സ്വര ഭാസ്കർ ഗർഭിണി; 'പെട്ടെന്നുള്ള വിവാഹം എല്ലാം മറയ്ക്കാനായിരുന്നു'; പരിഹാസം
ബോളിവുഡിൽ ഇടയ്ക്കിടെ വിവാദത്തിലകപ്പെടുന്ന താരമാണ് സ്വര ഭാസ്കർ. കരിയർ ഗ്രാഫ് പരിശോധിച്ചാൽ നടിക്ക് ലഭിച്ച സിനിമകൾ കുറവാണ്. സഹനായിക വേഷങ്ങളിലാണ് കൂടുതലും സ്വരയെ കണ്ടിട്ടുള്ളത്. 2009 ൽ 'മധൊലാൽ കീപ്പ് വാക്കിംഗ്' എന്ന സിനിമയിലൂടെയാണ് സ്വര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സിനിമ പരാജയപ്പെട്ടു. 2011 ൽ പുറത്തിറങ്ങിയ 'തനു വെഡ്സ് മനു; എന്ന സിനിമയാണ് സ്വരയുടെ കരിയറിൽ വഴിത്തിരിവാകുന്നത്. നായിക കങ്കണയുടെ സുഹൃത്തിന്റെ വേഷമാണ് സ്വര ഈ സിനിമയിൽ ചെയ്തത്. കോമഡി രംഗങ്ങളിൽ സ്വര തകർത്തഭിനയിച്ചു.
പക്ഷെ കരിയറിൽ പ്രതീക്ഷിച്ച വളർച്ച പിന്നീടും സ്വരയ്ക്കുണ്ടായില്ല. ഒരു പരിധി വരെ സിനിമയ്ക്ക് പുറത്ത് നടിയുടെ പേരിലുണ്ടാവുന്ന വിവാദങ്ങൾ ഇതിന് കാരണമാണ്. പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ സ്വര ഭാസ്കർ അകപ്പെട്ടിട്ടുണ്ട്. സർക്കാർ നയങ്ങൾക്കെതിരെ തുറന്നടിക്കുന്ന സ്വര തന്റെ രാഷ്ട്രീയ ചായ്വ് തുറന്ന് പറയാനും മടിച്ചില്ല.
ബി ടൗണിൽ പൊതുവെ രാഷ്ട്രീയ നിലപാടെടുക്കുന്ന താരങ്ങൾ കുറവാണ്. പൊതുജന സ്വീകാര്യതയെ ബാധിക്കൽ, ഭരണാധികാരികളുടെ അനിഷ്ടത്തിനിടയാക്കൽ തുടങ്ങിയ പല പ്രശ്നങ്ങൾ മുന്നിൽ കണ്ടാണ് അഭിനേതാക്കൾ മൗനം പാലിക്കാറ്. എന്നാൽ സ്വര ഭാസ്കർ ഇതൊന്നും ഗൗനിച്ചില്ല.

സോഷ്യൽ മീഡിയയിൽ കടുത്ത സൈബറാക്രമണം സ്വരയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇതിന് തക്കതായ മറുപടി നൽകാനും സ്വര മടിക്കാറില്ല. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് സ്വര ഭാസ്കർ വിവാഹിതയായത്. സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദാണ് നടിയുടെ ഭർത്താവ്. വളരെ ലളിതമായാണ് വിവാഹം നടന്നത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്തെന്നാണ് സോഷ്യൽ മീഡിയയിലൂടെ സ്വര അറിയിച്ചത്. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവെച്ചു.
വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്കിപ്പുറം സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് സ്വര. താൻ അമ്മയാകാന്‍ പോവുന്നെന്ന വിവരമാണ് സ്വര സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ നിരവധി പേർ ആശംസകളുമായെത്തി. എന്നാൽ ചിലർ സ്വരയെ പരിഹസിച്ചു. വിവാഹം കഴിഞ്ഞിട്ട് നാല് മാസമായതേയുള്ളൂ. നടി നേരത്തെ ഗർഭിണിയാണെന്ന് ഫോട്ടോയിലെ വയർ കണ്ടാലറിയാം എന്ന് പറഞ്ഞാണ് ഒരു വിഭാഗം സ്വര ഭാസ്കറെ അധിക്ഷേപിച്ചത്.

വിവാഹത്തിന് മുമ്പ് ഗർഭിണിയാവുന്നതും പിന്നീട് പെട്ടെന്ന് വിവാഹം നടത്തുന്നതും ബോളിവുഡിൽ പതിവായെന്നും ചിലർ കമന്റ് ചെയ്തു. നേരത്തെ സമാന കുറ്റപ്പെടുത്തലുകൾ നടി ആലിയ ഭട്ടിനും കേൾക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് രൺബീർ കപൂറും ആലിയയും വിവാഹം ചെയ്തത്. നവംബർ മാസത്തിൽ ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു. രണ്ട് പേരും ലിവിംഗ് ടുഗെദറിലായിരുന്നു.
പരിഹാസ കമന്റുകളോട് സ്വര ഭാസ്കർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ ഇത്തരം സൈബറാക്രമണങ്ങൾക്ക് സ്വര തക്കതായ മറുപടി നൽകാറുണ്ട്. രണ്ട് വർഷം മുന്നേ താൻ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തയ്യാറാണെന്ന് സ്വര വ്യക്തമാക്കിയിരുന്നു. അന്ന് നടി വിവാഹിതയായിരുന്നില്ല. കുഞ്ഞിനെ ലഭിക്കാൻ മൂന്ന് വർഷം വരെ കാത്തിരിക്കാൻ തയ്യാറാണെന്നും മാതാപിതാക്കൾ തന്റെ തീരുമാനത്തെ പിന്തുണച്ചെന്നും അന്ന് നടി തുറന്ന് പറഞ്ഞു.
എന്നാൽ പിന്നീട് ഇത് സംബന്ധിച്ച പരാമർശമൊന്നും നടിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ചില്ലർ പാർട്ടി, ഔറംഗസേബ്, രാഞ്ജന, പ്രം രത്തൻ ധൻ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് സ്വര.
നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











