നാനാ പടേക്കറിനെ വിടാതെ തനുശ്രീ ദത്ത! നടനെതിരെ പുതിയ പരാതി മുംബൈ പോലീസിന് നല്‍കും!
നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു ശേഷമായിരുന്നു മീടു ക്യാംപെയ്ന്‍ ഇന്ത്യയില്‍ വീണ്ടും സജീവമായിരുന്നത്. നാനാ പടേക്കറിനെതിരായ തനുശ്രീയുടെ വെളിപ്പെടുത്തല്‍ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ആഷിഖ് ബനായാ അപ്‌നേ എന്ന ചിത്രത്തിലൂടെ തുടക്കംകുറിച്ച തനുശ്രീ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട മോശം അനുഭവമായിരുന്നു വെളിപ്പെടുത്തിയിരുന്നത്.
തനുശ്രീയുടെ അരോപണങ്ങള്‍ നിഷേധിച്ച് നാനാ പടേക്കര്‍ എത്തിയെങ്കിലും നടി പറഞ്ഞ കാര്യത്തില്‍ തന്നെ ഉറച്ചുനിന്നിരുന്നു. വെളിപ്പെടുത്തലിനു ശേഷം തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് നടി ഇങ്ങനെ വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്ന സംസാരവും ഉണ്ടായി. എന്നാല്‍ ഈ ആരോപണം നിഷേധിച്ച തനുശ്രീ ഇപ്പോള്‍ നാനാ പടേക്കറിനെതിരെ വീണ്ടും പരാതി നല്‍കുവാനുളള തയ്യാറെടുപ്പുകളിലാണുളളത്.

മീടു വിവാദങ്ങള്‍
സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിപ്പിച്ച വെളിപ്പെടുത്തലുകളായിരുന്നു അടുത്തിടെ നടിമാര്‍ നടത്തിയിരുന്നത്. ഹോളിവുഡില്‍ രൂപം കൊണ്ട മീടു ക്യാപയന്‍ ഇന്ത്യയില്‍ വീണ്ടും സജീവമായത് അടുത്തിടെയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും ചാനല്‍ അഭിമുഖങ്ങളിലൂടെയുമായിരുന്നു സമൂഹത്തില്‍ മാന്യമാരെന്ന് നടിക്കുന്നവര്‍ക്കെതിരെ നടിമാര്‍ തുറന്നടിച്ചിരുന്നത്. സിനിമാ മേഖലയില്‍ ആരും പ്രതീക്ഷാതിരുന്ന ആളുകള്‍ക്കെതിരെയായിരുന്നു ആരോപണങ്ങള്‍ വന്നിരുന്നത്. തനുശ്രീയുടെ വെളിപ്പെടുത്തലിനു ശേഷം ഇന്ത്യയില്‍ മീടു മൂവ്‌മെന്റെ കത്തിക്കയറുകയാണ് ചെയ്തിരുന്നത്. മാധ്യമങ്ങളും വലിയ പ്രാധാന്യമായിരുന്നു ഇതിനെല്ലാം നല്‍കിയിരുന്നത്.

പരാതിയുമായി വീണ്ടും തനുശ്രീ
നാനാ പടേക്കറിനെതിരെ തനുശീ ദത്ത വീണ്ടും പുതിയ പരാതികള്‍ കൂടി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. 40 പേജുളള പരാതിയാണ് ഇത്തവണ നടി മൂംബൈ പോലീസിനും സംസ്ഥാന വനിതാ കമ്മീഷനും നല്‍കുന്നത്. 2008ല്‍ നടനെതിരെ ഗോരേഗാവ് പോലീസില്‍ നല്‍കിയ പരാതിയുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പരാതി നല്‍കുന്നത്. 2008ല്‍ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു തനുശ്രീയോട് നാനാ പടേക്കര്‍ മോശമായി പെരുമാറിയിരുന്നത്.

സെറ്റില്‍ നിന്നിറങ്ങി പോയി
തന്നെ ലൈംഗികമായി ചൂഷണം ചെയ്തത് നാനാ പടേക്കറാണെന്ന് രണ്ടാഴ്ച മുന്‍പായിരുന്നു നടി പറഞ്ഞിരുന്നത്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. സംവിധായകന്‍ വിവേക് അഗ്നിഹോത്രിയ്‌ക്കെതിരെയും നടി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പടേക്കറുമായി അടുത്തിടപഴകി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുയും വസ്ത്രം ഉരിയാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തിരുന്നത്. ഇതോടെ തനുശ്രീ കാറില്‍ നിന്നിറങ്ങി പോവുകയായിരുന്നു.

കാര് ആക്രമിച്ചത്
തുടര്‍ന്ന് നടിയുടെ കാര്‍ നാനാ പടേക്കറിന്റെ ആളുകള്‍ ആക്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ഇതേ വെളിപ്പെടുത്തല്‍ തന്നെയായിരുന്നു നടി വീണ്ടും ആവര്‍ത്തിച്ചിരുന്നത്. ഇതിനു പിന്നാലെ പടേക്കറും വിവേകും നടിക്ക് വക്കീല്‍ നോട്ടീസയച്ചിരുന്നു. എന്നാല്‍ ബോളിവുഡിലെ യുവതാരങ്ങളുടെ പിന്തുണ ലഭിച്ചിരുന്നത് തനുശ്രീക്കായിരുന്നു. തുടര്‍ന്നാണ് നടി പോലീസ് കേസ് നല്‍കിയിരുന്നത്.


Click it and Unblock the Notifications