എന്റെ വീഡിയോസും അത്തരത്തില്‍ പ്രചരിച്ചിട്ടുണ്ട്! നടിമാര്‍ പേടിക്കണ്ട, ഇത് പുതിയ സംഭവമല്ലെന്ന് നടി സണ്ണി ലിയോൺ
നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പണ്ട് പ്രചരിച്ചിട്ടുണ്ടെങ്കിലും അതിനെയും കടത്തിവെട്ടുന്ന ഡീപ്‌ഫേക്ക് വീഡിയോസാണ് കഴിഞ്ഞ വര്‍ഷം പുറത്ത് വന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും നടി രശ്മിക മന്ദാനയുടെ വീഡിയോയാണ് ആദ്യം തരംഗമാവുന്നത്. രശ്മികയാണെന്ന് ഉറപ്പിച്ച് പറയാവുന്ന തരത്തില്‍ അത്രയും പെര്‍ഫെക്ടാക്കിയാണ് വീഡിയോ പ്രചരിച്ചത്.
അതിന് ശേഷം ഐശ്വര്യ റായി അടക്കം ബോളിവുഡിലെ മുന്‍നിര നടിമാര്‍ക്കും സമാനമായ അനുഭവം നേരിടേണ്ടതായി വന്നിരുന്നു. അത്തരത്തില്‍ നിരവധി ചലച്ചിത്ര നടിമാരാണ് ഡീപ് ഫേക്ക് വീഡിയോസിന് ഇരയായത്. താരങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം ഡീപ്‌ഫേക്ക് വീഡിയോകളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി സണ്ണി ലിയോണ്‍.
ഇത്തരം ഡീപ്ഫേക്ക് വീഡിയോ ഒരു പുതിയ പ്രശ്‌നം അല്ലെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. വര്‍ഷങ്ങളായി തനിക്കും ഇത് സംഭവിക്കുന്നുണ്ടെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നു. വിശദമായി വായിക്കാം...

ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോയിലൂടെ നടിമാര്‍ അപമാനിക്കപ്പെടുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സണ്ണി ലിയോണ്‍. 'ഇതൊക്കെ എനിക്കും സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ ഞാന്‍ അതിനെക്കുറിച്ച് അധികമൊന്നും ചിന്തിക്കാറില്ല. ഇത് എന്നെ മാനസികമായിട്ടോ ശാരീരികമായിട്ടോ ബാധിക്കാന്‍ ഞാന്‍ അനുവദിക്കുകയുമില്ല. എന്നാല്‍ ഇതൊരു ദുരന്തമായി മാറുന്ന യുവ നടിമാര്‍ ഉണ്ട്.
അതൊന്നും അവരുടെ തെറ്റല്ലെന്ന് ആദ്യം അവര്‍ മനസ്സിലാക്കണം. അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ധൈര്യത്തോടെ പോയി അപ്പോള്‍ തന്നെ സൈബര്‍ സെല്ലില്‍ കേസ് കൊടുക്കുകയാണ് വേണ്ടത്. നിങ്ങളുടെ മുഖവും അടയാളവും അവര്‍ ദുരുപയോഗം ചെയ്തുവെന്ന് പരാതി കൊടുക്കുക. പോലീസ് നടപടിയെടുക്കും.
മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പോലും നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് സാങ്കേതികമായി നീക്കം ചെയ്യാനും സാധിക്കും. ഇവിടെ ഒരു സിസ്റ്റം ഉണ്ട് അത് ഉപയോഗിക്കണമെന്നും' സണ്ണി പറയുന്നു.

'ഡീപ്‌ഫേക്ക് ഇപ്പോഴത്തെ ട്രെന്റായി വന്നതാണ്. എല്ലാവരും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നു. അതിനാല്‍ തന്നെ ഭയത്തേക്കാള്‍ സെലിബ്രിറ്റികള്‍ അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള ആശങ്കയിലാണ്. ഇത്തരത്തില്‍ വ്യാജ ഫോട്ടോകളും വീഡിയോകളും കഴിഞ്ഞ വര്‍ഷം നാം കണ്ടു. ഇത് വളരെക്കാലമായി ഉള്ളതാണ്. ഇതൊന്നും പുതുമയുള്ള കാര്യമല്ല, പക്ഷെ ഇത്തരം സൗകര്യങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ മോശം ആള്‍ക്കാര്‍ക്ക് ലഭിക്കുന്നു എന്നതാണ് പ്രശ്‌നമെന്നും', നടി കൂട്ടിച്ചേര്‍ത്തു.
മുന്‍പ് പോണ്‍ സിനിമകളില്‍ അഭിനയിച്ചിരുന്നതിന്റെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിരുന്ന താരമാണ് സണ്ണി ലിയോണ്‍. പിന്നീട് ഇത്തരം സിനിമകളില്‍ നിന്നും നടി പിന്മാറുകയും ബോളിവുഡ് സിനിമാലോകത്ത് സജീവമാവുകയുമായിരുന്നു.
നിലവില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റെയും മൂന്ന് മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് സണ്ണി. അടുത്തിടെ മക്കളുടെ കൂടെയുള്ള താരങ്ങളുടെ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മാത്രമല്ല മലയാളത്തിലും തമിഴിലുമടക്കം തെന്നിന്ത്യന്‍ സിനിമാലോകത്തും നടി സജീവമാണ്. മലയാളത്തില്‍ ഭീമന്‍ രഘുവിനൊപ്പം അഭിനയിക്കുകയാണ് നടിയിപ്പോള്‍.


Click it and Unblock the Notifications











