'മുൻ നിര നായികമാരുടെ പേര് പറയുമ്പോൾ ഇപ്പോഴും ഞാനില്ല'; എന്തുകൊണ്ടാണെന്ന് താപ്സി
ബോളിവുഡിൽ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്റെതായ ഒരിടം നേടിയെടുത്ത താരമാണ് താപ്സി പന്നു. സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്ടീവായ നടി ഇതിനകം ഒരുപിടി മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. വമ്പൻ പ്രൊഡക്ഷൻ കമ്പനികളുടെ ബിഗ് ബജറ്റ് സിനിമകൾക്ക് പകരം ചെറിയ ബജറ്റ് ചിത്രങ്ങളിൽ ശക്തമായ വേഷം അവതരിപ്പിക്കുകയും നടിയെന്ന രീതിയിൽ അടയാളപ്പെടുത്തുന്നതുമാണ് താപ്സിയുടെ രീതി.
ഥപ്പഡ്, മൻമരസിയാൻ, ബഡ്ല, പിങ്ക്, നാ ഷബാന, രശ്മി റോക്കറ്റ് തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങളിൽ താപ്സി അഭിനയിച്ചു. ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സബാഷ് മിതുവാണ് താപ്സിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ആക്ഷൻ, കായിക രംഗങ്ങളിൽ തിളങ്ങുന്ന താപ്സിയുടെ ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കുള്ളത്.

അതേസമയം കരിയറിൽ മികച്ച സിനിമകളിൽ വേഷമിടുമ്പോഴും ഒരു മുൻനിര നായിക നടിയായി താൻ ഇപ്പോഴും പരിഗണിക്കപ്പെടുന്നില്ലെന്നാണ് താപ്സി പറയുന്നത്. താനിപ്പോഴും പുറത്തു നിന്നുള്ളയാളാണ് തോന്നുന്നതെന്നും തപ്സി പറയുന്നു. ഒരു സാധാരണക്കാരനോട് ഇൻഡസ്ട്രിയിലെ മൂന്ന് മുൻ നിര നടിമാരുടെ പേര് പറയാൻ പറഞ്ഞാൽ എനിക്ക് തോന്നുന്നില്ല ഞാനതിൽ ഉണ്ടാവുമെന്ന്. പക്ഷെ സിനിമയിലെ നമ്പർ ഗെയിം അറിയാവുന്ന ഒരാൾക്ക് എന്നെ പരിചിതമായിരിക്കും. നടിയെന്ന നിലയിൽ തന്നിൽ നിക്ഷേപിക്കുന്ന പണത്തിന് ഗ്യാരണ്ടിയുണ്ടെന്ന് ഇവർക്കറിയാമെന്നും താപ്സി പറയുന്നു.
കരിയറിന്റെ തുടക്കം മുതൽ തന്നെ സിനിമാ മേഖലയുള്ളവർ ഒരു എതിരാളിയായി കണ്ടിരുന്നില്ലെന്നും ഒരു പക്ഷെ അതുകൊണ്ടായിരിക്കാം തനിക്ക് ഇവിടം വരെ എത്താനായതെന്നും താപ്സി പറയുന്നു. നടിയെന്ന നിലയിൽ ചില മോശം ദിവസങ്ങളുണ്ടാവും. ജനങ്ങളുടെ മനസ്സിൽ ഞാനില്ലേ എന്നോർത്ത് ആശങ്കപ്പെടും. അത് സാധാരണയാണെന്നും താപ്സി തുറന്നു പറഞ്ഞു. ചെയ്യുന്ന ജോലിക്ക് അംഗീകാരം കിട്ടാതാവുമ്പോൾ നിരാശ തോന്നിയിട്ടുണ്ടെന്നും താപ്സി പറഞ്ഞു.

ബോളിവുഡിലെ സ്വജനപക്ഷ പാതം തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് താപ്സി പന്നു നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഓഫർ വന്ന് അഭിനയിക്കാനിരുന്ന സിനിമകൾ അവസാന നിമിഷം ഏതെങ്കിലും സിനിമാ കുടുംബത്തിലെ നടിമാർ കൊണ്ടു പോവുന്നത് കണ്ടിട്ടുണ്ടെന്നും അത് വളരെ വിഷമകരമായ അവസ്ഥയാണെന്നും നടി മുമ്പൊരിക്കൽ അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

പ്രമുഖ പ്രൊഡക്ഷൻ ഹൗസുകൾ തന്നെ നായികയാക്കാൻ മടിക്കുന്നു. മാഗസിനുകളുടെ കവർ പേജായി വരാൻ താൻ യോഗ്യയല്ലെന്ന് കരുതുന്നവരുണ്ട്. ഒരു ഫിലിം ക്രിട്ടിക്കായ താങ്കൾ എന്റെ അഭിമുഖമെടുക്കാൻ സിനിമയിലെത്തി അഞ്ച് വർഷം കഴിയേണ്ടി വന്നെന്നും അനുപമ ചോപ്രയോട് താപ്സി ചൂണ്ടിക്കാട്ടിയിരുന്നു. ശ്രിജിത്ത് മുഖർജിയാണ് പുതിയ ചിത്രം സബാഷ് മിതു സംവിധാനം ചെയ്യുന്നത്. മുംതാസ് സൊർകർ, വിജയ് ദാസ്, ബ്രിജേന്ദ്ര കാല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജൂലൈ 15 നാണ് സിനിമ റിലീസ് ചെയ്യുന്നത്.
Recommended Video
ലൂപ് ലപെട്ട, ഹസീൻ ദിൽറുബ, രശ്മി റോക്കറ്റ് എന്നിവയാണ് താപ്സിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. മൂന്ന് ചിത്രങ്ങൾക്കും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് താപ്സി സബാഷ് മുതുവിനെ കാണുന്നത്.


Click it and Unblock the Notifications