സുശാന്ത് ആത്മഹത്യ ചെയ്ത ഫ്ലാറ്റ് ഇപ്പോഴും ഭീതിയുടെ നിഴലിൽ; എല്ലാവർക്കും ഭയം!
ബോളിവുഡിനെ ആകെ പിടിച്ച് കുലുക്കിയ സംഭവം ആയിരുന്നു നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. യുവനിരയിൽ ശ്രദ്ധേയനായിരുന്ന സുശാന്തിനെ 2020 ലാണ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് കടുത്ത വിഷാദ രോഗത്തിലായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
നടന്റെ മരണം സിനിമാ ലോകത്ത് ഉണ്ടാക്കിയ വിവാദം ചെറുതല്ല. ബോളിവുഡിലെ കുടുംബാധിപത്യം സുശാന്തിന്റെ കരിയറിനെ ബാധിച്ചെന്നും ഇതിൽ മാനസികമായി തളർന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്നും ആരോപണം ഉയർന്നിരുന്നു.
ബോളിവുഡിൽ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച നടനാണ് സുശാന്ത്. തുടക്ക കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്നെങ്കിലും പിന്നീട് നടന് വലിയ രീതിയിൽ അവസരങ്ങൾ ലഭിച്ചില്ല. ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നായിരുന്നു സൂചന. കരൺ ജോഹർ ഉൾപ്പെടെയുള്ള ഫിലിം മേക്കർസ് സുശാന്തിന്റെ മരണത്തിന് പിന്നാലെ കുറ്റപ്പെടുത്തലുകൾക്ക് ഇരയായി.
ഏറെ നാൾ ബോളിവുഡിൽ ഇത് സംബന്ധിച്ചുള്ള വിവാദം നിലനിന്നിരുന്നു. സുശാന്ത് മരിച്ചിട്ട് രണ്ടര വർഷം പിന്നിട്ടിരിക്കുകയാണ്. സിനിമാ ലോകവും ആരാധകരും ഇപ്പോഴും നടനെ ഓർക്കുന്നു.

ഇപ്പോഴിതാ സുശാന്തിനെ സംബന്ധിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. മുംബൈയിൽ സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റ് വാങ്ങാൻ ഇപ്പോഴും ആരും ധൈര്യപ്പെടുന്നില്ല. ഈ ഫ്ലാറ്റിലാണ് സുശാന്ത് തൂങ്ങി മരിച്ചത്. അഞ്ച് ലക്ഷം രൂപ മാസ വാടകയ്ക്ക് കൊടുക്കാമെന്ന് പരസ്യം ചെയ്തിട്ടും ആരും ഈ ഫ്ലാറ്റ് വാങ്ങിയിട്ടില്ല.
ഫ്ലാറ്റുടമ വിദേശത്ത് ആണുള്ളത്. ഇനി ഒരു ബോളിവുഡ് താരത്തിന് ഈ ഫ്ലാറ്റ് നൽകേണ്ടെന്നാണത്രെ ഇദ്ദേഹത്തിന്റെ തീരുമാനം. എത്ര വലിയ താരമാണെങ്കിലും വാടകയ്ക്ക് നൽകില്ല. പകരം കോർപറേറ്റുകൾക്ക് ഫ്ലാറ്റ് നൽകാനാണ് ശ്രമം. ബ്രോക്കർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രകാരം ചിലർ ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാൻ തയ്യാറായി വരും, പക്ഷെ ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ പിന്തിരിപ്പിക്കുകയാണത്രെ.

2020 ജൂണിലാണ് സുശാന്ത് സിംഗ് രാജ്പുത് മരിക്കുന്നത്. അത് വരെ നടൻ താമസിച്ച ഫ്ലാറ്റ് ആണിത്. മാസം 4.5 ലക്ഷം രൂപയാണ് സുശാന്ത് ഇതിന് നൽകിയിരുന്ന മാസ വാടക. കാമുകി റിയ ചക്രബർത്തിക്ക് ഒപ്പമാണ് സുശാന്ത് ഇവിടെ താമസിച്ചത്.
സുശാന്തിന്റെ മരണത്തിന് ശേഷമാണ് സിനിമാ ലോകത്തെ പല അറിയാക്കഥകളും പുറത്ത് വന്നത്. താരങ്ങൾ നേരിടുന്ന മാനസിക സമ്മർദ്ദവും മറ്റും ഇതിനിടെ ചർച്ചയായി. ബോളിവുഡിലെ ലഹരി മാഫിയ ഉൾപ്പെടെയുള്ള കാര്യങ്ങൾ മറ നീക്കി പുറത്ത് വന്നു. നടൻ മരിച്ചതിന് ശേഷമാണ് സിനിമാ കുടുംബത്തിൽ നിന്ന് വരാത്ത താരങ്ങളെ പരിഗണിക്കാൻ സിനിമാ ലോകം പഠിച്ചതെന്നും അഭിപ്രായമുണ്ട്. സുശാന്തിന്റെ മരണത്തിൽ അന്ന് ദുരൂഹതകൾ ഏറെ ഉണ്ടായിരുന്നു.
നടന് വിഷാദ രോഗം ഉള്ളതായി ആരും അറിയില്ലായിരുന്നു. ഒരു ഘട്ടത്തിൽ സുശാന്തിന്റേത് കൊലപാതകം ആണെന്ന് വരെ ആരോപണം ഉയർന്നു. എന്നാൽ ഇത്തരം വാദങ്ങൾ അടിസ്ഥാന രഹിതം ആണെന്ന് പിന്നീട് കണ്ടെത്തി. സുശാന്തിനെ കുറിച്ചുള്ള ഓർമ്മകൾ ഇടയ്ക്ക് നടന്റെ കുടുംബം പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications