കാത്തിരുന്ന് കിട്ടിയ കൺമണികൾ; സണ്ണി ലിയോണിന്റെ ഇരട്ടക്കുട്ടികൾക്ക് പിറന്നാൾ; കുടുംബസമേതം നടി
ബോളിവുഡ് സിനിമാ മേഖലയിൽ പല താരങ്ങൾക്കും തങ്ങളുടേതായ വിജയഗാഥയുണ്ടെങ്കിലും നടി സണ്ണി ലിയോണിന്റെ വിജയം അതിൽ നിന്നെല്ലാം വേറിട്ടതും അഭിനന്ദാർഹവുമാണ്. ഒരു പോൺ താരത്തിന് സാധ്യമാവുമോയെന്ന് പലരും സംശയിച്ച നേട്ടങ്ങൾ സണ്ണി ലിയോൺ നേടിയെടുത്തു.
ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് പോയി നീലച്ചിത്രങ്ങളിലെ നടിയായി മാറിയ സണ്ണി ലിയോൺ അക്കാലത്ത് തന്നെ ഇന്ത്യയിൽ സംസാര വിഷയമായിരുന്നു,. തനിക്കെതിരെയുള്ള സൈബറാക്രമണങ്ങൾ മൂലം ഇന്ത്യയിലേക്ക് മടങ്ങാൻ ഭയന്നിരുന്നെന്ന് സണ്ണി ലിയോൺ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
വിവാദ താരമായതിനാൽ തന്നെ ബിഗ് ബോസ് ഹിന്ദിയിലെ അഞ്ചാം സീസണിൽ സണ്ണി മത്സരാർത്ഥിയായെത്തുകയും ചെയ്തു. പിന്നീട് ജിസം 2 എന്ന ഇറോട്ടിക് സിനിമയിൽ നായികയായെത്തിയോടെ സണ്ണി ലിയോണിന്റെ കരിയർ മാറി മറിഞ്ഞു. പ്രമുഖ നടിമാരെയെല്ലാം പിന്തള്ളി നടി ആരാധക വൃന്ദം സൃഷ്ടിച്ചു. കേരളത്തിലും വലിയ തോതിൽ സണ്ണി ലിയോൺ തരംഗം ഉണ്ടായി.

സണ്ണി ലിയോണിന്റെ ഡാൻസ് നമ്പറുകൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി. വിവാദങ്ങൾ നടിയുടെ താരത്തിളക്കത്തിന് ആക്കം കൂട്ടിയതേയുള്ളൂ. ലീല, വൺ നൈറ്റ് സ്റ്റാന്റ് തുടങ്ങിയ സിനിമകളിൽ സണ്ണി ലിയോൺ തിളങ്ങി. ടെലിവിഷൻ ഷോകളിലും സണ്ണി തന്റെ സാന്നിധ്യം അറിയിച്ചു.
കരിയറിലെ താരത്തിളക്കത്തിനിടെ സണ്ണി ലിയോൺ തന്റെ കുടുംബവും വളർത്തി. അഡൽറ്റ് സിനിമകളിൽ സണ്ണിക്കൊപ്പം അഭിനയിച്ച ഡാനിയേൽ വെബ്ബറാണ് സണ്ണിയുടെ ഭർത്താവ്. ഇരുവർക്കും ഇന്ന് മൂന്ന് മക്കളുമുണ്ട്. നിഷ എന്ന മകളെ ദത്തെടുക്കുകയും നോവ, ആഷർ എന്നീ രണ്ട് ആൺമക്കളെ വാടക ഗർഭധാരണത്തിലൂടെ സ്വീകരിക്കുകയുമായിരുന്നു സണ്ണി ലിയോണും ഭർത്താവും. ഇപ്പോഴിതാ കുടുംബത്തിലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സണ്ണി ലിയോൺ.

താരത്തിന്റെ ഇരട്ടക്കുട്ടികളായ ആൺകുട്ടികളുടെ പിറന്നാളാണിന്ന്. കുടുംബ സമേതമുള്ള ഫോട്ടോയാണ് സണ്ണി ലിയോൺ പങ്കുവെച്ചിരിക്കുന്നത്. എന്റെ മാലാഖമാർക്ക് പിറന്നാളാശംസകൾ, ദൈവത്തിന്റെ സമ്മാനത്തിനും മുകളിലാണ് നിങ്ങളെന്ന് സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ പിറന്നാളാശംസകളറിയിച്ചിരിക്കുന്നത്.
മൂന്ന് മക്കളും ക്യൂട്ടാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ സണ്ണി ലിയോൺ പങ്കുവെക്കാറുണ്ട്.
ഒന്നര വർഷത്തെ ശ്രമത്തിനൊടുവിലാണ് വാടക ഗർഭധാരണത്തിലൂടെ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറക്കുന്നത്. ഐവിഎഫിന്റെ നടപടി ക്രമങ്ങൾ തുടങ്ങിയെങ്കിലും കുഞ്ഞുങ്ങളുണ്ടാവാനുള്ള ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടു. ഒരു ഘട്ടത്തിൽ താൻ മാനസികമായി തകർന്നിരുന്നെന്നും സണ്ണി ലിയോൺ മുമ്പ് തുറന്ന് പറഞ്ഞിരുന്നു.
ഇതിനിടെയാണ് താര ദമ്പതികൾ ദത്തെടുക്കലിനെ പറ്റി ആലോചിക്കുന്നത്. മുംബൈയിലെ സെന്റ് കാതറൈൻസ് എന്ന അനാഥാലയത്തിൽ പോയപ്പോഴാണ് ഒരു കുഞ്ഞിനെ ദത്തെടുത്താലെന്താണെന്ന് സണ്ണി ലിയോണിന് തോന്നിയത്. ഇതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യവെയാണ് ഐവിഎഫ് വിജയകരമാവുന്നത്. ഈ യാദൃശ്ചികത താൻ ദൈവത്തിന്റെ പദ്ധതിയായാണ് കണ്ടതെന്നും സണ്ണി ലിയോൺ മുമ്പ് പറഞ്ഞിരുന്നു.
കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് അന്ന് നിരവധി പേർ രംഗത്തെത്തി. ബോളിവുഡ് സിനിമകൾക്ക് പുറമെ ഇന്ന് തെന്നിന്ത്യൻ സിനിമകളിലും സണ്ണി അഭിനയിക്കുന്നു. ഓ മൈ ഗോസ്റ്റാണ് സണ്ണി ലിയോണിന്റെ അടുത്തിടെ പുറത്തിറങ്ങിയ തെന്നിന്ത്യൻ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications