'മര്യാദയ്ക്ക് സംസാരിക്കണം'; തപ്സിയെ തടഞ്ഞ് പാപ്പരാസികൾ; തർക്കം
ബോളിവുഡ് നടി തപ്സി പന്നുവിന്റെ പുതിയ ചിത്രം ദൊബാര റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 19 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഇതിനകം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലുൾപ്പെടെ ശ്രദ്ധ നേടിയിട്ടുണ്ട്. അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ സംവിധായകൻ. മൻമരസിയാന് ശേഷം അനുരാഗ്-താപ്സി കൂട്ടുകെട്ടിൽ വരുന്ന സിനിമ കൂടിയാണ് ദൊബാര. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് താപ്സി.

ഇപ്പോഴിതാ ഒരു പരിപാടിക്കിടെ തപ്സിയും പാപ്പരാസികളും തമ്മിൽ വാക്കേറ്റം ഉണ്ടായിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ തപ്സി ഫോട്ടോയ്ക്കായി നിൽക്കാതെ വേദിയിലേക്ക് പോവാൻ നോക്കിയതാണ് പാപ്പരാസികളെ ചൊടിപ്പിച്ചത്.തപ്സി മാഡം നിൽക്കൂ എന്ന് മാധ്യമപ്രവർത്തകർ വിളിച്ചെങ്കിലും നടി ഇത് ചെവിക്കൊണ്ടില്ല. നേരെ ഹാളിനുള്ളിലേക്ക് കടന്നു.
ഇതോടെ ഇവർ പിന്നാലെ കൂടി. മാഡം നിൽക്കൂ, രണ്ട് മണിക്കൂറായി ഞങ്ങൾ കാത്തിരിക്കുന്നെന്ന് പറഞ്ഞ് തപ്സിയെ ഇവർ തടഞ്ഞു. ഇതോടെ തപ്സി ദേഷ്യപ്പെട്ടു. എന്തിനനാണ് ഒച്ചയിടുന്നത്? ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് തപ്സി ചോദിച്ചു.

' എന്നോട് എന്ത് ചെയ്യാൻ പറഞ്ഞോ അതാണ് ഞാൻ ചെയ്യുന്നത്. ദയവായി എന്നോട് മര്യാദയ്ക്ക് സംസാരിക്കണം. ഞാനെന്റെ ജോലിയാണ് ചെയ്യുന്നത്. എവിടെ വരാൻ പറഞ്ഞോ അവിടെ ഞാൻ വന്നു. നിങ്ങളെന്നോട് ബഹുമാനത്തോടെ സംസാരിക്കും. ഞാനും നിങ്ങളോട് ബഹുമാനത്തിൽ സംസാരിക്കും,' തപ്സി പറഞ്ഞു.

ഞാൻ മര്യാദയ്ക്കാണ് സംസാരിച്ചതെന്ന് ഒരു ഫോട്ടോഗ്രാഫർ പറഞ്ഞപ്പോൾ തപ്സി ഇത് സമ്മതിച്ചില്ല. ക്യാമറ എന്റെ നേരയാണുള്ളത്. നിങ്ങളുടെ നേരെയായിരുന്നെങ്കിൽ എങ്ങനെയാണ് സംസാരിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലാവുമായിരുന്നു. ഒടുവിൽ തർക്കം നീണ്ടു പോയതോടെ തപ്സി കൈ കൂപ്പി ഒഴിഞ്ഞു മാറി. എപ്പോഴും നിങ്ങളാണ് ശരി, തെറ്റ് എപ്പോഴും അഭിനേതാവിന്റേതായിരിക്കുമെന്നും തപ്സി പറഞ്ഞു.
ബോളിവുഡ് താരങ്ങളുടെ പിന്നാലെയുള്ള പാപ്പരാസി മാധ്യമങ്ങൾ തങ്ങൾക്ക് ബുദ്ധിമുട്ടാവാറുണ്ടെന്ന് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. നിരന്തരം തന്റെ ഗർഭ വാർത്തകൾ വരുന്നതിനെതിരെ നടി ആലിയ ഭട്ടും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
Recommended Video

സബാഷ് മിതു ആണ് തപ്സിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അടുത്തിടെ വിരമിച്ച ക്രിക്കറ്റ് താരം മിതാലി രാജിനെയായിരുന്നു തപ്സി സിനിമയിൽ അവതരിപ്പിച്ചത്. ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയമായിരുന്നില്ല. ബ്ലർ, ഡങ്കി, തുടങ്ങിയവയാണ് നടിയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ.
രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കിയിൽ ഷാരൂഖ് ഖാനാണ് നായകൻ. തപ്സിയുടെ പ്രൊഡക്ഷൻ ഹൗസായ ഔട്ട്സൈഡേഴ്സ് ഫിലിംസ് ആണ് മിസ്റ്ററി ത്രില്ലറായ ബ്ലർ നിർമ്മിക്കുന്നത്. അടുത്തിടെ ഇറങ്ങിയ തപ്സിയുടെ സിനിമകളിൽ ഹസീൻ ദിൽറുബ, ഥപ്പഡ് എന്നീ സിനിമകളാണ് ശ്രദ്ധിക്കപ്പെട്ടത്.


Click it and Unblock the Notifications











