'രാം ഗോപാൽ വർമ പറഞ്ഞാണ് വിവേക്-ഐശ്വര്യ ബന്ധം അറിഞ്ഞത്, എനിക്ക് ഇപ്പോഴും സൽമാനോട് സ്നേഹമാണ്'; സുരേഷ്!
തൊണ്ണൂറുകളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അവരുടെ പ്രണയത്തെക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് വേർപിരിയലാണ്. സൽമാൻ ഖാനുമായുള്ള ബന്ധം എത്രത്തോളം ദുസ്സഹമായിരുന്നുവെന്നത് ഐശ്വര്യ പരസ്യമായി പറയുകയും ചെയ്തിരുന്നു. 1999ൽ പുറത്തിറങ്ങിയ ഹം ദിൽ ചുകേ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഐശ്വര്യയും സൽമാനും അടുത്തത്. 2001ൽ ഇരുവരും വേർപിരിഞ്ഞു.
സൽമാൻ ഖാനുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം വിവേക് ഒബ്‌റോയിയുമായി ഐശ്വര്യ റായി പ്രണയത്തിലായി. ക്യോം ഹോ ഗയാ നാ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും അടുത്തത്. എന്നാൽ ഇതിൽ ദേഷ്യം വന്ന സൽമാൻ വിവേകിനെ അധിക്ഷേപിക്കുക മാത്രമല്ല കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒരു രാത്രി സൽമാൻ നിരന്തരം വിളിച്ച് തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചുവെന്ന് വിവേക് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പത്രസമ്മേളനത്തിന് വിവേകിന് വലിയ വില നൽകേണ്ടി വന്നു.
ഈ സംഭവത്തിന് ശേഷം അദ്ദേഹത്തിന് സിനിമകൾ ലഭിക്കാതെയായി. ഇപ്പോഴിതാ ഐശ്വര്യ-വിവേക് ഒബ്റോയ് പ്രണയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇപ്പോഴും സൽമാൻ ഖാന്റെ കുടുംബവുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും പറയുകയാണ് വിവേക് ഒബ്റോയിയുടെ പിതാവും നടനുമായ സുരേഷ് ഒബ്റോയ്. അടുത്തിടെ രൺബീർ കപൂർ നായകനായ ആനിമൽ എന്ന ചിത്രത്തിലൂടെ താരം അഭിനയത്തിലേക്ക് വലിയൊരു തിരിച്ചുവരവ് നടത്തിയിരുന്നു.
നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സിനിമാ മേഖലയിൽ നേടിയിട്ടുള്ള സുരേഷ് അഭിനയരംഗത്ത് മാത്രമല്ല രാഷ്ട്രീയ രംഗത്തും നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. ബിജെപിയിൽ അംഗമാണ് താരം. ഇപ്പോഴിതാ ആനിമൽ സിനിമയുടെ വിജയത്തിന്റെ ഭാഗമായി ലെഹ്രാൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം വിവേക്-ഐശ്വര്യ ബന്ധത്തെ കുറിച്ചും അന്ന് നടന്ന സംഭവങ്ങളെ കുറിച്ചും സുരേഷ് ഒബ്റോയ് സംസാരിച്ചു.
സംവിധായകൻ രാം ഗോപാൽ വർമയിലൂടെയാണ് തന്റെ മകന്റെ വ്യക്തിജീവിതത്തിലെ ഈ അധ്യായത്തെക്കുറിച്ച് താൻ മനസിലാക്കിയതെന്നാണ് സുരേഷ് പറഞ്ഞത്. 'മിക്ക കാര്യങ്ങളും എനിക്കറിയില്ലായിരുന്നു. വിവേക് എന്നോട് പറഞ്ഞിട്ടില്ല. രാമു (രാം ഗോപാൽ വർമ്മ) എന്നോട് പറഞ്ഞാണ് പലതും ഞാൻ അറിഞ്ഞത്.'

'രാമുവിന് മുമ്പ് മറ്റാരോ കൂടി എന്നോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. ഞാൻ ഒരിക്കലും അമിതാഭ് ബച്ചന്റെ സുഹൃത്തായിരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ സഹനടനായിരുന്നു. സിനിമയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നു. ഡാനി മുകുളുമായിട്ടായിരുന്നു എന്റെ സൗഹൃദം. ബച്ചൻ അദ്ദേഹത്തിന്റെ ജന്മദിനത്തിന് എന്നെ ക്ഷണിച്ചിരുന്നുവെന്ന് മാത്രം. മാത്രമല്ല മിക്ക കാര്യങ്ങളും അദ്ദേഹം ആളുകളെ അറിയിക്കുന്നില്ല.'
'എന്നാൽ ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം ഞങ്ങൾ പരസ്പരം വളരെ നല്ല സൗഹൃദത്തിൽ സംസാരിക്കാറുണ്ട്. അതുപോലെ തന്നെ അന്നും ഇന്നും ഞാൻ സൽമാനുമായി സൗഹൃദത്തിലാണ്. സൽമാൻ ഖാൻ എന്നെ കാണുമ്പോഴെല്ലാം സിഗരറ്റ് മറയ്ക്കുകയും ബഹുമാനത്തിന്റെ ഭാഗമായി എന്നോട് സംസാരിക്കുകയും ചെയ്യും. സലിംജിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ഞാൻ എപ്പോഴും വിവേകിനോട് പറയാറുണ്ട്.'
'സലിം ഭായിയെയും ഞാൻ ബഹുമാനിക്കുന്നു', എന്നാണ് സുരേഷ് ഒബ്റോയ് പറഞ്ഞത്. പ്രണയത്തിലായിരുന്ന സമയത്തും ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നുവെന്ന് മുമ്പ് ഒരിക്കൽ വിവേക് പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ നിരാശയാണ് ആദ്യം തോന്നാറുള്ളതെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. എനിക്ക് വളരെയധികം നിരാശ തോന്നിപ്പിക്കുന്ന കാര്യമാണ് പ്രണയം. മറ്റുള്ളവരെ വെറുക്കാനും വഴക്കിടാനുമൊക്കെ കാരണമായത് പ്രണയമായിരുന്നുവെന്നായിരുന്നു മുമ്പ് വിവേക് പറഞ്ഞതും ചർച്ചയായിരുന്നു.


Click it and Unblock the Notifications











