ഭീഷണി സന്ദേശമയച്ചവര്‍ക്ക് മറുപടിയുമായി സുശാന്തിന്റെ കാമുകി! സിബിഐ അന്വേഷണം വേണമെന്ന് റിയ
സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗ വാര്‍ത്ത സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. സിനിമകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതാണ് നടന്റെ വിടവാങ്ങലിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ബോളിവുഡ് സിനിമാ ലോകത്തിനെതിരെ തുറന്നടിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയിരുന്നത്. സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ അടക്കമുളള നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയെയും മണിക്കൂറുകളോളം മുംബൈ പോലീസ് ചോദ്യം ചെയ്തു.

പിന്നാലെ ആദ്യമായി പരസ്യമായി പ്രതികരിച്ച് റിയ ചക്രബര്‍ത്തി രംഗത്തെത്തിയിരുന്നു. തനിക്ക് ഭീഷണി സന്ദേശം വന്നതിനെക്കുറിച്ച് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ഉടന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊന്നുകളയും എന്നാണ് സന്ദേശം. സന്ദേശമയച്ച ആള്‍ക്കെതിരെ നടപടിയെടുക്കാനായി ഇപ്പോള്‍ സൈബര്‍ ക്രൈം പോലീസിന്റെ സഹായം തേടുകയാണ് റിയ.
Recommended Video
അതേസമയം റിയ ചക്രബര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. തനിക്ക് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് റിയ എത്തിയത്. റിയ ചക്രബര്‍ത്തിയുടെ വാക്കുകളിലേക്ക്; സ്വര്‍ണക്കടത്തുകാരിയെന്ന് വിളിച്ചു, ഞാന്‍ പ്രതികരിക്കാന്‍ നിന്നില്ല. കൊലപാതകിയെന്ന് വിളിച്ചു. അപ്പോഴും മിണ്ടിയില്ല. പലവട്ടം നാണം കെടുത്തി. അപ്പോഴൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല,. എന്റെ മൗനമാണോ നിങ്ങള്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കാനുളള അനുവാദം തന്നത്.
ഉടന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊന്നുകളയുമത്രെ. നിങ്ങള്‍ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ശരിക്ക് ചിന്തിച്ചിട്ട് തന്നെയാണോ ഇത് പറഞ്ഞിരിക്കുന്നത്. ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിലുളള വിഷ പ്രചരണവും അധിക്ഷേപവും ആര്‍ക്കും ഇനി നേരിടേണ്ടി വരരുത്. ഞാന്‍ സൈബര്‍ ക്രൈം പോലീസിന്റെ സഹായം തേടുകയാണ്. ഇതിനെതിരെ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണം. റിയ ചക്രബര്‍ത്തി കുറിച്ചു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും റിയ ഉന്നയിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് സിബിഐ അന്വേഷണം വേണമെന്ന് റിയ അഭ്യര്‍ത്ഥിച്ചത്. "ബഹുമാന്യനായ അമിത് ഷാ സര്‍, ഞാന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി. അദ്ദേഹത്തിന്റെ മരണം നടന്ന് ഒരു മാസം പിന്നിടുന്നു.
എനിക്ക് സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ട്. നീതി നടപ്പിലാക്കണമെന്ന താല്‍പര്യത്താല്‍ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആരംഭിക്കാന്‍ ഞാന്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണ്. ഇങ്ങനെയൊരു ചുവടുവെയ്ക്കാന്‍ സുശാന്തിനെ പ്രേരിപ്പിച്ച സമ്മര്‍ദ്ദം എന്താണെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Click it and Unblock the Notifications