിലെ താര ദമ്പതികള്‍ സെപ്തംബറില്‍ ആദ്യത്തെ കണ്‍മണിയെ സ്വീകരിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഇരുവരും ഡിവോഴ്‌സ് ചെയ്യാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നത്.
തങ്ങളുടെ വിവാഹ ചിത്രങ്ങളെല്ലാം രണ്‍വീര്‍ സിംഗ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് ഡിവോഴ്‌സ് ചെയ്യുന്നുവെന്ന അഭ്യൂഹം ശക്തമായത്. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ ആരാധകര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ സംശയത്തിന് താരം തന്നെ വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ്.

രണ്‍വീര്‍ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജുവല്ലറി ബ്രാന്‍ഡ് ലോഞ്ച് ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിരലുകളില്‍ ദീപികയുമായുള്ള എന്‍ഗേജ്‌മെന്റിന്റെയും വിവാഹ ദിനത്തിലെയും മോതിരങ്ങള്‍ കണ്ടതാണ് എല്ലാ വിവാഹ മോചന അഭ്യൂഹങ്ങളെയും തകര്‍ത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജുവല്ലറികളില്‍ ഈ മോതിരങ്ങളും ഉണ്ട്.
പരിപാടിക്കിടെ വോഗ് മീഡിയ ആണ് രണ്‍വീറിനോട് തന്റെ പ്രിയപ്പെട്ട ജുവല്ലറിയെക്കുറിച്ച് ചോദിച്ചത്. ഇതിന് മറുപടി പറയവെയാണ് വിവാഹ മോതിരത്തെക്കുറിച്ചും എന്‍ഗേജ്‌മെന്റ് മോതിരത്തെക്കുറിച്ചുമെല്ലാം രണ്‍വീര്‍ മനസുതുറന്നത്. വ്യക്തിപരവും വൈകാരികവുമായി തനിക്ക് പ്രിയപ്പെട്ട ആഭരണങ്ങള്‍ ഏതൊക്കെയാണെന്് കൈ വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചാണ് താരം പറഞ്ഞത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ടവയില്‍ ഒന്ന് എന്ന് പറയുന്നത്, തന്റെ വിവാഹ മോതിരമാണ്. അത് തനിക്ക് തന്റെ ഭാര്യ ഇട്ടു തന്നതാണ്. പിന്നെ ഒന്ന് ഒരു പ്ലാറ്റിനം മോതിരമാണ്. അത് എന്‍ഗേജ്‌മെന്റ് സമയത്തേതാണ്. അതുപോലെ തന്നെ അമ്മ തന്ന വജ്രം കൊണ്ടുള്ള ഒരു കമ്മലും മുത്തശ്ശി തന്ന പേള്‍സും തനിക്ക് പ്രിയപ്പെട്ട ആഭരണമാണെന്ന് രണ്‍വീര്‍ സിംഗ് പറഞ്ഞു.
രണ്‍വീറിന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വിവാഹ ചിത്രങ്ങളൊന്നും കാണാന്‍ ഇല്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ഏറ്റവും പഴയ പോസ്റ്റ് 2023 ജനുവരി 24 ലേതാണ്. ആലിയ ഭട്ടിനൊപ്പമുള്ള ഒരു പരസ്യമാണ് രണ്‍വീര്‍ അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, ദീപികയും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നേരത്തെ ആര്‍ക്കൈവ് ചെയ്തിരുന്നു.
ഫെബ്രുവരിയിലാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും പങ്കുവെച്ചത്. 2024 സെപ്തംബറില്‍ ഒരു കുഞ്ഞ് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരാധകരും ദീപികയുടെയും രണ്‍വീറീന്റെയും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ്. രാംലീല എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

എന്നാല്‍ തുടക്കത്തില്‍ റിലേഷന്‍ഷിപ്പിനെ അത്ര ഗൗരവമായി കണ്ടിരുന്നില്ലെന്നും പിന്നീട് അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു. 2018ലാണ് ഇരുവരും വിവാഹിതരകുന്നത്. ഏറെ നാള്‍ ഡേറ്റ് ചെയ്ത ദീപികയും രണ്‍വീറും വിവാഹത്തിന് അടുത്ത കാലം വരെ പ്രണയ വിവരം തുറന്നു പറഞ്ഞിരുന്നില്ല.
എന്തായാലും ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെടുന്ന താരദമ്പതികളുടെ വിവാഹ മോചന അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി രണ്‍വീര്‍ സിംഗ് തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications











