ഓം ശാന്തി ഓം: ഷാരൂഖ് മനോജ് കുമാറിനോട് മാപ്പു ചോദിച്ചു
മുംബൈ: ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ തന്നെ അവഹേളിച്ചുവെന്ന് ആരോപിച്ച മുന്‍കാലതാരം മനോജ് കുമാറിനോട് ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാന്‍ മാപ്പു പറഞ്ഞു.
എനിയ്‌ക്കു തെറ്റുപറ്റിയെന്ന് സമ്മതിയ്‌ക്കുന്നു. ഞാന്‍ അദ്ദേഹത്തോട് മാപ്പ് ചോദിയ്‌ക്കുകയാണ്... മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഷാരൂഖ് തുറന്നു പറഞ്ഞു.
ചിത്രത്തില്‍ മനപ്പൂര്‍വ്വം അവഹേളിച്ചുവെന്ന് മനോജ് കുമാര്‍ ആരോപിച്ചതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. അപ്പോള്‍ത്തന്നെ ക്ഷമചോദിച്ചു. സാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ മനസ്സിനെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല ഒന്നും ചെയ്‌തത്. അങ്ങനെ സംഭവിച്ചുപോയി- ഖാന്‍ പറഞ്ഞു.
മനോജ് കുമാറിന്റെ അവഹേളിയ്‌ക്കാനുദ്ദേശിച്ചിരുന്നില്ലെന്നും ഇങ്ങനെയൊന്നും സംഭവിയ്‌ക്കുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രത്തിന്റെ സംവിധായിക ഫറാ ഖാനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചിത്രീകരണത്തിന് മുമ്പ് മനോജ് കുമാറിനെ കണ്ട് അദ്ദേഹത്തിന്റെ ഒരു ഡ്യൂപ്പിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ചിത്രത്തിലെ ഈ രംഗങ്ങള്‍ വെട്ടിമാറ്റാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ഫറാ ഖാന്‍ പറഞ്ഞു.
ഓം ശാന്തി ഓം കണ്ട് തിരിച്ചെത്തിയ മനോജ്‌കുമാറിന്റെ മകളാണ് ചിത്രത്തില്‍ അച്ഛനെ അവഹേളിയ്‌ക്കുന്ന രംഗങ്ങളുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചത്. പിന്നീട് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് ആരോപണം പരസ്യമായി ഉന്നയിച്ചത്.
മനോജ് കുമാറിനെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഒരു തിയേറ്ററിന് പുറത്ത് മര്‍ദ്ദിയ്‌ക്കുന്ന രംഗമുണ്ട്. ഇതിനെതിരെയാണ് മനോജ് ആരോപണം ഉന്നയിച്ചത്. സിനിമയെടുക്കുന്നത് ഇങ്ങനെയല്ലെന്നും. തനിയ്‌ക്ക് തീര്‍ച്ചയായും വേദനിച്ചുവെന്നും ഷാരൂഖിനെതിരെ നിയമനടപടി സ്വീകരിയ്‌ക്കുമെന്നും മനോജ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ദീപാവിച്ചിത്രമായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ എഴുപതുകളിലെ ചിത്രങ്ങളിലെ രംഗങ്ങളുടെ ഹാസ്യാനുകരണം ഉണ്ട്.


Click it and Unblock the Notifications