മിസ് യൂണിവേഴ്സ് ആയിട്ട് 28 വർഷം; സുസ്മിതയുടെ സൗന്ദര്യം ഇപ്പോഴും പഴയതുപോലെ
ബോളിവുഡ് ഇൻഡസ്ട്രിയിൽ ഒരു ആമുഖവും വേണ്ടാത്ത താരമാണ് സുസ്മിത സെൻ. 1994-ൽ മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന ആദ്യ ഇന്ത്യക്കാരി. 77 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കെതിരെ മത്സരിച്ചാണ് സുസ്മിത മിസ് യൂണിവേഴ്സ് കിരീടം അണിഞ്ഞത്. 43-ാമത് മിസ്സ് യൂണിവേഴ്സ് മത്സരം 1994 മെയ് 21 ന് ഫിലിപൈൻസിൽ വച്ചാണ് മത്സരം നടന്നത്. അന്നത്തെ മത്സരത്തിൽ കൊളംബിയയിൽ നിന്നുള്ള കരോലിന ഗോമസ് ഫസ്റ്റ് റണ്ണറപ്പും വെനസ്വേലയിൽ നിന്നുള്ള മിനോർക്ക മെർക്കാഡോ സെക്കൻഡ് റണ്ണറപ്പുമായി.
ഇന്ന്, താരത്തിന് ആ അഭിമാനകരമായ പദവി ലഭിച്ചിട്ട് 28 വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ സുസ്മിത തന്റെ ട്വിറ്റർ പേജിൽ ഒരു പോസ്റ്റും ഇടുകയുണ്ടായി. ചുവന്ന ഗൗണിൽ കറങ്ങുന്ന തന്റെ അതിമനോഹരമായ ഒരു ചിത്രത്തോടൊപ്പമാണ് താരം ഇങ്ങനെ കുറിച്ചത്;
"സൗന്ദര്യം എന്നത് ഒരു വികാരമാണ്.... ഇന്ത്യ ആദ്യമായി മിസ് യൂണിവേഴ്സ് നേടിയതിന്റെ 28 വാർഷിക ആശംസകൾ!!...സമയം പറക്കുകയാണ് ...സൗന്ദര്യം അവശേഷിക്കുന്നു"

സുസ്മിത കുറിച്ചതുപോലെ തന്നെ 28 വർഷം പിന്നിട്ടിട്ടും താരം ഇപ്പോഴും ചുറുചുറുക്കോടെ നിത്യയൗവനം കാത്തുസൂക്ഷിക്കുന്നു എന്നാണ് ആരാധകർ താരത്തിന്റെ പുതിയ ചിത്രം കണ്ട് അഭിപ്രായപ്പെടുന്നത്.
1994ൽ മിസ്സ് യൂണിവേർസ് ആയിക്കഴിഞ്ഞതോടുകൂടി പല അവസരങ്ങളും സുസ്മിതയെ തേടിവരികയാണുണ്ടായത്.
1996-ൽ പുറത്തിറങ്ങിയ 'ദസ്റ്റക്' ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. ഈ സിനിമ ഒരു വിജയം ആയിരുന്നില്ല. പക്ഷേ തുടർന്ന് 1997ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം 'രക്ഷകൻ' ഒരു വലിയ ഹിറ്റ് ആയിരുന്നു.

രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ ഡേവിഡ് ധവാന്റെ 'ബിവി നം 1 ' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് സുസ്മിതക്ക് ലഭിക്കുകയുണ്ടായി. 2004-ൽ പുറത്തിറങ്ങിയ 'മേൻ ഹൂം ന' എന്ന ചിത്രമാണ് ഇതുവരെയുള്ള സുസ്മിതയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് ചിത്രത്തിൽ സുസ്മിത വേഷമിട്ടത്.
ഡിസ്നി പ്ലസ് ഹോറസ്റ്ററിൽ പുറത്തിറങ്ങിയ ആര്യ-2 എന്ന ക്രൈം ത്രില്ലർ പാരമ്പരയിലാണ് സുസ്മിത ഒടുവിൽ അഭിനയിച്ചത്. സുസ്മിതയുടെ വമ്പൻ തിരിച്ചുവരവാണ് ആര്യയിലൂടെ കാണാൻ സാധിച്ചത്.
തന്റെ കുടുംബത്തെ സംരക്ഷിക്കാനും തന്റെ ഭർത്താവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനും ഒരു മാഫിയ ഗ്യാങ്ങിൽ ചേരുന്ന യുവതിയുടെ കഥയാണ് ഈ പരമ്പര പറയുന്നത്.
സീരിസിലെ സുസ്മിതയുടെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ഒ ടി ടി പുരസ്കാരവും നടി നേടിയെടുത്തു. 2020 ജൂൺ 19ന് ആണ് ആര്യ റിലീസ് ആയത്. 2021 മാർച്ച് 1ന് ആണ് രണ്ടാം സീസൺ റിലീസ് ആയത്

ആര്യയായി താരം തകർത്തഭിനയിച്ചിരിക്കുന്ന സീരിസിന്റെ മൂന്നാംഭാഗം തീയേറ്ററുകളിലൂടെ പ്രേക്ഷകരിൽ എത്തിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
റാം മധ്വാനിയും സംഘവും ആര്യ 3 യുടെ സ്ക്രിപ്റ്റിംഗ് ആരംഭിച്ചതായും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. ആര്യ തനിക്ക് വളരെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ് ആണെന്നും, മൂനാം ഭാഗത്തിനായി വളരെ ശക്തമായ ഒരു തിരക്കഥയാണ് ഒരുക്കുന്നതെന്നും റാം വ്യക്തമാക്കിയിരുന്നു.
ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു. ആര്യ 2വിലെ സുസ്മിതയുടെ പ്രകടനത്തിൽ ത്രില്ലടിച്ച ആരാധകർ മൂന്നാം ഭാഗത്തിലെ താരത്തിന്റെ മിന്നുന്ന പ്രകടനത്തിനായി കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











