അന്നത്തെ പങ്കാളിക്ക് സംശയം; ബോണി കപൂറിന് രാഖി കെട്ടി ശ്രീദേവി, ഒടുവിൽ ബോണി തന്നെ ഭർത്താവായി
ഇന്ത്യൻ സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് ശ്രീദേവി. മരിച്ചിട്ട് ഏഴ് വർഷമാകാറായെങ്കിലും ശ്രീദേവിയെ ഇന്നും ആരാധകർ ഓർക്കുന്നു. ബിഗ് സ്ക്രീനിലെ താരമായിരുന്നെങ്കിലും വ്യക്തി ജീവിതത്തിൽ ശ്രീദേവിക്ക് പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. കുട്ടിക്കാലം തൊട്ട് അഭിനയിക്കുന്ന ശ്രീദേവിക്ക് ബാല്യവും കൗമൗരവുമെല്ലാം സിനിമാ ലോകത്തായിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബമായിരുന്നു സിനിമ കഴിഞ്ഞാൽ ശ്രീദേവിയുടെ ലോകം.
ഉൾവലിഞ്ഞ പ്രകൃതക്കാരിയായ ശ്രീദേവിയുടെ മനസ് ഏറെ വേദനിച്ചത് നടൻ മിഥുൻ ചക്രബർത്തിയുമായുള്ള ബന്ധം തകർന്നപ്പോഴാണ്. ബി ടൗണിലെ ഹിറ്റ് ജോഡിയായിരുന്നു ശ്രീദേവിയും മിഥുനും. ഒരുമിച്ച് സിനിമകൾ ചെയ്യവെ ഇവർ പ്രണയത്തിലായി. വക്ത് കി ആവാസ്, ജാഗ് ഉത ഇൻസാൻ തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ആദ്യ വിവാഹബന്ധം നിലനിൽക്കുമ്പോഴാണ് മിഥുൻ ചക്രബർത്തി ശ്രീദേവിയുമായി അടുക്കുന്നത്. യോഗിത ബാലി എന്നാണ് നടന്റെ ഭാര്യയുടെ പേര്. നാല് മക്കളുണ്ട്. എന്നാൽ ശ്രീദേവിയെ വിവാഹം ചെയ്യാൻ മിഥുൻ ചക്രബർത്തി തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം 1985 ലായിരുന്നു വിവാഹം. ആദ്യ ഭാര്യയുമായി പിരിയുമെന്ന് ശ്രീദേവിയെ വിശ്വസിപ്പിച്ച ശേഷമായിരുന്നു വിവാഹം. എന്നാൽ ഇതുണ്ടായില്ല. ഭർത്താവിന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് അറിഞ്ഞ യോഗിത ബാലി ആത്മഹത്യക്ക് ശ്രമിച്ചു.
യോഗിതയുമായി മിഥുൻ പിരിയില്ലെന്ന് വ്യക്തമായതോടെ ശ്രീദേവി ഈ ബന്ധം വേണ്ടെന്ന് വെച്ചു. 1988 ലായിരുന്നു ഇത്. ഈ വേർപിരിയൽ ശ്രീദേവിയുടെ മനസിനെ ഏറെ ബാധിച്ചു. ദുഖം ഉള്ളിലൊതുക്കിയാണ് ശ്രീദേവി അക്കാലത്ത് അഭിനയിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ശ്രീദേവി നിർമാതാവ് ബോണി കപൂറുമായി അടുക്കുന്നത്. ആരെയും വിശ്വസിക്കാൻ ഭയന്ന ശ്രീദേവിക്ക് അന്ന് ബോണി കപൂർ ആശ്വാസമായിരുന്നു.

മിഥുനുമായി അടുപ്പമുണ്ടായിരുന്ന കാലത്തും ബോണി കപൂറിന്റെ സിനിമകളിൽ ശ്രീദേവി അഭിനയിക്കുന്നുണ്ട്. അക്കാലത്ത് ഇവരുടെ സൗഹൃദത്തെ മിഥുൻ ചക്രബർത്തി സംശയിച്ചിരുന്നു. ബോണിയും താനും തമ്മിൽ മറ്റൊരു തരത്തിലുള്ള ബന്ധമില്ലെന്ന് തെളിയിക്കാൻ ബോണിയുടെ കയ്യിൽ ശ്രീദേവിക്ക് രാഖി കെട്ടേണ്ടി വന്നെന്നും അക്കാലത്ത് റിപ്പോർട്ടുകൾ വന്നു.
ശ്രീദേവിയോട് ഭ്രാന്തമായ പ്രണയമായിരുന്നു ബോണി കപൂറിന്. ബോണിയും അന്ന് വിവാഹിതനാണ്. ആദ്യ ഭാര്യയുമായി പിരിഞ്ഞ് ശ്രീദേവിയെ ബോണി വിവാഹം ചെയ്തു. മോണ ശൗരി കപൂർ എന്നാണ് ബോണിയുടെ ആദ്യ ഭാര്യയുടെ പേര്. അന്ന് കുടുംബം തകർത്തെന്ന കുറ്റപ്പെടുത്തലുകൾ ശ്രീദേവിക്ക് കേൾക്കേണ്ടി വന്നു. 2018 ലാണ് ശ്രീദേവി മരിച്ചത്.
ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണകാരണം സംബന്ധിച്ച് അന്ന് പല അഭ്യൂഹങ്ങളും വന്നു. എന്നാൽ പിന്നീടിത് കെട്ടടങ്ങി. ജാൻവി കപൂർ, ഖുശി കപൂർ എന്നിവരാണ് മക്കൾ. ശ്രീദേവിയുടെ മരണം ബോണി കപൂറിനെയും മക്കളെയും ഏറെ ബാധിച്ചിരുന്നു. മക്കൾ രണ്ട് പേരും ഇന്ന് സിനിമാ രംഗത്ത് സജീവമാണ്.


Click it and Unblock the Notifications