എന്റെ വിവാഹത്തിന് ഇങ്ങനെയല്ല വേണ്ടത്; വധുവായി അണിഞ്ഞൊരുങ്ങി ഇരുന്ന ഐശ്വര്യ അന്ന് പറഞ്ഞത്
രേഖ, ശ്രീദേവി, മാധുരി ദീക്ഷിത്, കരീന കപൂർ, ദീപിക പദുകോൺ തുടങ്ങി ബോളിവുഡിൽ ഓരോ കാലഘട്ടത്തിലും ആഘോഷിക്കപ്പെട്ട നടിമാർ ഏറെയാണ്. എന്നാൽ കാലാതീതമായി ആരാധകർ ആരാധനയോടെ കാണുന്ന നടിയാണ് ഐശ്വര്യ റായ്. 49ാം വയസ്സിലും ഐശ്വര്യക്ക് സിനിമാ രംഗത്ത് മുൻനിര സ്ഥാനമുണ്ട്. 90 കളിലെ നടിയെന്ന ലേബലിൽ ഐശ്വര്യ ഒരിക്കലും ഒതുങ്ങിയിട്ടില്ല. പലപ്പോഴും സിനിമയ്ക്കപ്പുറമാണ് ഐശ്വര്യയുടെ താരപ്രഭ. കണ്ണഞ്ചിക്കുന്ന സൗന്ദര്യം തന്നെയാണ് ഇതിന് പ്രധാന കാരണം.
ഇത്രയും സൗന്ദര്യമുള്ള സ്ത്രീ ഹോളിവുഡിന് പോലും അത്ഭുതമാണ്. ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ഐശ്വര്യയുടെ വിവാഹത്തെക്കുറിച്ച് ആരാധകർക്കും എന്നും ആകാംക്ഷയുണ്ടായിരുന്നു. അഭിഷേക് ബച്ചനും ഐശ്വര്യയും വിവാഹതിരാകുമെന്ന വാർത്ത പുറത്ത് വന്നപ്പോൾ ആരാധകർ ആഘോഷമാക്കി. അതിനേക്കാളുപരി വിവാഹത്തിന് ഐശ്വര്യ എങ്ങനെയായിരിക്കും അണിഞ്ഞൊരുങ്ങുക എന്നായിരുന്നു മിക്കവരുടെയും ആകാംക്ഷ. നിരവധി സിനിമകളിൽ ഐശ്വര്യ വിവാഹ വസ്ത്രത്തിലെത്തി പ്രേക്ഷക ഹൃദയം കവർന്നിട്ടുണ്ട്.

ദേവദാസ് ഉൾപ്പെടെയുള്ള സിനിമകളിൽ ഐശ്വര്യ റായ് വധുവായെത്തിയപ്പോൾ വാക്കുകൾക്ക് അതീതമായിരുന്നു നടിയുടെ ഭംഗി. അതിനാൽ തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ ഐശ്വര്യ എങ്ങനെയെത്തുമെന്ന് അറിയാൻ ഏവരും കാത്തിരുന്നു. കണ്ണഞ്ചിക്കുന്ന അഴകിലാണ് ഐശ്വര്യ വിവാഹ മണ്ഡപത്തിലെത്തിയത്. സ്വർണം കൊണ്ട് ത്രെഡ് വർക്കുകൾ ചെയ്ത കാഞ്ചീവരം സാരിയാണ് ഐശ്വര്യ വിവാഹത്തിന് ധരിച്ചത്. 75 ലക്ഷം രൂപയാണ് സാരിയുടെ വില. ഫാഷൻ ഡിസൈനർ നീത ലല്ലയാണ് വിവാഹസാരി ഡിസൈൻ ചെയ്തത്.
വിവാഹസാരി ഒരുക്കിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നീത ലല്ലയിപ്പോൾ. വിവാഹത്തിന് മുമ്പ് ജോധാ അക്ബർ എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു ഐശ്വര്യ റായ്. ഈ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറും നീത ലല്ലയായിരുന്നു. വിവാഹത്തിന്റെ വസ്ത്രത്തെക്കുറിച്ച് ഐശ്വര്യയും നീതയും സെറ്റിൽ വെച്ച് ചർച്ച നടത്തി. അപ്പോൾ ജോധ അക്ബറിലെ വിവാഹ വസ്ത്ര ധരിച്ചാണ് ഐശ്വര്യ ഇരിക്കുന്നത്.

'ഞാനിങ്ങനെ എന്റെ വിവാഹത്തിന് വസ്ത്രം ധരിക്കില്ല. എനിക്ക് കാഞ്ചീവരം സാരിയാണ് വേണ്ടത്. അതെങ്ങനെയായിക്കണമെന്ന് തീരുമാനിക്കണം. എന്റെ അമ്മയോട് സംസാരിക്കുക. എന്തൊക്കെ ചെയ്യണമെന്നും എവിടെ നിന്ന് നെയ്തെടുക്കുമെന്നും നിങ്ങൾ തീരുമാനിക്കുക,' എന്ന് ഐശ്വര്യ പറഞ്ഞതായി നീല ലല്ല ഓർത്തു. ഐശ്വര്യ ദക്ഷിണേന്ത്യക്കാരിയാണ്. സാംസ്കാരിക പൈതൃകം വിവാഹ വസ്ത്രത്തിൽ പ്രതിഫലിക്കണമെന്ന് അവർക്കുണ്ടായിരുന്നു. അതിനനുസരിച്ചാണ് വസ്ത്രം ഡിസൈൻ ചെയ്തതെന്നും നീത ലല്ല വ്യക്തമാക്കി.
ഐശ്വര്യക്ക് വേണ്ടി പ്രത്യേകം നെയ്ത സാരിയാണത്. അഞ്ച് ഇഞ്ച് സ്ലീവുള്ള ബ്ലൗസാണ് ഡിസൈൻ ചെയ്തത്. മിക്ക ദക്ഷിണേന്ത്യൻ സ്ത്രീകളും ഇത്തരം ബ്ലൗസാണ് ധരിക്കാറെന്നും നീത ചൂണ്ടിക്കാട്ടി. ഹം ദിൽ കെ ചുകെ സനം, ദേവദാസ് എന്നീ സിനിമകളിലും ഐശ്വര്യയെ വധുവായി ഒരുക്കിയത് നീത ലല്ലയാണ്. ശങ്കറിന്റെ ജീൻസ് എന്ന സിനിമ മുതൽ നിരവധി സിനിമകളിൽ ഐശ്വര്യയുടെ കോസ്റ്റ്യൂം ഡിസൈനറായി നീത ലല്ല എത്തി.
പൊന്നിയിൻ സെൽവനാണ് ഐശ്വര്യ റായുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഏക ലഖനി എന്ന കോസ്റ്റ്യം ഡിസൈനറാണ് പൊന്നിയിൻ സെൽവനിലെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. നന്ദിനി എന്ന കഥാപാത്രത്തെയാണ് പൊന്നിയിൻ സെൽവനിൽ ഐശ്വര്യ അവതരിപ്പിച്ചത്. സിനിമ വൻ ഹിറ്റായി. നടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്ന് ആരാധകരും നിരൂപകരും അഭിപ്രായപ്പെട്ടു. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications