ഗർഭിണിയല്ല; അതിനാൽ വിവാഹവും ഇല്ലെന്ന് തപ്സി; മറ്റു നടിമാരെ പരിഹസിച്ചതോയെന്ന് ചോദ്യം
ഏറെ നാളത്തെ പ്രയത്നത്തിനൊടുവിൽ ബോളിവുഡിൽ ഇന്ന് തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് തപ്സി പന്നു. തെന്നിന്ത്യൻ സിനിമകളിൽ ഭാഗ്യമില്ലാത്ത നായികയെന്ന് പേര് വന്ന തപ്സി ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ വിജയം നേടാനായി. പിങ്ക്, നാം ഷബാന, ഥപ്പഡ്, ഹസീൻ ദിൽറുബ, ബഡ്ല തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ തപ്സി അഭിനയിച്ചു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധാലുവാണ് തപ്സിയിന്ന്.
തനിക്ക് പ്രാധാന്യമില്ലാത്ത സിനിമകൾ നടി തെരഞ്ഞെടുക്കാറില്ല. സിനിമാ പാരമ്പര്യമില്ലാത്ത തപ്സിക്ക് ബോളിവുഡിന്റെ ഗ്ലാമറസ് ലോകത്തേക്ക് കടക്കുക എളുപ്പമായിരുന്നില്ല. നെപ്പോട്ടിസം കാരണം തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചും ലഭിച്ച അവസരങ്ങൾ താരപുത്രിമാർ കൈക്കലാക്കുന്നതിനെക്കുറിച്ചും തപ്സി മുമ്പ് സംസാരിച്ചിട്ടുണ്ട്.
തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത തപ്സി പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. അടുത്തിടെ പാപ്പരാസി മാധ്യമങ്ങളുമായുള്ള വഴക്ക് വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തപ്സി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിൽ വന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

ഞാൻ ഗർഭിണിയല്ല, അതുകൊണ്ട് ഉടനെയാെന്നും വിവാഹമില്ലെന്നാണ് തപ്സി തമാശയോടെ നൽകിയ മറുപടി. ബോളിവുഡിൽ ഇപ്പോൾ കണ്ടുവരുന്ന ട്രെൻഡിനെ പരിഹസിച്ചതാണോ നടി എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ആലിയ ഭട്ട്, സ്വര ഭാസ്കർ ഉൾപ്പെടെയുള്ള നടിമാർ ഗർഭിണിയായ ശേഷമാണ് വിവാഹത്തിലേക്ക് കടന്നതെന്നാണ് ബി ടൗണിലെ സംസാരം. എന്നാൽ താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആലിയ ഭട്ട് വിവാഹിതയായത്. പിന്നാലെ നടി അമ്മയുമായി. ലിവിംഗ് ടുഗെദറിൽ ആയിരുന്നു ആലിയയും രൺബീർ കപൂറും. പൊതുവെ വിദേശത്ത് വെച്ചാണ് മിക്ക താരങ്ങളും വിവാഹം ചെയ്യാറ്. എന്നാൽ ആലിയ സ്വന്തം വീട്ടിൽ വെച്ച് തന്നെയാണ് വിവാഹചടങ്ങുകൾ നടത്തിയത്. നടി ഗർഭിണിയായത് കൊണ്ടാണ് വീട്ടിൽ വെച്ച് തന്നെ വിവാഹം നടത്തിയെന്നാണ് ഗോസിപ്പുകൾ.

ബാഡ്മിന്റൺ പ്ലേയറായ മതിയാസ് ബോയുമായി പ്രണയത്തിലാണ് തപ്സി. ഇദ്ദേഹത്തിന്റെ ഒരു ഒരു ബാഡ്മിന്റൺ ഗെയിം കാണാനെത്തിയപ്പോഴാണ് തപ്സി മതിയാസിനെ കാണുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കെത്തി. പങ്കാളിയുൾപ്പെടെ തന്റെ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളിൽ മാതാപിതാക്കൾ സംതൃപ്തരാണെന്ന് മുമ്പൊരിക്കൽ തപ്സി പറഞ്ഞിട്ടുണ്ട്.
അടുത്തിടെയായി സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നില്ല. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിൽ ഇതേക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. ഞാൻ സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്ന കാലത്ത് ആളുകളുമായി കണക്ട് ചെയ്യാനും പോസിറ്റീവായ ആശയവിനിമയ അന്തരീക്ഷം ഉണ്ടാക്കാനുമായിരുന്നു അതുപയോഗിച്ചത്. പക്ഷെ പതിയെ ടോക്സിസിറ്റി വ്യാപിപ്പിക്കാനുള്ള ഇടമായി സോഷ്യൽ മീഡിയ മാറി. ആരെയെങ്കിലും ഇടിച്ച് താഴ്ത്താൻ വേണ്ടി കാത്തിരിക്കുകയാണ് ആളുകളെന്നും തപ്സി ചൂണ്ടിക്കാട്ടി.
ഈ വർഷം താനൊരുപാട് യാത്ര ചെയ്തിട്ടുണ്ട്. അടുത്ത യാത്രയ്ക്കുള്ള സ്ഥലം തീരുമാനിച്ചിട്ടില്ലെന്നും തപ്സി വ്യക്തമാക്കി. അടുത്തിടെയിറങ്ങിയ തപ്സിയുടെ മിക്ക സിനിമകളും പരാജയം ഏറ്റുവാങ്ങുകയാണുണ്ടായത്. ബ്ലർ, രശ്മി റോക്കറ്റ്, ദൊബാര ഉൾപ്പെടെയുള്ള സിനിമകൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഡങ്കിയാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം. ഷാരൂഖ് ഖാനാണ് സിനിമയിലെ നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല.
രാജ്കുമാർ ഹിരാനിയാണ് സിനിമയുടെ സംവിധായകൻ. ഷാരൂഖ് ഖാനും തപ്സിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ഡങ്കി. ഷാരൂഖ് ആരാധകർക്ക് ഏറെ പ്രതീക്ഷ ഈ സിനിമയിലുണ്ട്. ജവാനാണ് ഷാരൂഖിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ.


Click it and Unblock the Notifications











