'ഒന്നും അറിഞ്ഞില്ല, ഞാൻ അവളെയൊന്ന് വിളിക്കട്ടെ'; സുസ്മിത സെന്നിന്റെ പ്രണയ വാർത്തയെക്കുറിച്ച് സഹോദരൻ
ബോളിവുഡ് താരവും മുൻ വിശ്വ സുന്ദരിയുമായ സുസ്മിത സെന്നിന്റെ പ്രണയ വാർത്ത വൻ ചർച്ചയായിരിക്കുകയാണ്. മുൻ ഐപിഎൽ ചെയർമാനായ ലളിത് മോദി സുസ്മിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടത്തിയ പ്രസ്താവനയാണ് ഇതിന് വഴിവെച്ചത്. സുസ്മിതയുമായി ഡേറ്റിംഗിലാണെന്നും ഒരു ദിവസം വിവാഹമുണ്ടാവുമെന്നുമാണ് ലളിത് മോദി പറയുന്നത്. മാലി ദ്വീപിൽ ഇരുവരുമൊരുമിച്ച് നടത്തിയ യാത്രയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇപ്പോൾ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് സുസ്മിതയുടെ സഹോദരൻ രാജീവ് സെൻ.

സംഭവത്തെ പറ്റി ഇപ്പോഴാണ് അറിയുന്നതെന്നും തനിക്ക് ആശ്ചര്യമുണ്ടെന്നുമാണ് രാജീവ് സെൻ പറയുന്നത്. 'ഞാൻ സന്തോഷത്തോടെ ആശ്ചര്യപ്പെടുന്നു. എനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്റെ സഹോദരി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ എനിക്ക് ഇപ്പോഴിതേ പറ്റി പറയാൻ പറ്റില്ല,' രാജീവ് സെൻ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ. തനിക്ക് സഹോദരിയെ വിളിച്ച് ഇക്കാര്യം സംസാരിക്കേണ്ടതുണ്ടെന്നും രാജീവ് സെൻ കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഇതുവരെ സുസ്മിത സെൻ ഒരു പ്രതികരണവും നടത്തിയിട്ടില്ല. നടി ഇക്കാര്യത്തെ പറ്റി സംസാരിക്കുന്നതിനായി കാത്തിരിക്കുകയാണ് ബി ടൗൺ. സാധാരണയായി തന്റെ പ്രണയത്തെ പറ്റി തുറന്നു പറയാൻ സുസ്മിത മടി കാണിക്കാറില്ല.
മുൻ കാമുകൻ റൊഹ്മാൻ ഷാളുമായുള്ള പ്രണയം നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ സ്ഥീകരിച്ചത്.
അതിന് മുൻപ് നടൻ രൺദീപ് ഹൂഡ, സംവിധായകൻ വിക്രം ഭട്ട് തുടങ്ങിയവരുമായുള്ള പ്രണയവും സുസ്മിത മറച്ചു വെച്ചിരുന്നില്ല. എന്നാൽ ലളിത് മോദിയുടെ വിഷയത്തിൽ സുസ്മിത ഇപ്പോഴും മൗനം തുടരുകയാണ്.

ഇതിനിടെ നടിയുടെ മുൻ പ്രണയങ്ങളും പ്രണയ തകർച്ചകളുമെല്ലാം വലിയ തോതിൽ വാർത്തയാവുന്നുണ്ട്. ഈ സാഹചര്യത്തിൽ സുസ്മിത വിഷയത്തിൽ ഉടനെ പ്രതികരിക്കുമെന്നാണ് സൂചന. 46 കാരിയായ താൻ വിവാഹം കഴിക്കാത്തതിനെക്കുറിച്ചും തന്റെ ജീവിതത്തിൽ വന്നു പോയ പുരുഷൻമാരെക്കുറിച്ചും സുസ്മിത അടുത്തിടെ സംസാരിച്ചിരുന്നു.
നടി ട്വിങ്കിൾ ഖന്നയുമായുള്ള അഭിമുഖത്തിലാണ് സുസ്മിത ഇതേപറ്റി സംസാരിച്ചത്. മൂന്ന് തവണ വിവാഹം കഴിക്കാൻ താൻ ഒരുങ്ങിയിരുന്നു. എന്നാൽ ഇവ നടന്നില്ല. ദൈവം മോശം ബന്ധങ്ങളിൽ നിന്ന് തന്നെ രക്ഷപ്പെടുത്തിയെന്നാണ് കരുതുന്നതെന്നായിരുന്നു സുസ്മിത പറഞ്ഞത്.

താൻ ദത്തെടുത്ത പെൺമക്കൾ വിവാഹം നടക്കാത്തിന് കാരണമല്ലെന്നും സുസ്മിത പറഞ്ഞു. തന്റെ ജീവിതത്തിൽ കടന്നു വന്ന എല്ലാവരെയും കുട്ടികൾ സ്വീകരിക്കുകയാണുണ്ടായത്. മൂത്ത മകൾ റെനിയെ ദത്തെടുത്ത ശേഷം അവൾക്ക് തന്റെ ജീവിതത്തിലുള്ള പ്രാമുഖ്യം അറിയാത്ത ഒരു പരുഷനും തന്റെ ജീവിതത്തിൽ കടന്നു വന്നിട്ടില്ലെന്നും സുസ്മിത പറഞ്ഞിരുന്നു.
Recommended Video

മോഡൽ റൊഹ്മാൻ ഷോളുമായുള്ള പ്രണയ ബന്ധം അടുത്തിടെയാണ് സുസ്മിത അവസാനിപ്പിച്ചത്. പ്രണയം അവസാനിച്ചെങ്കിലും സ്നേഹം നിലനിൽക്കുന്നുണ്ടെന്നും തങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുമെന്നും സുസ്മിത പിന്നീട് വ്യക്തമാക്കിയിരുന്നു. റൊഹ്മാനും ഇത് തന്നെയായിരുന്നു വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായതായിരുന്നു സുസ്മിതയും റെഹ്മാനും തമ്മിലുള്ള പ്രണയം.
40 കളിലെത്തിയ സുസ്മിതയെ 28ാം വയസ്സിലാണ് റൊഹ്മാൻ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇവർ തമ്മിലുള്ള പ്രായ വ്യത്യാസത്തെ പറ്റി സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച നടന്നിരുന്നു. ഏറെ നാളായി ബോളിവുഡിൽ നിന്ന് മാറി നിന്നിരുന്ന സുസ്മിത ഹോട് സ്റ്റാർ സീരീസായ ആര്യയിലൂടെയാണ് തിരിച്ചെത്തിയത്. രണ്ട് സീസണുകളിറങ്ങിയ സീരീസ് മികച്ച വിജയവും നേടിയിരുന്നു.


Click it and Unblock the Notifications