തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയച്ച് നാനാ പടേക്കറും വിവേക് അഗ്നിഹോത്രിയും! നടിയുടെ പ്രതികരണമിങ്ങനെ!
ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു അടുത്തിടെ തനുശ്രീ ദത്ത നടത്തിയിരുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നാനാ പടേക്കറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നടി എത്തിയിരുന്നത്. ബോളിവുഡില്‍ മീടു ക്യാംപയിനിംഗിന് പിന്നാലെയായിരുന്നു തനുശ്രിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത് . ബോളിവുഡിലെ മറ്റൊരു സംവിധായകനെതിരെയും തനുശ്രീ ഇത്തരത്തില്‍
ആരോപണങ്ങളുമായി എത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ മോശം അനുഭവം ഒന്നുകൂടി ആവര്‍ത്തിച്ചായിരുന്നു നടി എത്തിയിരുന്നത്. ഇക്കാര്യം ഇരുവരും നിഷേധിച്ചെങ്കിലും തനുശ്രിയെ പിന്തുണച്ച് ബോളിവുഡിലെ യുവതാരങ്ങളെല്ലാം നേരത്തെ രംഗത്തത്തിയിരുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ തനുശ്രീക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് നാനാ പടേക്കര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ തനുശ്രീയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നാന പടേക്കറും സംവിധായകനായ വിവേക് മല്‍ഹോത്രയും.

തനുശ്രീക്ക് വക്കീല്‍ നോട്ടീസ്
തങ്ങള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പറഞ്ഞതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാനാ പടേക്കറും വിവേക് മല്‍ഹോത്രയും തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ബോളിവുഡിനെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ച ആരോപണങ്ങളായിരുന്നു ഇവര്‍ക്കെതിരെ നേരത്തെ നടി നടത്തിയിരുന്നത്. നാനാ പടേക്കറിനെതിരെ തുറന്നടിച്ച തനുശ്രീ പിന്നീടായിരുന്നു വിവേക് അഗ്നിഹോത്രിയ്‌ക്കെതിരെയും രംഗത്തുവന്നിരുന്നത്. ഇരുവരും വക്കീല്‍ നോട്ടീസ് അയച്ചതായുളള കാര്യം തനുശ്രീ തന്നെയായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്.

തനുശ്രീ പറഞ്ഞത്
എനിക്ക് രണ്ട് വക്കീല്‍ നോട്ടീസുകള്‍ ഇന്ന് ലഭിച്ചു. ഒന്ന് നാനാ പടേക്കറില്‍ നിന്നും മറ്റൊന്ന് വിവേക് അഗ്നിഹോത്രിയില്‍ നിന്നും. നമ്മുടെ രാജ്യത്ത് പീഡനത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തുന്നതിന് നിങ്ങള്‍ നല്‍കേണ്ട വിലയാണിത്. പൊതു ഇടങ്ങളിലെല്ലാം എനിക്കെതിരെ നുണപ്രചരണങ്ങള്‍ നടത്തുകയാണ് ഇരുവരും ചെയ്യുന്നത്. ഇവരെ പിന്തുണയ്ക്കുന്നവരും എനിക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്,തനുശ്രീ പറഞ്ഞു.

വിവാദം കത്തുന്നു
2008ല്‍ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ മോശം അനുഭവമായിരുന്നു തനുശ്രീ വെളിപ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി പറഞ്ഞിരുന്നു. ഇതിനു ശേഷം ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നോട് വസ്ത്രമഴിക്കാന്‍ വിവേക് അഗ്നിഹോത്രി ആവശ്യപ്പെട്ടതായും നടി പറഞ്ഞിരുന്നു,

പിന്തുണ
തനുശ്രീയെ പിന്തുണച്ച് ബോളിവുഡിലെ യുവതാരങ്ങളെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. സോനം കപൂര്‍,പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍,ട്വിങ്കിള്‍ ഖന്ന തുടങ്ങിയവരായിരുന്നു നേരത്തെ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്. തനുശ്രിയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ നേരത്തെ തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടായിരുന്നു താരങ്ങളെല്ലാം തന്നെ നടിക്ക് പിന്തുണയുമായി എത്തിയിരുന്നത്.

നാന പടേക്കര്‍ പറഞ്ഞത്
ഒരു സ്വകാര്യ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു തനുശ്രീ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് നാനാ പടേക്കര്‍ എത്തിയിരുന്നത്. നൂറോളം പേരുടെ മുന്നില്‍ വെച്ച് താന്‍ എന്തു പീഡനം നടത്താനാണെന്നും ഇവര്‍ക്കൊക്കെ ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടതെന്നും ആയിരുന്നു നാനാ പടേക്കര്‍ പ്രതികരിച്ചിരുന്നത്. നടിയുടെ പരാമര്‍ശത്തിനെതിരെ നിയമപരമായി നേരിടുമെന്നും നാനാ പടേക്കര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications