'വസ്ത്രം മാറുന്നത് പോലെ കാമുകൻമാരെ മാറ്റുന്നു'; വിമർശനങ്ങൾക്കിടെ പ്രതികരണവുമായി സുസ്മിത
മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും ലളിത് മോദിയും തമ്മിലുള്ള പ്രണയ വാർത്തകൾ വലിയ ചർച്ചയായിരിക്കുകയാണ്. സുസ്മിതയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് ലളിത് മോദിയാണ് താൻ സുസ്മിതയുമായി പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ഇരുവരും വിവാഹിതരായെന്ന വാർത്തയും പരന്നു.
എന്നാൽ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഒരു ദിവസം വിവാഹമുണ്ടാവുമെന്നാണ് കരുതുന്നതെന്നും ലളിത് മോദി വിശദീകരണവും നൽകി. പിന്നാലെ സുസ്മിതയും വിഷയത്തിൽ വ്യക്തത വരുത്തി. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും വളരെ ,സന്തോഷകരമായ ഒരു സ്ഥലത്താണ് ജീവിതത്തിലിപ്പോഴുള്ളതെന്നും സ്നേഹത്താൽ ചുറ്റപ്പെട്ടിരിക്കുകയാണെന്നും സുസ്മിത ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

അതേസമയം സുസ്മിതയ്ക്കെതിരെ വ്യാപക സൈബർ അധിക്ഷേപങ്ങളും നടന്നിരുന്നു. സുസ്മിത വസ്ത്രം മാറുന്നത് പോലെ കാമുകൻമാരെ മാറ്റുകയാണെന്നും വിവാഹം കഴിച്ച് ജീവിച്ചു കൂടേയെന്നൊക്കെയായിരുന്നു കമന്റുകൾ. ഇത്തരം കമന്റുകൾക്കെതിരെ സമുൂഹ മാധ്യമങ്ങളിൽ തന്നെ വിമർശനം ഉയരുകയും ചെയ്തിരുന്നു.
ആദ്യമായി ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം എത്തിച്ച പ്രതിഭയാണ് സുസ്മിതയെന്നും അവർ ജീവിതത്തിൽ മാതൃകാപരമായ മറ്റു പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ ജീവിതത്തിലെടുക്കുന്ന തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കേണ്ടതുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി.

ഇതിനിടെ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടിയെന്നോളം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടിരിക്കുകയാണ് സുസ്മിത സെൻ. ശാന്തതയും ഒച്ചപാടുകൾ റദ്ദാക്കുന്നതിന്റെ ശക്തിയും എന്നാണ് തന്റെ പോസ്റ്റിന് സുസ്മിത നൽകിയിരിക്കുന്ന ക്യാപ്ഷൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ സുസ്മിത തന്റെ വിശേഷങ്ങളെല്ലാം ആരാധകരമായി പങ്ക് വെക്കാറുണ്ട്.
സുസ്മിത സെന്നിന്റെ മുൻ പ്രണയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നത്. പത്തിലേറെ പ്രണയങ്ങളാണ് സുസ്മിതയ്ക്ക് ഇതിന് മുമ്പായിരുന്നതെന്ന് ഗോസിപ്പുകൾ. മോഡലായ റൊഹ്മാൻ ഷോൾ, വിക്രം ഭട്ട്, രൺദീപ് ഹൂഡ തുടങ്ങി ഈ നിര നീളുന്നു. ഇതിൽ മിക്കവരുമായുള്ള പ്രണയവും സുസ്മിത പരസ്യമാക്കിയിട്ടുമുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ വേർപിരിഞ്ഞ റൊഹ്മാൻ ഷോളുമായുള്ള ബന്ധം സുസ്മിത തന്നെയാണ് ആദ്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2018 ൽ തുടങ്ങിയ ഈ ബന്ധം പിന്നീട് ഇരുവരും വേണ്ടെന്ന് വെക്കുകയായിരുന്നു. നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
ലളിത് മോദിയുമായുള്ള സുസ്മിതയുടെ ബന്ധത്തിന് കഴിഞ്ഞ ദിവസം റൊഹ്മാൻ ആശംസകളുമറിയിച്ചിരുന്നു. സുസ്മിതയുടെ കുടുംബവുമായു അടുത്ത ബന്ധമുള്ളയാളായിരുന്നു റൊഹ്മാൻ. സുസ്മിതയുടെ സഹോദരന്റെ വിവാഹത്തിന് റൊഹ്മാനും എത്തിയിരുന്നു. അതേസമയം ലളിത് മോദിയുമായുള്ള ബന്ധം സുസ്മിതയുടെ കുടുംബത്തിന് അറിയില്ലെന്നാണ് വിവരം. സുസ്മിത ഇതേപറ്റി സംസാരിച്ചിട്ടില്ലെന്നാണ് താരത്തിന്റെ പിതാവും സഹോദരനും മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
1994 ലാണ് സുസ്മിത ഇന്ത്യയ്ക്ക് വേണ്ടി വിശ്വ സുന്ദരിപട്ടം ചൂടുന്നത്. ഇതിന് ശേഷം 2000 ത്തിൽ ലാറ ദത്തയാണ് ഇന്ത്യക്ക് വേണ്ടി ഈ നേട്ടം കൈ വരിച്ചത്. പിന്നീട് 2021 ഹർനാസ് സിന്ധുവും വിശ്വസുന്ദരി പട്ടം ചൂടി ഇന്ത്യക്കാരിയായി.


Click it and Unblock the Notifications