ഭർത്താവുമായുള്ള ബന്ധം തകർത്തു; പ്രീതി സിന്റയോട് ഇപ്പോഴും ക്ഷമിച്ചിട്ടില്ലെന്ന് സുചിത്ര കൃഷ്ണമൂർത്തി
വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞതായിരുന്നു പ്രീതി സിന്റയുടെ കരിയറിലെ തിരക്കുള്ള സമയം. എല്ലാ പ്രശ്നങ്ങളെയും ഒറ്റയ്ക്ക് നിന്ന് നേരിടാൻ നടിക്ക് കഴിഞ്ഞെന്നത് എടുത്ത് പറയേണ്ടതാണ്. ജീവന് ഭീഷണി നേരിട്ട വിവാദങ്ങൾ ഉണ്ടായപ്പോഴും നടി സധൈര്യം മുന്നോട്ട് നീങ്ങി. 2000 ൽ ചോരി ചോരി ചുപ്ക് ചുപ്കെ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മുംബൈ അധോലോകത്ത് നിന്നും വന്ന ഭീഷണിയെക്കുറിച്ച് തുറന്ന് പറയാൻ നടി മടിച്ചില്ല.
കോടതിയിലും താരം മാെഴി നൽകി. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ മാെഴി മാറ്റിയപ്പോഴും പ്രീതി തന്റെ നിലപാടിൽ ഉറച്ച് നിന്നു. രണ്ട് മാസത്തോളം പൊലീസ് സംരക്ഷണയിലായിരുന്നു നടി. ഗോസിപ്പുകൾ പ്രീതി സിന്റയെ തേടി തുടരെ വന്നിരുന്നു.
ബിസിനസുകാരൻ നെസ് വാദിയയുമായുള്ള ബന്ധം ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു. ഇതിനിടെ വന്ന മറ്റൊരു വിവാദവും നടിയെ വലച്ചു. ഫിലിം മേക്കർ ശേഖർ കപൂറുമായി പ്രീതി പ്രണയത്തിലാണെന്ന ഗോസിപ്പായിരുന്നു ഇത്. ശേഖർ കപൂറിന്റെ അന്നത്തെ ഭാര്യ സുചിത്ര കൃഷ്ണമൂർത്തിയാണ് ഇങ്ങനെയാെരു ആരോപണം ഉന്നയിച്ചത്.

നല്ല രീതിയിൽ പോയ കുടുംബ ജീവിതത്തിലേക്ക് ഒരാൾ കടന്ന് വന്നതോടെ പ്രശ്നങ്ങളുണ്ടായെന്ന് സുചിത്ര സൂചിപ്പിച്ചു. പിന്നീട് നൽകിയ അഭിമുഖങ്ങളിൽ ഈ വ്യക്തി പ്രീതി സിന്റെയാണെന്ന് തുറന്ന് പറയുകയും ചെയ്തു. പ്രീതിക്കെതിരെ തുടരെ ആരോപണങ്ങൾ ഇവർ ഉന്നയിച്ചു.
വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പ്രീതി സിന്റയെക്കുറിച്ച് സുചിത്ര കൃഷ്ണമൂർത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്കിപ്പുറവും പ്രീതിയോട് തനിക്ക് ക്ഷമിക്കാൻ പറ്റിയിട്ടില്ലെന്ന് സുചിത്ര പറയുന്നു. തന്നെ സംബന്ധിച്ച് പ്രീതിയെന്ന വ്യക്തി ലോകത്തിൽ ഇല്ലെന്നും സുചിത്ര വ്യക്തമാക്കി.
2006 ലാണ് ഭർത്താവ് ശേഖർ കപൂറിന്റെ വിശ്വാസവഞ്ചനയെക്കുറിച്ച് സുചിത്ര തുറന്ന് പറഞ്ഞത്. പ്രീതിക്കെതിരെ പരസ്യ ആരോപണങ്ങളും ഉന്നയിച്ചു. തന്റെ വാദങ്ങൾ തെറ്റാണെങ്കിൽ തനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പ്രീതിയെ സുചിത്ര വെല്ലുവിളിക്കുകയും ചെയ്തു.
അന്ന് സുചിത്രയുടെ ആരോപണങ്ങളെ പ്രീതി നിഷേധിക്കുകയാണുണ്ടായത്. ഞാൻ നമ്പർ വൺ നായികയാണ്. നിങ്ങളൊരു വീട്ടമ്മയും. എന്നോടിങ്ങനെ സംസാരിക്കരുത്. നിങ്ങൾക്കൊരു സൈക്യാട്രിസ്റ്റിനെയാണ് ആവശ്യം. നിങ്ങളുടെ മനസിന് പ്രശ്നങ്ങളുണ്ടെന്നും അന്ന് പ്രീതി തുറന്നടിച്ചു. 1999 ലാണ് സുചിത്ര കൃഷ്ണ ദാസും ശേഖർ കപൂറും വിവാഹിതരാകുന്നത്. 2007 ലായിരുന്നു വിവാഹമോചനം.

ഇരുവർക്കും ഒരു മകളുമുണ്ട്. പുതിയ അഭിമുഖത്തിൽ ശേഖർ കപൂറുമായുള്ള വിവാഹബന്ധത്തിൽ സംഭവിച്ചതെന്തെന്നും സുചിത്ര കൃഷ്ണമൂർത്തി തുറന്ന് പറയുന്നുണ്ട്. 22ാം വയസ്സിലാണ് ശേഖർ കപൂറിനെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പ്രശ്നങ്ങൾ തുടങ്ങി. ഇതിനിടെ ഗർഭിണിയായതോടെ ബന്ധം തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പിന്നീട് ബന്ധം പിരിഞ്ഞെന്നും സുചിത്ര വ്യക്തമാക്കി. ശേഖർ കപൂറിനെ വിവാഹം ചെയ്യരുതെന്ന് അമ്മ അപേക്ഷിച്ചിട്ടും താൻ കേട്ടില്ല. അമ്മയുടെ പ്രായമാണ് അന്ന് ശേഖർ കപൂറിനെന്നും സുചിത്ര ചൂണ്ടിക്കാട്ടി.
നടി, ഗായിക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് സുചിത്ര കൃഷ്ണമൂർത്തി. കരിയറിലെ മികച്ച സമയത്തായിരുന്നു വിവാഹം. മലയാള ചിത്രം കിലുക്കാംപെട്ടിയിലൂടെയാണ് സുചിത്ര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഷാരൂഖ് ഖാൻ നായകനായ കഭി ഹാൻ കഭി നാ എന്ന സിനിമയിലൂടെയാണ് താരം കരിയറിൽ ശ്രദ്ധിക്കപ്പെടുന്നത്. ശേഖർ കപൂറുമായുള്ള വിവാഹശേഷം അഭിനയ രംഗത്ത് നിന്നും പിൻമാറിയ സുചിത്ര പിന്നീട് തിരിച്ചെത്തി.


Click it and Unblock the Notifications











