ശ്രീദേവി ഐശ്വര്യ റായ്ക്ക് നൽകിയ മാല, അതിന് പിന്നിൽ മറ്റൊരു കഥയുണ്ട്; വർഷങ്ങളായുള്ള രീതി
നായിക നടിമാരുടെ പറുദീസയാണ് ബോളിവുഡ്. മറ്റ് ഇൻഡ്സ്ട്രികളിൽ പേരും പ്രശസ്തിയും ലഭിക്കുമെങ്കിലും ഹിന്ദി സിനിമാ ലോകത്തെ നായികമാരുടെ പ്രശസ്തി വേറെ തന്നെയാണ്. ഐക്കോണിക് നായികമാരായി മാറിയ നിരവധി നടിമാർ ബോളിവുഡിലുണ്ട്. കണ്ണഞ്ചിക്കുന്ന ഗ്ലാമറസ് ലോകമായ ബോളിവുഡിൽ പക്ഷെ താരമായി മാറുക ആർക്കും എളുപ്പമല്ല. എന്നാൽ ബി ടൗണിലെ പ്രബല സാന്നിധ്യമായി മാറിയ നടിമാരുമുണ്ട്. മധുബാല, രേഖ, ഹേമ മാലിനി, ശ്രീദേവി, മാധുരി ദീക്ഷിത്, ഐശ്വര്യ റായ്, ദീപിക പദുകോൺ, തുടങ്ങി ഇന്ന് അനന്യ പാണ്ഡെ വരെ എത്തി നിൽക്കുന്നു ഈ നിര.
ഇവരിൽ ശ്രീദേവി, രേഖ തുടങ്ങിയവരുടെ ഖ്യാതി കാലാതീതമാണ്. അത്രമാത്രം പ്രേക്ഷക മനസിൽ ഇടം പിടിച്ച കഥാപാത്രങ്ങൾ ഇവർ ചെയ്തിട്ടുണ്ട്. രേഖയുടെ പ്രെെം ടെെം അവസാനിച്ച് തുടങ്ങിയ ഘട്ടത്തിലാണ് ശ്രീദേവി ബോളിവുഡിലേക്ക് വരുന്നത്. സഹനായിക നടിമാരുമായി വലിയ മത്സരമുണ്ടായിരുന്നവരാണ് ഇരുവരും. എന്നാൽ രേഖ ശ്രീദേവിയുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലായി.

ബോളിവുഡിലെത്തുമ്പോൾ ഗ്ലാമറസ് ലോകത്തെക്കുറിച്ച് ശ്രീദേവിക്ക് അധികമൊന്നും അറിയില്ല. മേക്കപ്പിലും ഡ്രസ്സിംഗിലുമെല്ലാം ശ്രീദേവിക്ക് പാഠങ്ങൾ പറഞ്ഞ് കൊടുത്തത് രേഖയാണെന്ന് നടി കുട്ടി പത്മിനി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തനിക്ക് പകരക്കാരിയായ ബോളിവുഡ് അടക്കി വാഴാൻ പോകുന്നത് ശ്രീദേവിയാണെന്ന് രേഖയ്ക്ക് അറിയാമായിരുന്നു. പിന്നീട് രേഖയ്ക്കും മുകളിലേക്ക് ശ്രീദേവിയുടെ പേരും പ്രശസ്തിയും ഉയർന്നു.
വശ്യമായ സൗന്ദര്യവും അഭിനയ മികവും ശ്രീദേവിയെ താരറാണിയാക്കി. അന്നും രേഖ-ശ്രീദേവി സൗഹൃദം നിലനിന്നു. ഈ സൗഹൃദത്തിന് മറ്റ് ചില മാനങ്ങളുമുണ്ട്. ബോളിവുഡിലെ ഒരു സമ്പ്രദായമാണിത്. തെന്നിന്ത്യക്കാരാണ് രേഖയും ശ്രീദേവിയും. തെന്നിന്ത്യയിൽ നിന്നും വന്ന് ബോളിവുഡിൽ താരമായി മാറുന്ന നടിമാർ തമ്മിൽ എല്ലാക്കാലത്തും വലിയ അടുപ്പം കാത്ത് സൂക്ഷിച്ചിരുന്നു.
വെെജയന്തിമാലയ്ക്ക് പിന്മുറക്കാരിയായാണ് രേഖ ബി ടൗണിലെത്തുന്നത്. വെെജയന്തിമാലയെ അക്ക എന്നാണ് രേഖ വിളിച്ചിരുന്നത്. രേഖയ്ക്ക് ശേഷം വന്ന ശ്രീദേവി രേഖ അക്ക എന്നാണ് വിളിച്ചിരുന്നത്. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും സാരികളും മറ്റ് ഉപഹാരങ്ങളും നൽകിയിരുന്നു. രേഖ സമ്മാനിച്ച ഒരുപാട് സാരികൾ ശ്രീദേവിയുടെ പക്കലുണ്ടായിരുന്നു.
ശ്രീദേവിക്ക് ശേഷം സൗത്തിൽ നിന്നെത്തി വലിയ താരമായത് ഐശ്വര്യ റായാണ്. വലിയൊരു നെക്ക്ലേസ് ആണ് ശ്രീദേവി ഐശ്വര്യക്ക് സമ്മാനമായി നൽകിയത്. ഐശ്വര്യയുടെ പിൻഗാമിയായി തെന്നിന്ത്യയിൽ നിന്നും വന്ന താരം ദീപിക പദുകോണാണ്. സുഹൃത്തുക്കളാണ് ഇരുവരും. എന്നാൽ ഐശ്വര്യ ദീപികയ്ക്ക് രേഖയും ശ്രീദേവിയും ചെയ്തത് പോലെ സമ്മാനങ്ങൾ നൽകിയോ എന്ന് വ്യക്തമല്ല.
അതേസമയം രേഖ ദീപികയ്ക്ക് സാരി സമ്മാനിച്ചിട്ടുണ്ട്. ഈ സാരിയണിഞ്ഞ് ദീപിക ഒരു അവാർഡ് നിശയിൽ എത്തുകയും ചെയ്തു. ദീപികയ്ക്ക് ശേഷം തെന്നിന്ത്യയിൽ നിന്നും മറ്റൊരു നടിക്കും ബോളിവുഡിൽ വളരാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. നെപ്പോട്ടിസം അരങ്ങ് വാഴുന്ന ബി ടൗണിൽ ഇന്ന് മറ്റൊരു ഭാഷയിൽ നിന്നും വരുന്ന നടി താരമാകുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്.


Click it and Unblock the Notifications