»   » വിസ്മയിപ്പിച്ച ഇതിഹാസ താരം, ശ്രീദേവി എന്ന ഇന്ത്യന്‍ സിനിമയിലെ താര റാണി

വിസ്മയിപ്പിച്ച ഇതിഹാസ താരം, ശ്രീദേവി എന്ന ഇന്ത്യന്‍ സിനിമയിലെ താര റാണി

Written By:
Subscribe to Filmibeat Malayalam

സൗന്ദര്യത്തിന്റെയും അഭിനയതികവിന്റെയും മൂര്‍ത്തീഭാവമായിരുന്നു ശ്രീദേവി. തമിഴ്‌നാട്ടിലെ ഒരു സാധാരണകുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ സിനിമാ ലോകം കീഴടക്കിയ ഈ താരറാണിയുടെ അപ്രതീക്ഷിതമായ വിയോഗം എല്ലാവരെയും ദുഃഖത്തിലാഴ്ത്തുമെന്ന കാര്യം തീര്‍ച്ചയാണ്.

ദുബായില്‍ ബോളിവുഡ് താരം മോഹിത് മാര്‍വയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അഭിനയ ജീവിതത്തില്‍ നീണ്ട 50 വര്‍ഷങ്ങള്‍, ഇപ്പോഴും സജീവം. 54 വയസ്സുള്ള ശ്രീദേവി എന്നും വിസ്മയം മാത്രം തീര്‍ത്ത താരമാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്...

ജനനം

1963 ആഗസ്ത് 13ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അഭിഭാഷകനായ അയ്യപ്പനായിരുന്നു പിതാവ്. അമ്മ ആന്ധ്രപ്രദേശില്‍ നിന്നുള്ള രാജേശ്വരിയും.

തുടക്കം

തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. ചിത്രത്തില്‍ സുബ്രഹ്മണ്യ സ്വാമിയുടെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്. എവിഎം രാജന്‍, ജാനകി, കെബി സുന്ദരാംബാള്‍, നാഗേഷ് എന്നിവരായിരുന്നു എം എ തിരുമുഗം സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പൂമ്പാറ്റയിലൂടെ അംഗീകാരം

.
1971ല്‍ മലയാളം ചിത്രമായ പൂമ്പാറ്റയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. കരൂരിന്റെ കഥയെ അടിസ്ഥാനമാക്കി ബികെ പൊറ്റക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേമ, ശങ്കരാടി, ടിആര്‍ ഓമന എന്നിവരാണ് അഭിനയിച്ചിരുന്നത്.

ബോളിവുഡിലേക്ക്


1975ലാണ് ബാലതാരമായി ബോളിവുഡിലെത്തുന്നത്. ലക്ഷ്മി നായികയായി അഭിനയിച്ച ജൂലി എന്ന ചിത്രത്തില്‍ അനിയത്തികുട്ടിയായിട്ടായിരുന്നു തുടക്കം. കെഎസ് സേതുമാധവനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

നായികയായി

1976ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത മൂണ്ട്രു മുടിച്ചു എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി. രജനികാന്തായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 1981 ആകുമ്പോഴേക്കും ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നടിയായി ശ്രീദേവി മാറി കഴിഞ്ഞിരുന്നു.

മലയാളത്തിലും ശ്രദ്ധേയ

നാലു മണിപൂക്കള്‍, ബാലനാഗമ്മ, സൂപ്പര്‍ ഹിറോ എസ്പി പരശുറാം, ദേവിയിന്‍ തിരു വിളയാടല്‍, പ്രേമാഭിഷേകം, ഹായ് സുന്ദരി, ദേവരാഗം, മോം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതില്‍ ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം ഏറെ ആരാധകരെ നേടി കൊടുത്തു. ചില ചിത്രങ്ങളെല്ലാം മൊഴിമാറ്റങ്ങളായിരുന്നെങ്കിലും ശ്രീദേവി എന്ന നടി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറി.

ബോളിവുഡിലേക്കുള്ള ചുവടു മാറ്റം


1979ല്‍ സോള്‍വ സാവന്‍ എന്ന ചിത്രത്തിലൂടെ നായികയായെങ്കിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ജിതേന്ദ്ര നായകനായ ഹിമ്മത് വാല എന്ന ചിത്രത്തിലൂടെയാണ്. 1983ല്‍ റിലീസ് ചെയ്ത ചിത്രം ശ്രീദേവിയെ ബോളിവുഡിലെ മുന്‍നിര നായിക നിരയിലേക്ക് ഉയര്‍ത്തി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ലെന്നതാണ് സത്യം. അമിതാബ് ബച്ചന്‍, ഋഷി കപൂര്‍, അനില്‍ കപൂര്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ നായികയായതോടെ ശ്രീദേവി ശരിയ്ക്കും താരറാണിയായി മാറി.

മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ബന്ധം


ശ്രീദേവിയും മിഥുന്‍ ചക്രവര്‍ത്തിയും സ്‌നേഹത്തിലായിരുന്നു. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ജാഗ് ഉതാ ഇന്‍സാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കവെ രണ്ടു പേരും രഹസ്യമായി വിവാഹം കഴിയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.

ബോണി കപൂറുമായുള്ള വിവാഹം

1996 ജൂണ്‍ രണ്ടിനാണ് ചലച്ചിത്ര നിര്‍മാതാവായ ബോണി കപൂറിനെ വിവാഹം കഴിയ്ക്കുന്നത്. രണ്ടു മക്കളാണുള്ളത്. ജാന്‍വി, ഖുശി. അനില്‍ കപൂറിന്റെയും സഞ്ജയ് കപൂറിന്റെയും സഹോദരനാണ് ബോണി കപൂര്‍.

ടെലിവിഷനില്‍ അരങ്ങേറ്റം


വിവാഹ ശേഷം 1998ലാണ് വീണ്ടും അഭിനയ രംഗത്ത് സജീവമായത്. ഇത്തവണ ടെലിവിഷനിലൂടെയാണെന്ന വ്യത്യാസം മാത്രം. 2011 വരെ ടിവി പരിപാടികളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

തിരിച്ചു വരവ്


ഇംഗ്‌ളീഷ്-വിംഗ്ലീഷ് എന്ന സിനിമയിലൂടെ ശ്രീദേവി വീണ്ടും ബോളിവുഡില്‍ സജീവമായി. ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. 2017ല്‍ അഭിനയിച്ച മോം ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

English summary
Legendary Bollywood actress Sridevi passed away late on Saturday night following cardiac arrest, India media reported. She was 55.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam