ആരോടും താൽപര്യമില്ല, സിംഗിളാണിപ്പോൾ; അഞ്ച് വർഷത്തെ റിലേഷൻഷിപ്പായിരുന്നു; തുറന്ന് പറഞ്ഞ് സുസ്മിത സെൻ
ബോളിവുഡിലെ നായിക നടിമാർക്കിടയിൽ അന്നും ഇന്നും വ്യത്യസ്തത പുലർത്തിയ താരമാണ് സുസ്മിത സെൻ. മുൻ മിസ് യൂണിവേഴ്സായ സുസ്മിത ഈ പേരിന്റെ ഖ്യാതി എന്നും കാത്ത് സൂക്ഷിച്ചു. മിസ് യൂണിവേഴ്സായ ശേഷം സിനിമാ രംഗത്തേക്ക് കടന്ന് വന്ന സുസ്മിതയ്ക്ക് ബോളിവുഡിലെ പതിവ് രീതികളുമായി പൊരുത്തപ്പെട്ട് പോകാൻ പലപ്പോഴും സാധിച്ചില്ല. അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ, ഷൂട്ടിംഗ് സെറ്റിലെ സമയ നിഷ്ഠയില്ലായ്മ തുടങ്ങിയ കാര്യങ്ങൾ സുസ്മിതയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. ഇതോടെയാണ് താരം കരിയറിൽ നിന്നും പതിയെ അകലുന്നത്.
വർഷങ്ങൾക്കിപ്പുറം ആര്യ എന്ന സീരീസിലൂടെയാണ് സുസ്മിത അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് സുസ്മിത സെൻ. സുസ്മിതയുടെ വ്യക്തിജീവിതവും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. 48 കാരിയായ സുസ്മിത ഇപ്പോഴും അവിവാഹിതയാണ്. അതേസമയം ദത്തെടുക്കലിലൂടെ രണ്ട് പെൺമക്കളുടെ അമ്മയാകാൻ സുസ്മിതയ്ക്ക് കഴിഞ്ഞു.

ഒന്നിലേറെ പ്രണയബന്ധങ്ങൾ സുസ്മിതയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ഇവയൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സുസ്മിത. കുറച്ച് കാലമായി ഞാൻ സിംഗിളാണ്. കൃത്യമായി പറഞ്ഞാൽ 2021 മുതൽ. വളരെ നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്. നമുക്ക് ഗോവയിൽ പോകാമെന്ന് ഞാൻ പറയാൻ കാത്തിരിക്കുകയാണ് അവർ. ഡേറ്റിംഗിൽ നിന്നും താൻ ഇടവേള എടുത്തിരിക്കുകയാണെന്നും സുസ്മിത പറയുന്നു.
ഇപ്പോൾ എനിക്കാരോടും താൽപര്യമില്ല. ഇടവേളയെടുക്കുന്നത് മനോഹരമാണ്. കാരണം അഞ്ച് വർഷത്തോളം താൻ ഒരു റിലേഷൻഷിപ്പിലായിരുന്നെന്നും സുസ്മിത സെൻ വ്യക്തമാക്കി. മോഡൽ റൊഹ്മാൻ ഷാൾ ആയിരുന്നു സുസ്മിതയുടെ മുൻകാമുകൻ. ഇരുവരും പൊതുവേദികളിലും ഒരുമിച്ച് എത്താറുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാൽ പിന്നീട് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു.

സുസ്മിത തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ബ്രേക്കപ്പിന് ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടർന്നു. ഇപ്പോഴും സുസ്മിതയ്ക്കൊപ്പം ഇടയ്ക്ക് റൊഹ്മാനെ കാണാറുണ്ട്. റൊഹ്മാനുമായി അകന്ന ശേഷം സുസ്മിത ബിസിനസുകാരൻ ലളിത് മോഡിയുമായി അടുത്തെന്ന് റിപ്പോർട്ടുകൾ വന്നു. സുസ്മിതയ്ക്കൊപ്പമുള്ള ഫോട്ടോകൾ ലളിത് മോദി പങ്കുവെച്ചതോടെയാണ് ഈ വാർത്ത പരന്നത്.
വാർത്ത സുസ്മിത നിഷേധിച്ചതുമില്ല. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം ലളിത് മോഡി സുസ്മിതയ്ക്കൊപ്പമുള്ള ഫോട്ടോകൾ നീക്കം ചെയ്തു. താൻ നേരത്തെ രണ്ട് തവണ വിവാഹത്തിന് ഒരുങ്ങിയതാണെന്നും എന്നാൽ പിന്നീട് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നെന്നും സുസ്മിത സെൻ പറഞ്ഞിട്ടുണ്ട്.
കരിയറിലേക്കാണ് സുസ്മിത ഇന്ന് ശ്രദ്ധ നൽകുന്നത്. താലി എന്ന സീരസിലാണ് സുസ്മിതയെ അവസാം പ്രേക്ഷകർ കണ്ടത്. താൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രൊജക്ടുകളാണ് സുസ്മിത സെൻ ഇപ്പോൾ ചെയ്യുന്നത്. ഒടിടിയിൽ അല്ലാതെ ബിഗ് സ്ക്രീനിൽ സുസ്മിതയെ വീണ്ടും കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











