വിവാഹിതയാണെന്ന് പലപ്പോഴും ഞാൻ മറന്നുപോകുന്നു, ആ ഒരു ഭാരം ഇതുവരെ തോന്നിയിട്ടില്ല; ഭർത്താവിനെ കുറിച്ച് താപ്സി!
ശക്തമായ ദാമ്പത്യത്തിന് വിജയ രഹസ്യങ്ങളില്ല. മറിച്ച് പരസ്പരം മനസിലാക്കി മുന്നോട്ട് പോയാൽ മതി. ഇത്ര സിംപിളാണോ കാര്യമെന്ന് ചിന്തിക്കും മുമ്പ് ഒരു കാര്യം കൂടി പറയട്ടെ... പങ്കാളിയെ മനസിലാക്കി സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകുന്നത് ചില്ലറക്കാര്യമല്ല. സന്തോഷം, സമയം, പരസ്പര ബഹുമാനം തുടങ്ങി നിരവധി ഘടകങ്ങൾ കൂടി അതിലേക്ക് ചേർക്കേണ്ടതുണ്ട്.
കോടാനുകോടി മനുഷ്യർക്കിടയിൽ നിന്ന് തന്റെ താൽപര്യങ്ങളുമായി ഒത്തുപോകുന്ന ഒരാളെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. തിരഞ്ഞെടുപ്പ് പിഴച്ചാലോയെന്ന് കരുതി വിവാഹം എന്നതിലേക്ക് കടക്കാൻ മടിക്കുന്ന ഒരു വലിയ ശതമാനം ആളുകളും നമുക്കിടയിലുണ്ട്. അതേസമയം വർഷങ്ങളായി വിജയകരമായ ദാമ്പത്യം നയിക്കുന്ന നിരവധി ആളുകളും സമൂഹത്തിലുണ്ട്.

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നടി താപ്സി പന്നു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹിതയാണെന്ന് താൻ പലപ്പോഴും മറന്നുപോകുമെന്ന് നടി പറയുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തന്റെ ജീവിത പങ്കാളിയായി മാതിയസ് ബോയെ തന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തുവെന്നും താപ്സി വെളിപ്പെടുത്തി.
വലിയ പ്രകടനങ്ങളോ ആഡംബരങ്ങളോ അല്ല മറിച്ച് പൊരുത്തവും വൈകാരികമായ അടുപ്പത്തിനും മാത്രമാണ് മുൻഗണന നൽകിയതെന്ന് നടി പറഞ്ഞു. ദാമ്പത്യ ജീവിതത്തിന്റെ ഭാരമെന്നൊന്നും അദ്ദേഹം എനിക്ക് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. വിവാഹത്തിന് ശേഷവും ഒന്നും വലുതായി മാറിയതായി തോന്നുന്നില്ല. മാത്രമല്ല ഞാൻ വിവാഹിതയാണെന്ന് പലപ്പോഴും മറന്നുപോകുന്നു എന്ന് താപ്സി പറഞ്ഞു.
വിവാഹത്തിന് മുമ്പ് താപ്സി വെച്ച ഏക നിബന്ധന മുമ്പുണ്ടായിരുന്ന പോലെ തന്നെ എല്ലാം തുടരണമെന്നതാണ്. രാജ്യങ്ങൾ വ്യത്യസ്തമായിരുന്നാലും ഏറ്റവും ആകർഷിച്ചത് ബന്ധത്തിൽ സമ്മർദ്ദമോ നിർബന്ധമോ ഇല്ലാത്തതാണെന്നും നടി കൂട്ടിച്ചേർത്തു. രസകരമായ മറ്റൊരു കാര്യം ഈ ബന്ധം തുടക്കത്തിൽ ഇരുവർക്കും ഇടയിൽ അത്ര ഗൗരവകരമായിരുന്നില്ല എന്നതാണ്.
ദീർഘകാല സാധ്യതയിൽ ഉറപ്പായതിന് ശേഷമാണ് ഇരുവരും കൂടുതൽ ആഴത്തിൽ ബന്ധത്തിൽ ഏർപ്പെട്ടത്. ഒരു വിദേശിയെ പ്രണയിച്ച് ഇന്ത്യയിലേക്ക് എത്തിക്കാൻ താൻ മുൻകൂട്ടി പദ്ധതികൾ ഇട്ടിരുന്നുവെന്നും താപ്‌സി പറഞ്ഞു. 2023ലാണ് ഇവർ വിവാഹിതരായത്. എന്നാൽ അതിന് മുമ്പ് പരസ്പര ബോധ്യവും ചിന്താപരമായ തീരുമാനവുമുണ്ടായിരുന്നു. ബാഡ്മിന്റണ്‍ താരമാണ് ഡെൻമാർക്കുകാരനായ മാതിയസ് ബോ.

ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. ശേഷമാണ് വിവാഹിതരായത്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡിലെ തന്റെ ആദ്യ ചിത്രം ചാഷ്‌മേ ബദ്ദൂര്‍ ചെയ്ത വര്‍ഷത്തിലാണ് മാതിയസ് ബോയെ കണ്ടുമുട്ടിയതെന്ന് താപ്‌സി വെളിപ്പെടുത്തിയിരുന്നു.
സിനിമയിൽ നിന്നുള്ള വ്യക്തിയെ വിവാഹം ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നതായി മുമ്പ് നടി പറഞ്ഞിട്ടുണ്ട്. മാതിയസ് ബോ ഒരു സെല്ഫ് മെയ്ഡ് പേഴ്സണാണ്. എന്നെ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളാണ്. അത് തന്നെയാണ് എനിക്ക് അദ്ദേഹത്തിൽ ഇഷ്ടപ്പെട്ടത്. എല്ലാ കാര്യങ്ങളും പരസ്പരം പറയാറുണ്ട്. ബാഡ്മിന്റൺ കാര്യങ്ങൾ എന്നോടും തിരിച്ച് സിനിമയെ കുറിച്ച് അദ്ദേഹത്തോടും പറയാറുണ്ട്.
നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ രണ്ടുപേരും പരസ്പരം അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. സിനിമയിൽ നിന്നും ഒരാളെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല. സിനിമ കഴിഞ്ഞ് പാക്ക് അപ്പ് പറഞ്ഞ് വീട്ടിലെത്തിയാൽ പിന്നെയുള്ള സംഭാഷണങ്ങളിൽ സിനിമ വരുന്നത് ആലോചിക്കാൻ പോലും കഴിയില്ല എന്നായിരുന്നു ഇന്റസ്ട്രിയിൽ നിന്നും പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കാത്തതിന്റെ കാരണമായി നടി പറഞ്ഞത്.


Click it and Unblock the Notifications

















