കാമുകിയുടെ മുൻ ഭർത്താവ്; ഹൃതിക്കുമായി എങ്ങനെ സൗഹൃദത്തിലായി; തുറന്ന് പറഞ്ഞ് അർസ്ലൻ
താരങ്ങളുടെ വിവാഹ മോചനം ബോളിവുഡിൽ എപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ നടൻ ഹൃതിക്കിന്റെ വിവാഹ മോചനം വർഷങ്ങൾക്കിപ്പുറവും ശ്രദ്ധ നേടുന്നത് മറ്റ് ചില കാരണങ്ങളാലാണ്. സൂസൻ ഖാൻ എന്നാണ് ഹൃതിക്കിന്റെ മുൻ ഭാര്യയുടെ പേര്. 2000 ലായിരുന്നു ഇവരുടെ പ്രണയം. സൂസനെ കണ്ടപ്പോൾ തന്നെ പ്രണയം തോന്നിയ ഹൃതിക് വൈകാതെ തന്നെ സൂസനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടന്നു. രണ്ട് ആൺ മക്കളും ദമ്പതികൾക്ക് പിറന്നു. വിവാഹ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ ഇരുവരും സന്തോഷകരമായി ജീവിച്ചു.
ഹൃതിക്കിനെക്കുറിച്ച് ഗോസിപ്പുകൾ വന്നപ്പോഴും വിവാഹ ജീവിതത്തെ അതൊന്നും ബാധിച്ചില്ല. നടി കരീന കപൂറുമായുള്ള ഗോസിപ്പുകൾ കടുത്തതോടെ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. ഹൃതിക്ക് തനിക്കൊപ്പമില്ലാത്തൊരു ജീവിതം സങ്കൽപ്പിക്കാൻ പോലും പറ്റില്ലെന്ന് ഒരിക്കൽ സൂസൻ ഖാൻ പറയുകയുണ്ടായി. എന്നാൽ വർഷങ്ങൾ മുന്നോട്ട് പോകവെ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. വലിയ പ്രശ്നങ്ങളിലേക്ക് പോകാതെ രണ്ട് പേരും രമ്യമായി പിരിഞ്ഞു.

വേർപിരിഞ്ഞ ശേഷവും ഇവർ തമ്മിൽ തുടരുന്ന സൗഹൃദം പലർക്കും കൗതുകമാണ്. വിവാഹ മോചനത്തിന് ശേഷം സൂസൻ അർസ്ലൻ ഗോണി എന്ന നടനുമായി പ്രണയത്തിലാണ്. അർസ്ലൻ ഹൃതിക്കിന്റെ സുഹൃത്താണ്. ചില പാർട്ടികളിൽ ഇവർ ഒരുമിച്ച് കൂടാറുണ്ട്. പിറന്നാൾ ദിനത്തിലും മറ്റും ആശംസകളും അറിയിക്കുന്നു. മുൻ ഭാര്യയുടെ പങ്കാളിയുമായി ഹൃതിക്കിന് എങ്ങനെ സൗഹൃദത്തിലാകാൻ കഴിയുന്നു എന്ന് ചോദിക്കുന്നവരുമുണ്ട്.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അർസ്ലൻ ഗോണി. നിങ്ങൾ നല്ല വ്യക്തിയും മറ്റൊരാളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യുന്നുമില്ലെങ്കിൽ നിങ്ങളെ വെറുക്കേണ്ടതില്ല. ചില കാരണങ്ങളാൽ ആളുകൾക്ക് സത്യസന്ധരായിരിക്കാൻ പറ്റുന്നില്ല. വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും സത്യസന്ധരായിക്കാൻ എന്റെ അച്ഛനാണ് എന്നെ പഠിപ്പിച്ചത്. ഹൃതിക്കിനും തനിക്കും പരസ്പര ബഹുമാനമുണ്ടെന്ന് അർസ്ലൻ പറയുന്നു. തന്റെ സത്യസന്ധതയാണ് ആളുകൾക്ക് തന്നെ ഇഷ്ടമാകാൻ കാരണമെന്ന് കരുതുന്നെന്നും അർസ്ലൻ പറയുന്നു.

സൂസൻ ഖാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അർസ്ലൻ സംസാരിച്ചു. സൂസനെ പോലെ സ്നേഹമുള്ള ഒരു പങ്കാളിയെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് അർസ്ലൻ പറയുന്നു. ഒരു പ്രണയ ബന്ധത്തിൽ പരസ്പര ബഹുമാനം പ്രധാനമാണെന്നും അർസ്ലൻ ചൂണ്ടിക്കാട്ടി. ഹൃതിക് റോഷനുമായി വിവാഹ മോചനത്തെക്കുറിച്ച് നേരത്തെ സൂസൻ ഖാൻ സംസാരിച്ചിട്ടുണ്ട്. പരസ്പരം ഒരുമിച്ച് മുന്നോട്ട് പോകാത്തതാണ് നല്ലതെന്ന് തോന്നിയ ഒരു ഘട്ടത്തിലേക്ക് ഞങ്ങളെത്തി.
പരാജയപ്പെട്ട ഒരു ബന്ധത്തിൽ തുടരാൻ തനിക്ക് താൽപര്യമില്ലായിരുന്നെന്നും സൂസൻ പറഞ്ഞു. വിവാഹ മോചനത്തിന് ശേഷം ഹൃതിക് നടി സബ അസദുമായി പ്രണയത്തിലായി. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ എത്താറുണ്ട്. മക്കളുടെ കാര്യത്തിൽ ഹൃതിക്കും സൂസനും ഒരുപോലെ ശ്രദ്ധ നൽകുന്നു. വിവാഹ മോചനത്തിന് ശേഷം പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾക്ക് ഹൃതിക് റോഷനോ സൂസനോ തയ്യാറായിട്ടില്ല.


Click it and Unblock the Notifications