ഹിന്ദിയിലും 'ദൃശ്യം'എത്തും, തബു പോലീസാകും
ജിത്തു ജോസഫിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം തമിഴിലും കന്നടയിലും മാത്രമല്ല ഹിന്ദിയിലും ചിത്രീകരിക്കാന്‍ പോകുകയാണ്. തമിഴില്‍ കമലഹാസനും ഗൗതമിയുമാണ് മലയാളത്തിലെ മോഹന്‍ലാലിന്റെയും മീനയുടെയും വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതു ബോളിവുഡിലേക്ക് എത്തുമ്പോള്‍ അവിടെ നായകനാകുന്നത് അജയ് ദേവഗണ്‍ ആണ്. എന്നാല്‍ നായിക ആരാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അപ്പോള്‍ തബു ചിത്രത്തില്‍ ആരായിരിക്കും. നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. മലയാളത്തിലും തമിഴിലും കന്നടയിലും നടി ആശാ ശരത്ത് അവതരിപ്പിച്ച ഐജിയുടെ വേഷമാണ് തബു അവതരിപ്പിക്കുന്നത്. ദൃശ്യത്തിലെ ആശാ ശരത്തിന്റെ പോലീസ് ഉദ്യേഗസ്ഥയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടൊരു വേഷമായിരുന്നു. ആശയ്ക്ക് ഒട്ടേറെ അവാര്‍ഡുകള്‍ നേടികൊടുത്ത ഒരു കഥാപാത്രം കൂടിയായിരുന്നു. എന്തുകൊണ്ടും ആ വേഷം ഇണങ്ങുന്ന ഒരു താരം തന്നെയാണ് തബു.

ഇതിനുമുന്‍പും തബു പോലീസ് ഓഫീസറുടെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. ഹെയ്ദര്‍ എന്ന ചിത്രത്തില്‍ ഷാഹിദ് കപ്പൂറിന്റെ അമ്മയുടെ വേഷത്തിലാണ് തബു അവസാനമായി ബോളിവുഡില്‍ എത്തിയത്. അതിനുശേഷമാണ് വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തബു ഏറ്റെടുത്തിരിക്കുന്നത്.
നിഷികാന്ത് കമത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം തന്നെ ആരംഭിക്കുന്നതാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പേരും തീരുമാനിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications