ജോലി ഇല്ലാതായി; വരുമാനം കണ്ടെത്തിയതിങ്ങനെ; മകളുടെ ചോദ്യം തിരിച്ചറിവുണ്ടാക്കി; തുറന്ന് പറഞ്ഞ് സുസ്മിത
മിസ് യൂണിവേഴ്സ് പട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് സുസ്മിത സെൻ. 18ാം വയസിലാണ് സുസ്മിത ഇത്രയും വലിയൊരു നേട്ടം കെെവരിക്കുന്നത്. ചെറിയ പ്രായത്തിലേ ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വെച്ച് പുലർത്തിയ സുസ്മിത എന്നും തന്റെ തീരുമാനങ്ങളിൽ ഉറച്ച് നിന്നിട്ടുണ്ട്. കരിയറിലെ താരത്തിളക്കമുള്ള സമയത്താണ് ഇടവേളയെടുക്കാൻ സുസ്മിത തീരുമാനിക്കുന്നത്. തെറ്റായ നീക്കമാണിതെന്ന് പലരും ഉപദേശിച്ചെങ്കിലും സുസ്മിത തന്റെ തീരുമാനവുമായി മുന്നോട്ട് പോയി.
ബോളിവുഡിലെ ഗ്ലാമറസ് ലോകത്ത് എത്തിപ്പെടാൻ നിരവധി പേർ കൊതിക്കുന്ന കാലത്താണ് സുസ്മിത സിനിമകൾ വേണ്ടെന്ന് വെക്കുന്നത്. പലപ്പോഴും ബോളിവുഡിലെ രീതികളുമായി ഒത്ത് പോകാൻ സുസ്മിതയ്ക്ക് കഴിഞ്ഞിട്ടില്ല. സൂപ്പർതാരങ്ങളെ കാത്ത് മണിക്കൂറുകളോളം ഷൂട്ടിംഗ് സെറ്റിലിരിക്കാൻ സുസ്മിത തയ്യാറായിരുന്നില്ല.

എത്ര വലിയ താരത്തിന്റെ സിനിമയാണെങ്കിലും തന്റെ സമയം കഴിഞ്ഞാൽ സെറ്റിൽ നിന്ന് മടങ്ങുന്നതായിരുന്നു സുസ്മിതയുടെ രീതി. ഇതേക്കുറിച്ച് നടി അടുത്തിടെ തുറന്ന് സംസാരിക്കുകയുമുണ്ടായി. ബി ടൗണിലെ രീതികളുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാഞ്ഞതോടെ മാറിനിൽക്കാൻ നടി തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള വരുമാനം ഇല്ലാതായ സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് സുസ്മിത സെൻ.
സ്ക്രിപ്റ്റുകൾ വരുന്നുണ്ടായിരുന്നു. പക്ഷെ തനിക്ക് അതിൽ ഒന്നും ചെയ്യാനില്ലായിരുന്നു. സിംഗിൾ മദറാണ്. വരുമാനം ലഭിക്കാൻ ജോലിയില്ല. തന്റെ ഉടമസ്ഥതയിലുള്ള റെനി ജ്വല്ലേർസിൽ നിന്നുള്ള വരുമാനവും ചില പരസ്യങ്ങളുമാണ് വരുമാന ശ്രോതസ്സായതെന്നും സുസ്മിത വ്യക്തമാക്കി. 2012 ൽ ഇളയ മകൾ അലീഷ ചോദിച്ച ചോദ്യമാണ് തന്നെ സിനിമാ രംഗത്തേക്ക് മടങ്ങി വരാൻ പ്രേരിപ്പിച്ചതെന്നും സുസ്മിത പറയുന്നു.

ഒരു ദിവസം വീട് താഴെ പാപ്പരാസികളെ അവൾ കണ്ടു. എന്തിനാണ് എന്റെ ഫോട്ടോ എടുക്കുന്നതെന്ന് അവളെന്നോട് ചോദിച്ചു. കാരണം ഞാൻ പ്രശ്സതയാണെന്ന് മറുപടി നൽകി. എന്തിന്റെ പേരിലെന്ന് അവൾ ചോദിച്ചു. ഞാൻ മുൻ മിസ് യൂണിവേഴ്സ് ആയിരുന്നെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അത് ഒരുപാട് കാലം മുമ്പല്ലേ എന്ന് മകൾ. ഞാനെരു നടി കൂടിയാണെന്ന് പറഞ്ഞപ്പോൾ പക്ഷെ ഇപ്പോൾ അഭിനയിക്കുന്നില്ലല്ലോ എന്നായി മകളുടെ ചോദ്യം.
പിന്നീടാണ് താൻ അഭിനയ രംഗത്തേക്ക് മടങ്ങാനുള്ള സമയമായെന്ന് തിരിച്ചറിഞ്ഞതെന്നും സുസ്മിത സെൻ വ്യക്തമാക്കി. അവസരം ലഭിക്കാനായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രെെം, ഹോട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ തലപ്പത്തുള്ളവരെ വിളിച്ചു. എനിക്ക് ജോലിയില്ലായിരുന്നു. കഴിഞ്ഞ എട്ടു വർഷമായി കരിയറിൽ അനുഭവ പരിചയവും ഇല്ല. ലോകം ഒരുപാട് മാറിയിരുന്നു. ഒടിടിയിലെ കണ്ടന്റുകൾ തനിക്കിഷ്ടപ്പെട്ടു. താൻ അഭിനയിക്കാൻ തയ്യാറാണെന്ന് അറിയിക്കാൻ വേണ്ടിയാണ് അങ്ങോട്ട് വിളിച്ച് സംസാരിച്ചതെന്നും സുസ്മിത വ്യക്തമാക്കി.
ഹോട്സ്റ്റാറിലെ ആര്യ എന്ന സീരീസിലൂടെയാണ് സുസ്മിത അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. സീരീസ് വൻ ഹിറ്റായി. അടുത്തിടെയാണ് ആര്യയുടെ മൂന്നാം സീസൺ പുറത്തിറങ്ങിയത്. പുതിയ സീസണും ജനപ്രീതി നേടി. ഇന്ന് ഒടിടി പ്രൊജക്ടുകൾക്കാണ് സുസ്മിത കൂടുതൽ പ്രാധാന്യം നൽകുന്നത്. താലി എന്ന സീരീസിലും അടുത്തിടെ നടി അഭിനയിച്ചു.
ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് താലിയിൽ സുസ്മിത അവതരിപ്പിച്ചത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗൗരി സാവന്ദിന്റെ ജീവിത കഥയായിരുന്നു സീരീസിന്റെ പ്രമേയം. ദത്തെടുക്കലിലൂടെയാണ് സുസ്മിത രണ്ട് പെൺകുട്ടികൾക്ക് അമ്മയായത്. റൊഹ്മാൻ ഷാൾ എന്നാണ് നടിയുടെ പങ്കാളിയുടെ പേര്.


Click it and Unblock the Notifications