ഞങ്ങൾ പൊതുമുതൽ അല്ല; പാപ്പരാസികളോട് തപ്സി പന്നു
ബോളിവുഡിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ് തപ്സി പന്നു. മികച്ച സിനിമകൾ തെരഞ്ഞെടുത്ത് ചെയ്യുന്ന നടി ഇതിനകം ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ഇന്ന് ഔട്ട്സൈഡേഴ്സ് ഫിലിംസ് എന്ന സ്വന്തമായ പ്രൊഡക്ഷൻ കമ്പനിയും തപ്സിക്കുണ്ട്.
പിങ്ക്, ഥപ്പഡ്, മൻമറസിയാൻ തുടങ്ങി ജനപ്രിയമായ ഒരുപിടി സിനിമകളിൽ തപ്സി ഇതിനോടകം അഭിനയിച്ചു. ദൊബാരയാണ് തപ്സിയുടെ പുറത്തിറങ്ങാനുള്ള സിനിമ. നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധിക്കപ്പെട്ട ദൊബാര അനുരാഗ കശ്യപാണ് സംവിധാനം ചെയ്യുന്നത്. മൻമരസിയാന് ശേഷം തപ്സിയും അനുരാഗും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
കഴിഞ്ഞ ദിവസമാണ് പാപ്പരാസികളും തപസിയും തമ്മിൽ വാക്ക് തർക്കമുണ്ടായത്. രണ്ട് മണിക്കൂറുകളോളം കാത്തു നിന്ന ഫോട്ടോ ഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്യാതെ തപ്സി കടന്നു പോയതാണ് ഫോട്ടോഗ്രാഫർമാരെ പ്രകോപിപ്പിച്ചത്. തപ്സിയുടെ പിന്നാലെ പോയ ഇവരിൽ ഒരാൾ താരത്തോട് നിൽക്കാൻ ആവശ്യപ്പെട്ടു.
നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്ന് ചോദിച്ച് തപ്സി ഇവരോട് കയർത്തു. ഇത് വാക്ക് തർക്കത്തിലേക്ക് നയിച്ചു. ഇപ്പോൾ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് തപ്സി. സിനിമാ താരങ്ങൾ പൊതുമുതലാണെന്നാണ് ചിലർ ധരിച്ച് വെച്ചിരിക്കുന്നതെന്നും പബ്ലിക് ഫിഗറാവുന്നതും പൊതുമുതലാവുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും തപ്സി പറയുന്നു.

'ഇരുഭാഗത്തും ബഹുമാനം വേണമെന്ന് ഞാൻ കരുതുന്നു. ഞാൻ തമിഴിലും തെലുങ്കിലും ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ മൂന്ന് ഇൻഡസ്ട്രികളിലെയും പാപ്പരാസികളെയും കണ്ടിട്ടുണ്ട്. അതിൽ ഒരുപാട് പേർ എന്റെ സുഹൃത്തുക്കളാണ്. പക്ഷെ പബ്ലിക് ഫിഗറും പബ്ലിക് പ്രോപ്പർട്ടിയും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ടെന്ന് അവരിൽ ചിലർ മറക്കുന്നു'
'ചില സമയത്ത് അവർ സംസാരിക്കുന്ന ടോൺ നിങ്ങൾ കേൾക്കണം. ഞങ്ങൾക്കത് അപമാനകരമാണ്. ആ മാന്യൻ സംസാരിച്ചത് കേട്ടാൽ തോന്നും ഫോട്ടോ എടുക്കുന്നതിലൂടെ അയാൾ എനിക്കെന്തോ ഉപകാരം ചെയ്യുകയാണെന്ന്. അങ്ങനെ എന്റെ മാതാപിതാക്കൾ പോലും എന്നെ ശകാരിച്ചിട്ടില്ല,' തപ്സി പറഞ്ഞു.

സബാഷ് മിതുവാണ് തപ്സിയുടെ അവസാനം റിലീസ് ചെയ്ത സിനിമ. വനിതാ ക്രിക്കറ്റ് താരം മിതാലി രാജിനെ ആയിരുന്നു നടി സിനിമയിൽ അവതരിപ്പിച്ചത്. പ്രതീക്ഷിച്ച വിജയം തിയറ്ററിൽ നിന്നും ചിത്രം നേടിയിരുന്നില്ല. അതേസമയം കഴിഞ്ഞ ദിവസം ഒടിടിയിലിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട്. ഹസീൻ ദിൽറുബ, ലൂപ് ലപെട്ട, ഥപ്പഡ് തുടങ്ങിയവയാണ് തപ്സിയുടെ അടുത്ത കാലത്തിറങ്ങിയ സിനിമകൾ.
ദൊബാരയ്ക്ക് പുറമെ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ഡങ്കി, തപ്സിയുടെ തന്നെ ഔട്ട് സെെഡേഴ്സ് ഫിലിംസ് നിർമ്മിക്കുന്ന ബ്ലർ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.


Click it and Unblock the Notifications