രണ്‍ബീര്‍ എന്റെ കാലില്‍ തൊട്ട് നമസ്‌കരിച്ചു; സുശാന്ത് പേരക്കുട്ടിയെ പോലെ, കഥ പറഞ്ഞ് സുബ്ബലക്ഷ്മി
മലയാളക്കരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയാണ് നടി സുബ്ബലക്ഷ്മി. നന്ദനത്തിലെ വേശമണി അമ്മള്‍, കല്യാണരാമനിലെ എകെ കാര്‍ത്യയാനി, തുടങ്ങി സുബ്ബലക്ഷ്മി അഭിനയിച്ച് ഫലിച്ചിപ്പ നിരവധി മുത്തശ്ശി കഥാപാത്രങ്ങളുണ്ട്. ഇപ്പോള്‍ ബോളിവുഡ് താരങ്ങളുടെ മദ്രാസ് നാനി എന്നറിയപ്പെടുന്നു. രണ്‍ബീര്‍ കപൂറിനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു സുബ്ബലക്ഷ്മി ബോൡവുഡിലെത്തുന്നത്.
പരസ്യം ശ്രദ്ധിക്കപ്പെട്ടതോടെ സുശാന്ത് സിംഗ് രജ്പുത് നായകനായി അഭിനയിച്ച ദില്‍ ബേച്ചാരാ എന്ന സിനിമയിലും അഭിനയിക്കാന്‍ അവസരം ലഭിച്ചു. സുശാന്ത് തനിക്ക് പേരക്കുട്ടിയെ പോലെ ആയിരുന്നുവെന്നും രണ്‍ബീര്‍ കപൂര്‍ വളരെ സിംപിളായ വ്യക്തിയാണെന്നുമൊക്കെ പറയുകയാണ് സുബ്ബലക്ഷ്മിയിപ്പോള്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് നടി സംസാരിച്ചത്.

രണ്‍ബീര്‍ കപൂറിനൊപ്പം ചെയ്ത പരസ്യം കണ്ടിട്ടാണ് ദില്‍ ബേച്ചാരാ ടീം എന്നെ വിളിക്കുന്നത്. എനിക്കവര്‍ ആദ്യം സിനിമയിലെ കുറച്ച് ഡയലോഗുകള്‍ അയച്ച് തന്നിരുന്നു. സ്‌ക്രിപ്റ്റിറ്റെല്ലാം ഹിന്ദിയിലായിരുന്നു. അത് അഭിനയിച്ച് വീഡിയോ അയച്ച് കൊടുക്കാന്‍ പറഞ്ഞു. ഡാന്‍സ് ചെയ്യുന്ന വീഡിയോയും, അതെല്ലാം അയച്ച് കൊടുത്തപ്പോള്‍ അവര്‍ക്ക് ഭയങ്കര ഇഷ്ടമായി. ചിത്രത്തില്‍ ഞാന്‍ രജനികാന്തിന്റെ വലിയ ഫാനാണ്. എപ്പോഴും രജനിയെ കുറിച്ച് സുശാന്തിനോട് സംസാരിക്കുന്ന ഒരു മുത്തശ്ശി ക്യാരക്ടര്‍. ഡയലോഗുകളും അങ്ങനെയായിരുന്നു. ഹിന്ദിയിലായിരുന്നു ആദ്യം ഡയലോഗുകള്‍ തന്നത്.

പക്ഷേ സുശാന്തിന്റെ അമ്മ ഒരു ഹിന്ദു മദ്രാസിയാണ് അവരുടെ അമ്മയാണ് ഞാന്‍. സുശാന്തിനെ കാണാന്‍ മദ്രാസില്‍ നിന്നെത്തുന്ന മുത്തശ്ശി ഹിന്ദിയല്ല, തമിഴാണ് പറയേണ്ടതെന്ന് പിന്നീട് തീരുമാനിച്ചു.നാനി തന്നെ സംഭാഷണങ്ങളെല്ലാം തമിഴാക്കണം എന്ന് പറഞ്ഞു. അവരെന്നെ നാനിയെന്നാണ് വിളിക്കുന്നത്. സ്‌ക്രിപ്റ്റ് ഞാന്‍ തന്നെ മുഴുവനും തമിഴിലാക്കി. പക്ഷേ കുറേ സീനുകള്‍ കട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ സുശാന്തിനൊപ്പം നൃത്തം ചെയ്യുന്നതെല്ലാം ഉണ്ടായിരുന്നു. അതൊന്നും സിനിമയില്‍ കണ്ടില്ല.

എന്റെ പേരക്കുട്ടിയുടെ അടുത്ത് ഞാന്‍ വീട്ടില്‍ എങ്ങനെ പെരുമാറുമോ അതുപോലെയായിരുന്നു സുശാന്തിനോടും. ഞങ്ങള്‍ തമ്മിലുള്ള സീനുകളും അതുപോലെയായിരുന്നു. നല്ല പയ്യനാണ് അവനെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല. ചൈല്‍ഡിഷ് ആണവന്‍. ഒരു ജാഡയുമില്ല. എന്നോടെന്നല്ല എല്ലാവരോടും വളരെ സൗഹാര്‍ദ്ദത്തോടെ ഇടപെടുന്ന പയ്യന്‍. എല്ലാവരുടെയും തോളില്‍ തട്ടി സന്തോഷിപ്പിക്കുന്ന ചെറുപ്പക്കാരന്‍. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്ത് ചെയ്യണം, എന്ത് പറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. സിനിമയിലും അവസാനം സുശാന്ത് മരിക്കുകയാണ്.

ആശുപത്രിയില്‍ വെച്ചുള്ള സീനുകളെല്ലാം വളരെ ഇമോഷണലായിരുന്നു. സുശാന്തിന്റെ കഥാപാത്രത്തിന്റെ അവസാന രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. അതെടുത്തപ്പോഴേ ഞാന്‍ ഡയറക്ടറോട് ചോദിച്ചു, ഇത് വല്ലാത്തൊരു സീനാണ്. ഇത് വേണോ സര്‍? സര്‍ജറി കഴിഞ്ഞാലും അസുഖം വന്നാലും അതെല്ലാം മാറുന്ന ആള്‍ക്കാരില്ലേ, അങ്ങനെയും കഥ വരുല്ലോ, എല്ലാവരും മരിക്കണം എന്നില്ലല്ലോയെന്ന്. അപ്പോള്‍ ഡയറക്ടര്‍ സാര്‍ എന്നോട് പറഞ്ഞു നമ്മുടെ സിനിമയുടെ കഥ പക്ഷേ ഇങ്ങനെയാണല്ലോയെന്ന്. ആശുപത്രി കിടക്കയില്‍ വെച്ച് നായികയുടെ അടുത്തും അമ്മയുടെ അടുത്തും കൈയെല്ലാം പിടിച്ച് സുശാന്ത് സംസാരിക്കുന്ന സീനുകള്‍ അവന്‍ നന്നായി അഭിനയിച്ചത് കൊണ്ട് കൂടിയായിരിക്കും ഭയങ്കര വിഷമം നിറഞ്ഞതായിരുന്നു. സിനിമയില്‍ അത്രയൊന്നും കാണിച്ചിട്ടില്ല. അവസാന സീന്‍ കഴിഞ്ഞതും സെറ്റില്‍ എല്ലാവരും കൈയടിച്ചത് ഞാനോര്‍ക്കുന്നുണ്ട്. ബോംബെയിലായിരുന്നു ആശുപത്രി സീനുകളെല്ലാം ചിത്രീകരിച്ചത്.

രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവന്‍ ആരെന്നോ, അവന്റെ വലിപ്പത്തെ കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു. എന്നെ അഭിനയിക്കാന്‍ വിളിച്ചു, ഞാന്‍ പോയി. മുംബൈയിലായിരുന്നു ഷൂട്ട്. എയര്‍പോര്‍ട്ടിലെത്തുമ്പോഴാണ് കൂടെയുള്ളവര്‍ പറയുന്നത് ഋഷി കപൂറിന്റെ മകനാണ്. വല്യ ബോളിവുഡ് താരമാണ് ഏതൊക്കെയോ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാണ് എന്നാക്കെ. ഞാന്‍ ചോദിച്ചു ഫ്‌ളൈറ്റില്‍ കയറുമ്പോഴാണോ ഇതൊക്കെ പറയുന്നത്. എന്നെ പേടിപ്പിക്കണ്ട, വിട്ടേക്ക് എന്ന്. എന്തായാലും പോയ നോക്കാം എന്ന് കരുതി.
Recommended Video

സിനിമ എടുക്കുന്നത് പോലെയായിരുന്നു ആ പരസ്യ ചിത്രീകരണം. രണ്‍ബീര്‍ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. മനുഷ്യനല്ലേ എല്ലാവരും ഒരുപോലെ ആയിരിക്കുമെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. ചിലര് ഭയങ്കര ജാഡയായിരിക്കും. ചിലര് ഭയങ്കര സ്‌നേഹമായിരിക്കും. നിറയെ ആള്‍ക്കാരുടെ വലയത്തിലാണ് രണ്‍ബീര്‍ സെറ്റിലേക്ക് എത്തുന്നത് തന്നെ. കൂടെ അഭിനയിക്കുന്ന നാനിയാണ് എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി കൊടുത്തത് സംവിധായകനാണ്. എനിക്ക് ഷേക്ക് ഹാന്‍ഡ് തന്ന് കാല്‍തൊട്ട് നമസ്‌കരിച്ചു. വളരെ സിംപിളായ ഒരാളാണ് രണ്‍ബീര്‍. പരസ്യ ചിത്രീകരണം കഴിഞ്ഞപ്പോള്‍ പല സംസ്ഥാനങ്ങളിലെ വേഷമണിഞ്ഞ് കൊണ്ടുള്ള എന്റെയും രണ്‍ബീറിന്റെയും ഫോട്ടോഷൂട്ടും ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ എന്നോട് യാത്ര പറഞ്ഞിട്ടാണ് രണ്‍ബീര്‍ പോയത്. എന്റെ എണ്‍പതാം പിറന്നാളിന് ഞാനും രണ്‍ബീറും ചേര്‍ന്നിരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് എനിക്ക് അവന്‍ അയച്ച് തന്നിരുന്നു.


Click it and Unblock the Notifications











